
ഗീതാദര്‍ശനം - 295
Posted on: 31 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതം
അശ്‌നാമി പ്രയതാത്മനഃ
വെള്ളമോ ഇലയോ പൂവോ പഴമോ ആരെനിക്ക് ഭക്തിയോടെ സമര്‍പ്പിക്കുന്നുവോ ശുദ്ധാത്മാവായവരാല്‍ ഭക്തിയോടെ അര്‍പ്പിതമായ അത് ഞാന്‍ സ്വീകരിക്കുന്നു.
പ്രപഞ്ചജീവന് എന്തിനാണ് വെള്ളവും ഇലയും പൂവും പഴവുമൊക്കെ? മാത്രമല്ല ഇവയെല്ലാം ഉള്ളത് ആ ജീവനില്‍ തന്നെ അല്ലേ? അല്ലറച്ചില്ലറ വല്ലതും അതില്‍നിന്നെടുത്ത് തിരികെ അതിനുതന്നെ സമര്‍പ്പിക്കുന്നതില്‍ എന്തു കാര്യം?
ആരാല്‍ എവ്വിധം അര്‍പ്പിതമായാലാണ് സ്വീകരിക്കപ്പെടുന്നതെന്ന് ശ്രദ്ധിക്കുക. ശുദ്ധാത്മാവായാണ് അര്‍പ്പിക്കേണ്ടത്. മനസ്സിന്റെയും കര്‍മത്തിന്റെയും ശുദ്ധിയാണ് ആത്മശുദ്ധി. പരമാത്മസ്വരൂപത്തോടുള്ള അകളങ്കമായ പ്രേമത്തോടെയാണ് അര്‍പ്പിക്കേണ്ടത്. അങ്ങനെ അര്‍പ്പിക്കുമ്പോള്‍ അത് സ്വീകരിക്കുന്നതാരാണ്? പരമാത്മസ്വരൂപംതന്നെ, എന്നുവെച്ചാല്‍ താന്‍തന്നെ. എന്താണ് ആ സ്വീകാരത്തിന്റെ അര്‍ഥം? പരംപൊരുളിനോടുള്ള പ്രണയത്തിന് പ്രതീകാത്മകമായ ഊട്ടുറപ്പിക്കല്‍. പരമാത്മസ്വരൂപത്തില്‍നിന്ന് വേര്‍പെട്ടുപോന്നതില്‍പ്പിന്നെ ഇപ്പോള്‍ തിരികെ എത്താറായ അവസ്ഥയില്‍ ആ പിന്നിട്ടുപോന്ന വഴികളില്‍ പരമാത്മാവ് നേര്‍വഴി കാണിച്ച ഓരോ ഘട്ടത്തെയും സ്മരിക്കുകയാണ് ഈ ഉപഹാരസമര്‍പ്പണത്തിലൂടെ.
അവനവന് ഇഷ്ടമുള്ളതെന്തും സമര്‍പ്പിക്കാം. എന്തു സമര്‍പ്പിക്കണമെന്ന തീരുമാനം വ്യക്തിപരമാണ്. തന്നെത്തന്നെയാണ് സമര്‍പ്പിക്കുന്നതെന്ന സങ്കല്പമാണ് പ്രധാനം. പ്രതീകാത്മകമായ ഉപഹാരസമര്‍പ്പണത്തില്‍നിന്ന് സര്‍വസമര്‍പ്പണമനോഭാവമാണ് ഉരുത്തിരിയേണ്ടത്.
ഏതമ്പലത്തിലെ നിവേദ്യമായാലും അത് സ്വാദിഷ്ഠമാകണമെന്നാണ് നമ്മുടെ ഉദ്ദേശ്യം. പക്ഷേ, അതിന്റെ പുറകില്‍ മിക്കപ്പോഴും ഇപ്പറഞ്ഞ പ്രതീകാത്മകധ്യാനമില്ല. സ്വര്‍ണക്കൊടിമരം ഉണ്ടാക്കുന്നതിലും അതില്ല, അമ്പലത്തിന്റെ മേല്‍ക്കൂര സ്വര്‍ണംകൊണ്ടു പൊതിയുന്നതിലും ഇല്ല. ടണ്‍കണക്കിന് നെയ്യും ധാന്യങ്ങളും തീയിലെരിയിച്ചു കളയുന്ന യാഗയജ്ഞങ്ങളില്‍ തരിമ്പുമില്ല.
(തുടരും)





