
ഗീതാദര്‍ശനം - 302
Posted on: 09 Aug 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
കിം പുനര്‍ബ്രാഹ്മണാഃ പുണ്യാഃ
ഭക്താ രാജര്‍ഷയസ്തഥാ
അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വ മാം
പുണ്യാത്മാക്കളായ ബ്രാഹ്മണരുടെയും അതുപോലെ ഭക്തരായ രാജര്‍ഷികളുടെയും (കാര്യം) പിന്നെ പറയാനുണ്ടോ? നശ്വരവും അസുഖകരവുമായ ഈ ലോകത്തില്‍ വന്ന സ്ഥിതിക്ക് എന്നെ ഭജിച്ചുകൊള്ളുക.
ദുരാചാരന്‍മാര്‍ക്കെന്നല്ല നീചകുലത്തില്‍ ജനിച്ചവര്‍ക്കുപോലും പരമാത്മഭക്തിയിലൂടെ പരമശാന്തിയടയാം എന്നു വരുമ്പോള്‍ സദ്‌വൃത്തരായ ബ്രഹ്മജ്ഞാനികളുടെയും ഭക്തരായ രാജര്‍ഷികളുടെയുമൊക്കെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു തരം ആളായാലും ഒന്നേ ചെയ്യേണ്ടൂ. പരമാത്മാവിനെ ഏകാഗ്രമായി ഉപാസിച്ചോളുക. 'എന്തായാലും അഴുക്കും ഒഴുക്കുമുള്ള വെള്ളത്തില്‍ വീണിരിക്കയായതിനാല്‍ ഇനി നീന്തിക്കൊള്‍ക!'
എന്നു പറയുന്ന ലാഘവത്തോടെയാണ് ഈ നിര്‍ദേശം. നീന്താന്‍ മടിച്ചാല്‍ എന്തുണ്ടാകുമെന്ന് നേരത്തേ പറഞ്ഞിട്ടുമുണ്ട് - മുങ്ങിപ്പോവും, നശിക്കും. നീന്തിപ്പഠിക്കാനും ആ പഠിത്തംകൊണ്ട് കരകയറാനുമുള്ള സുവര്‍ണാവസരമാണ് വെള്ളത്തിലേക്കുണ്ടായ ഈ വീഴ്ച എന്നാണ് കരുണാര്‍ദ്രമായ മന്ദഹാസം.
നശ്വരമായ മനുഷ്യജന്മം ദുഃഖകരമാണെന്നു പറയുന്നത് പരമാത്മസായുജ്യമെന്ന നിത്യാനന്ദാവസ്ഥയോട് താരതമ്യം ചെയ്താണ്. അല്ലാതെ, മനുഷ്യജന്മത്തെ ഇകഴ്ത്താനല്ല. ആത്മാവബോധത്തിന് അരങ്ങൊരുക്കിത്തരുന്ന മാനവജന്മം പുണ്യം തന്നെ.
(തുടരും)





