
ഗീതാദര്‍ശനം - 294
Posted on: 30 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
യാന്തി ദേവവ്രതാ ദേവാന്‍
പിതൃന്‍ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാഃ
യാന്തി മദ്യാജിനോശപി മാം
ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെ പ്രാപിക്കുന്നു. ഭൂതങ്ങളെ സേവിക്കുന്നവര്‍ ഭൂതങ്ങളെ പ്രാപിക്കുന്നു. എന്നെ സേവിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.
ആരാധന തികഞ്ഞ അര്‍പ്പണബോധത്തോടെയായാല്‍ മനുഷ്യജീവിതത്തില്‍ ആരാധനാവിഷയവുമായി താദാത്മ്യം സാധിക്കുമെന്നത് സുവിദിതമായ ഒരു മനശ്ശാസ്ത്രസത്യമാണ്. 'യദ് ഭാവഃ തദ്ഭവതി' (ഭാവനപോലെ ആയിത്തീരുന്നു) എന്ന് പണ്ടേ ചൊല്ലുമുണ്ട്.
ദേവന്‍ എന്ന വാക്കിന് പ്രകാശമുള്ളത് (ദിവ്യതി ഇതി) എന്നാണ് അര്‍ഥം. ഇന്ദ്രിയങ്ങള്‍ പ്രകാശിക്കുമ്പോള്‍ അനുഭൂതികള്‍ ഉണ്ടാകുന്നു. ഈ അനുഭൂതികള്‍ മനസ്സിനെ പ്രകാശിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ ദേവന്‍മാര്‍ എന്നു വിളിക്കാറുണ്ട്. മനസ്സിനെ സ്വര്‍ഗരാജ്യം എന്നും പറയാം. മനസ്സിന്റെ യുക്തിയെയും പ്രകാശത്തെയും സര്‍വപ്രധാനമായി കരുതുന്നവരെ ദേവവ്രതന്‍മാര്‍ എന്നു വിശേഷിപ്പിക്കാം. ഈ അര്‍ഥത്തില്‍ സയന്റിസ്റ്റുകളും കലാകാരന്‍മാരുമെല്ലാം ദേവവ്രതന്‍മാരാണ്.
പൊതുവെ പറഞ്ഞാല്‍, വിഷയാനുഭവങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുന്നവര്‍ ആ അനുഭവങ്ങള്‍ നേടുന്നു. രുചികരമായ ഭക്ഷണവും ചന്തമുള്ള ഉടുപ്പും സുഖകരമായ മെത്തയും ഭോഗങ്ങളുമൊക്കെയാണ്, അഥവാ ഇതൊക്കെ നേടാനുതകുന്ന ധനമാണ്, ജീവിതലക്ഷ്യമെന്നു കരുതുന്നവര്‍ക്ക്, അതിനായി സ്വയം സമര്‍പ്പിക്കുന്നവര്‍ക്ക്, ആ കാര്യം സാധിക്കുന്നു. പക്ഷേ, മെലിഞ്ഞ കാലിന് പരിഹാരം മന്തല്ലല്ലോ. ധനത്തെ യജിക്കുന്നവര്‍ക്ക് കിട്ടുന്ന ഫലം അല്പായുസ്സും ആത്മബോധത്തിന് വിരുദ്ധവുമാണ്. അത്, ദ്വന്ദ്വമോഹങ്ങളെ പെരുപ്പിക്കുന്നതിലൂടെ ആത്മജ്ഞാനത്തിന്റെ മുള കിളിര്‍ക്കാതിരിക്കാന്‍ കാരണമാകുന്നു.
പിതൃക്കളെ പൂജിക്കുകയെന്നാല്‍ പൈതൃകത്തെ എല്ലാ വിധത്തിലും സംരക്ഷിക്കുന്നതിന് സ്വയം സമര്‍പ്പിക്കുകതന്നെ. വേദശാസ്ത്രങ്ങളും മറ്റും കാണാതെ പഠിച്ച് അടുത്ത തലമുറയിലേക്ക് അന്യൂനം കൈമാറാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവര്‍ നമുക്കുണ്ടായിരുന്നല്ലോ. അമൂല്യങ്ങളായ പാഠങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരുന്നതിന് നാമവരോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, അവര്‍ക്കിടയില്‍ ആത്മസാരൂപ്യത്തിനുള്ള ശ്രമത്തിനു മുന്‍തൂക്കം നല്‍കാത്തവര്‍ സ്വജന്മത്തില്‍ ജീവന്റെ ശുഭകരമായ പരിണാമപ്രക്രിയയോട് വൈമുഖ്യം കാണിക്കുകയാണ് ചെയ്തത്. പാഠങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം, പുതിയ സാധ്യതകള്‍ ആരായുകകൂടി ചെയ്തവരാണ് യഥാര്‍ഥസുകൃതികള്‍.
ഭൂതങ്ങള്‍ എന്നാല്‍ പഞ്ചഭൂതങ്ങള്‍തന്നെ. കൃഷി, ഖനനം, ജലസേചനം, ഉത്പാദനവൃത്തികള്‍, കച്ചവടം എന്നിവയെ 'ആരാധിക്കു'ന്നവര്‍ക്ക് ഇവയില്‍നിന്ന് പ്രയോജനമുണ്ടാകുന്നു.
ഇങ്ങനെ, ബാഹ്യലോകത്തെ ഏത് പ്രവര്‍ത്തനരംഗത്തായാലും നിരന്തരമായ അര്‍പ്പിതപ്രയത്‌നംകൊണ്ട് വിജയം നേടാം. ഇതേ തത്ത്വമനുസരിച്ച്, ഏകാഗ്രമായ മനസ്സോടെ നിരന്തരം ആത്മസ്വരൂപത്തെ ധ്യാനിക്കുന്നവന്‍ അതുമായി സാരൂപ്യം പ്രാപിക്കുന്നു. ഭൗതികം, ആധ്യാത്മികം എന്ന വ്യത്യാസത്തിന്റെ വേരറുക്കുകയാണിവിടെ. ഈശ്വരാവസ്ഥയിലേക്കുള്ള പരിണാമം ദുരൂഹമോ സങ്കീര്‍ണമോ അല്ലെന്ന അറിവ് അനുഭവമാക്കുകയും ചെയ്യുന്നു.
അപ്പോള്‍, (വേദങ്ങളില്‍ പറയുന്ന തരം) പൂജാവിധികളും അനുഷ്ഠാനങ്ങളും ഒന്നും ആവശ്യമില്ലേ?
(തുടരും)





