githadharsanam

ഗീതാദര്‍ശനം - 300

Posted on: 07 Aug 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം


ക്ഷിപ്രം ഭവതി ധര്‍മാത്മാ
ശശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്തഃ പ്രണശ്യതി

(അവന്‍) വേഗം ധര്‍മാത്മാവായി ഭവിക്കുന്നു, ശാശ്വതമായ ശാന്തിയെ പ്രാപിക്കയും ചെയ്യുന്നു. അല്ലയോ കുന്തീപുത്രാ, എന്റെ ഭക്തന്‍ (ഒരിക്കലും) നശിക്കില്ല എന്ന് (സംശയരഹിതമായി) ഉറപ്പിച്ചുകൊള്ളുക.

ആര്‍ക്കാണോ ധര്‍മംതന്നെ ആത്മാവായി ത്തീര്‍ന്നിരിക്കുന്നത് അവനാണ് ധര്‍മാത്മാവ് ('ധര്‍മ ഏവ ആത്മായസ്യ'). ഈശാവാസ്യ ഉപനിഷത്തില്‍ 'സത്യധര്‍മന്‍' എന്നു പറഞ്ഞതും ഇയാളെപ്പറ്റിയാണെന്ന് നിത്യചൈതന്യയതി ഓര്‍മിപ്പിക്കുന്നു. പ്രപഞ്ചജീവനുവേണ്ടി യജ്ഞഭാവനയോടെ ആചരിക്കുന്നതെന്തോ അതാണ് ധര്‍മം. അതുതന്നെ തന്റെ ആത്മാവായിത്തീര്‍ന്ന ആള്‍, വാസനകളെയും സങ്കല്പപ്രഭവങ്ങളായ എല്ലാ ആര്‍ത്തികളെയും അതിജീവിക്കയാല്‍, ശാശ്വതമായ ശാന്തിയെ പ്രാപിക്കുന്നു.

ഈ ശാശ്വതമായ ശാന്തിയാണ് നാശത്തിന്റെ വിപരീതം. അശാന്തിയിലും സംഘര്‍ഷത്തിലുംപെട്ട് നട്ടംതിരിയുന്നതാണ് വിനാശം. മനുഷ്യജന്‍മം അതിനുള്ളതല്ല. പരമാത്മസ്വരൂപത്തെ ഭജിക്കുന്നവര്‍ക്ക് ഈ അധോഗതി ഒരിക്കലും വരില്ല എന്ന് ഏത് പുരപ്പുറത്തു കയറിനിന്നും ഉറക്കെ പ്രഖ്യാപിക്കാം. പൂര്‍വാശ്രമത്തില്‍ കൊള്ളക്കാരനും പിടിച്ചുപറിക്കാരനമായിരുന്ന വാല്മീകി മഹര്‍ഷി നേടിയ രൂപാന്തരം ഇപ്പറഞ്ഞതിന് തെളിവായി ഏതു കോടതിയിലും ഹാജരാക്കപ്പെടാവുന്ന ഒന്നാണല്ലോ.

(തുടരും)



MathrubhumiMatrimonial