
ഗീതാദര്‍ശനം - 296
Posted on: 03 Aug 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
യത് കരോഷി യദശ്‌നാസി
യജ്ജുഹോഷി ദദാസി യത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദര്‍പ്പണം
ഹേ കുന്തീപുത്രാ, നീ യാതൊന്നു പ്രവര്‍ത്തിക്കുന്നുവോ യാതൊന്നനുഭവിക്കുന്നുവോ യാതൊന്ന് ഹോമിക്കുന്നുവോ യാതൊന്നു ദാനം ചെയ്യുന്നുവോ യാതൊരു തപസ്സ് (സാധന) ചെയ്യുന്നുവോ അതെല്ലാം എന്നില്‍ അര്‍പ്പിച്ച് ചെയ്യുക.
ഉപാസനയ്ക്കായി സഹിക്കുന്ന ക്ലേശങ്ങളോ അതിന്റെ പേരിലുള്ള കാട്ടിക്കൂട്ടലുകളോ അല്ല ഉപാസനയുടെ പിന്നിലുള്ള മനോഭാവമാണ് നിര്‍ണായകം എന്ന് ഗീത പിന്നെയും പിന്നെയും പറയുന്നു. ജീവിതം മൊത്തമായി ഉപാസനയാക്കാന്‍ കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ ചേഷ്ടകളും പരമാത്മസ്വരൂപത്തില്‍ സമര്‍പ്പിച്ചാല്‍ മതി. കാടും മലയും കയറി ഗുഹയില്‍ ഒളിച്ചിരുന്നു വേണ്ട ഉപാസന. ലൗകികജീവിതത്തിന്റെ ഒത്ത നടുവില്‍ നിന്നുതന്നെ അതാകാം. അര്‍പ്പണം തികയുന്ന മുറയ്ക്ക് നാല് മഹാത്ഭുതങ്ങള്‍ സംഭവിക്കും.
ഒന്ന് പരമമായ സ്വാതന്ത്ര്യം അനുഭവപ്പെടും. ഞാന്‍ എനിക്കായി ചെയ്യുന്നു എന്ന തോന്നല്‍ പോയിക്കിട്ടുന്നതോടെ ഫലത്തിലുള്ള ആശങ്കയും ഫലവുമായുള്ള വേഴ്ചയിലൂടെയുള്ള സംഗവും ഇല്ലാതാകയാലാണ് സ്വാതന്ത്ര്യം അനുഭവപ്പെടുന്നത്. രണ്ട്, മനസ്സിലും ചെയ്തികളിലും ശുദ്ധിയുണ്ടാവും. ഈശ്വരന് അര്‍പ്പിക്കുന്നതില്‍ അഴുക്കു പാടില്ലല്ലോ. മൂന്ന്, അതിരറ്റ ശക്തി കൈവരും. ഈശ്വരനായിട്ട് ചെയ്യുന്നതില്‍ ഈശ്വരന്റെ മുഴുവന്‍ ശക്തിയും വന്നു ചേരുന്നു. നാല്, ശാന്തസുന്ദരമായ ആനന്ദം എപ്പോഴും കൂടെയുണ്ടാവും. സങ്കടമെന്നത് അജ്ഞാതമാവും. വിദ്യകളുടെ രാജാവായ (യോഗ)വിദ്യയെപ്പറ്റി രഹസ്യങ്ങളുടെ രഹസ്യമായ അറിവാണിത്.
(തുടരും)





