
ഗീതാദര്‍ശനം - 298
Posted on: 05 Aug 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
സമോ fഹം സര്‍വഭൂതേഷു
ന മേ ദ്വേഷ്യോ fസ്തി ന പ്രിയഃ
യേ യജന്തി തു മാം ഭക്ത്യാ
മയി തേ തേഷു ചാപ്യഹം
ഞാന്‍ സര്‍വചരാചരങ്ങളിലും സമനായി ഇരിക്കുന്നു. (ചരാചരങ്ങളില്‍) എനിക്ക് ഇഷ്ടപ്പെടാത്തത് ഒന്നും ഇല്ല. ഇഷ്ടപ്പെട്ടതും ഇല്ല. പക്ഷേ, ആര്‍ എന്നെ ഭക്തിയോടെ ഭജിക്കുന്നുവോ അവര്‍ എന്നിലും ഞാന്‍ അവരിലും സ്ഥിതി ചെയ്യുന്നു.
ആത്മസാരൂപ്യം നേടുന്നതില്‍ ആര്‍ക്കെങ്കിലും (മുന്‍നിശ്ചിതമായ) വി.ഐ.പി. പരിഗണനയോ അയോഗ്യതയോ ഉണ്ടോ എന്ന സംശയം വേണ്ട. സര്‍വസമത്വമാണ് പരമാത്മഭാവത്തിന്റെ അടിസ്ഥാനം. എല്ലാ ചരാചരങ്ങളും ഒരേ സ്വഭാവത്തിലുള്ള പ്രപഞ്ചജീവനില്‍ ഇരിക്കുന്നു. 'കുടുതല്‍ തുല്യ'രായി ആരുമില്ല, ഒന്നുമില്ല. പക്ഷേ, വിവിധങ്ങളായ അനേകകോടി രൂപനിര്‍മാണക്ഷേത്രങ്ങളില്‍ അഥവാ ജീവസ്ഫുലിംഗങ്ങളില്‍ ഏതിലെല്ലാം പരമാത്മസ്വരൂപത്തോട് താദാത്മ്യം പ്രാപിക്കാനുള്ള അര്‍പ്പണബോധമുണ്ടോ അവയോടെല്ലാം പ്രപഞ്ചജീവനും അവയെല്ലാം പ്രപഞ്ചജീവനോടും താദാത്മ്യപ്പെട്ടിരിക്കുന്നു.
ഈ പ്രസ്താവത്തില്‍ വൈരുദ്ധ്യമില്ലെന്നു കാണാന്‍, പ്രപഞ്ചഘടനയെ കുറിച്ച് നേരത്തേ പറഞ്ഞുവെച്ചത് ഓര്‍ക്കണം. അക്ഷരാതീതം അക്ഷരത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ സ്ഫുലിംഗങ്ങളാണ് എല്ലാ ചരാചരങ്ങളുടെയും രൂപനിര്‍മാണക്ഷേത്രങ്ങളുടെ സത്ത. പക്ഷേ, ഈ സത്ത, അക്ഷരമെന്ന പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന 'മായ'യാല്‍ ആവൃതമാണ്. അതിനാല്‍ അതിന് സ്വയം തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈ തിരിച്ചറിവിലൂടെ അതിന്റെ യഥാര്‍ഥാവസ്ഥയിലേക്ക് തിരികെ പോകാന്‍ ഏത് ജീവസ്ഫുലിംഗത്തിന് കഴിയുന്നുവോ അതിന്റെ അസ്തിത്വം പ്രപഞ്ചജീവനുമായി താദാത്മ്യമടഞ്ഞു കഴിഞ്ഞു.
സൂര്യപ്രകാശം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നപോലെയും ഗുരുത്വാകര്‍ഷണനിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കുന്ന പോലെയും, പ്രകൃതിനിയമങ്ങള്‍ മഹാത്മാവിലായാലും മഹാപാപിയിലായാലും ഒരുപോലെത്തന്നെ പ്രവര്‍ത്തിക്കും. നന്മതിന്മകളുടെ ഉറവിടവും പ്രകടനവും പ്രകൃതിയിലാണ്. പരമാത്മസ്വരൂപത്തിന് ഇഷ്ടാനിഷ്ടങ്ങളോ ഏതെങ്കിലും തരത്തിലുള്ള പക്ഷഭേദമോ ഇല്ല. സ്വന്തം ദൗര്‍ബല്യങ്ങളെയും പരിമിതികളെയും മറികടക്കാന്‍ മനുഷ്യനുള്ള അപാരമായ സ്വാതന്ത്ര്യത്തിന് ഈ കാഴ്ചപ്പാട് അടിവരയിടുന്നു. സെമിറ്റിക് മതങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു പരമാത്മസങ്കല്പമാണിതെന്നും മാനുഷീകരണംകൊണ്ട് മതത്തില്‍ വന്നു ചേരുന്ന ബാലിശത്വത്തെ തീരെ ഒഴിവാക്കി അത്യന്തം പ്രൗഢവും ഉദാത്തവുമായ ഈശ്വരവിവക്ഷയാണ് ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നതെന്നും ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാണിക്കുന്നു.
(തുടരും)





