githadharsanam

ഗീതാദര്‍ശനം - 299

Posted on: 06 Aug 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം



അഭി ചേത് സുദുരാചാരഃ
ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ
സമ്യഗ്‌വ്യവസിതോ ഹി സഃ

(ഒരുവന്‍) കൊടിയ ദുര്‍വൃത്തനായിരുന്നാല്‍പ്പോലും (അവന്‍) എന്നെ അന്യചിന്ത കൂടാതെ ഭജിക്കുന്നെങ്കില്‍ അവനെ നല്ലവനായിത്തന്നെ കാണണം. എന്തുകൊണ്ടെന്നാല്‍ അവന്‍ ശരിയായ വഴിയില്‍ മനസ്സുറപ്പിച്ചുകഴിഞ്ഞു.

തെറ്റുകള്‍ ഒരിക്കലും മാപ്പില്ലാത്തവയാണെന്ന ധാരണ തിരുത്തി ദുരാചാരന്‍മാര്‍ക്കുപോലും ശുഭപ്രതീക്ഷയുടെയും മോചനത്തിന്റെയും വാതില്‍ തുറന്നിടുകയാണ് ഗീത. ഇത് വെറുംവാക്കല്ല. ഇതിന് ന്യായമുണ്ട്. യജ്ഞഭാവനയ്ക്ക് വിപരീതമായി ചെയ്യുന്നതാണല്ലോ പാപം. അത് ആസുരവാസനകള്‍ക്ക് ജന്‍മം നല്‍കുന്നു. ഈ പോക്ക് ഒരു ദൂഷിതവലയമാണ് എന്ന് തിരിച്ചറിഞ്ഞ് എപ്പോള്‍ എതിര്‍വഴിയില്‍ യാത്ര പുറപ്പെട്ട് ആത്മസ്വരൂപത്തെ ഏകാഗ്രമായി ഭജിക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ ആര്‍ക്കും രക്ഷയായി. പ്രപഞ്ചജീവന്‍ നിത്യവും നിരുപാധികവുമായ പരമസത്യമാണ്. അതിനെ അറിയുന്നതോടെ മോചനമായി. ആ അറിവ് എല്ലാ കര്‍മങ്ങളെയും (അവ ശേഷിപ്പിക്കുന്ന വാസനകള്‍ ഉള്‍പ്പെടെ), തീ വിറകിനെയെന്നപോലെ, ചാമ്പലാക്കും. ('യഥൈധാംസി....ഭസ്മസാത് കുരുതേ തഥാ' - 4, 37.)

ലോകജനതയ്ക്ക് മൊത്തമായി സ്വീകാര്യമായ തരത്തില്‍ സദാചാരത്തെയും ദുരാചാരത്തെയും അളന്നു തിട്ടപ്പെടുത്താനുള്ള മാര്‍ഗമൊന്നും ഇന്നോളം എങ്ങും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, ഗീതാപാഠം ഗ്രഹിച്ച ആരും ഇക്കാര്യത്തില്‍ സങ്കടപ്പെടേണ്ടതില്ല. യജ്ഞഭാവനയോടെയുള്ള കര്‍മമെല്ലാം സദാചാരം. അല്ലാത്തത് ദുരാചാരം. ദുരാചാരത്തില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും ചുവടു മാറാം. മോചനത്തിലേക്കുള്ള ചുവടുമാറ്റത്തിന് പ്രചോദനം പ്രപഞ്ചജീവന്‍തന്നെ. ആ ചോദന അറിയാതെയും, അറിഞ്ഞാലും അടിച്ചമര്‍ത്തപ്പെട്ടും പോകുന്നതാണ് ലോകത്തുള്ള അശാന്തിക്കും സംഘര്‍ഷത്തിനുമെല്ലാം കാരണം.

(തുടരും)



MathrubhumiMatrimonial