githadharsanam

ഗീതാദര്‍ശനം - 292

Posted on: 28 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം



യേശപ്യന്യദേവതാ ഭക്താഃ
യജന്തേ ശ്രദ്ധയാന്വിതാഃ
തേശപി മാമേവ കൗന്തേയ
യജന്ത്യവിധിപൂര്‍വകം

ഹേ കുന്തീപുത്രാ, ഏതെങ്കിലും ഭക്തര്‍ അന്യദേവതകളെ ശ്രദ്ധാപൂര്‍വം ആരാധിക്കുന്നെങ്കില്‍ അവരും എന്നെത്തന്നെയാണ് ആരാധിക്കുന്നത് - വിധിപ്രകാരമല്ലാതെ ആണെന്നാലും.

'ഞാന്‍' എന്ന് കൃഷ്ണന്‍ പറയുന്നതിന്റെ ശരിയായ അര്‍ഥം കാലദേശാതീതമായ പ്രപഞ്ചജീവനെന്നാണ്. ആ ജീവന്റെ വകഭേദങ്ങളാണ് ഇന്ദ്രിയങ്ങള്‍ മുതല്‍ സൂര്യന്‍വരെ എല്ലാത്തിനെയും പ്രവര്‍ത്തിപ്പിക്കുന്ന വിവിധ ഊര്‍ജങ്ങള്‍ അഥവാ ദേവതകള്‍. ഇവയില്‍ ഏതിനെയും ശ്രദ്ധാപൂര്‍വം ആരാധിക്കുന്നവര്‍ ഭംഗ്യന്തരേണ പ്രപഞ്ചജീവന്‍ എന്ന അടിസ്ഥാനത്തെത്തന്നെയാണ് ആരാധിക്കുന്നത്. നേരിട്ടു ചെയ്യാവുന്നത് വളഞ്ഞ വഴിയെ ചെയ്യുന്നു. മൂക്കില്‍ പിടിക്കുന്നത് വളഞ്ഞുതിരിഞ്ഞായാലും പിടിക്കുന്നത് മൂക്കില്‍ത്തന്നെയാണല്ലോ.

അനേകം ആരാധനാക്രമങ്ങളും ഉപാസനാമൂര്‍ത്തികളും ഭാരതത്തില്‍ അക്കാലത്തേ ഉണ്ടായിരുന്നു എന്നു കരുതാം. ലോകത്തെങ്ങും ഇവിടെ വിശേഷിച്ചും അതിലേറെ ഇക്കാലത്തുമുണ്ടല്ലോ. ഈ ബഹുസ്വരതയിലെ ഏകത്വസൂത്രമാണ് ഈ ശ്ലോകത്തില്‍ പറയുന്നത്. സത്യം സഹിഷ്ണുതയിലേക്കു നയിക്കുന്നു. പരമമായ സത്യം കാലാതീതവും ഏകവുമാണെന്നു വരുമ്പോള്‍ എല്ലാ പ്രവാചകരും ഋഷിമാരും പറയുന്നത് ശുദ്ധബോധമെന്ന ആ ഒന്നിനെപ്പറ്റിത്തന്നെ എന്ന് സ്വയം സ്ഥാപിതമാവുന്നു.

ഗുരു നിത്യചൈതന്യയതി ഇത്രകൂടി എഴുതുന്നു: ''മതങ്ങളെ ഹെന്‍ട്രി ബര്‍ഗ്‌സണ്‍ അടഞ്ഞ മതങ്ങള്‍ എന്നും തുറന്ന മതങ്ങള്‍ എന്നും രണ്ടായി തിരിച്ചു പറയുന്നുണ്ട്. അതുപോലെത്തന്നെ സ്ഥൈതികമായ ധര്‍മബോധത്തോടുകൂടിയതെന്നും ഗതീയമായ ധര്‍മനിഷ്ഠയോടുകൂടിയതെന്നും രണ്ടായി എണ്ണുന്നു. ഭഗവദ്ഗീത തുറന്ന സ്വഭാവമുള്ളതും ഗതീയമായ ധര്‍മനിഷ്ഠയോടുകൂടിയതും ആയ ഗ്രന്ഥമാണെന്നുള്ളതിന് ഈ ശ്ലോകത്തെത്തന്നെ പ്രമാണമായി ഉദ്ധരിക്കാം. ഗീതയെ ഹിന്ദുക്കളുടേതു മാത്രമായ ഒരു മതഗ്രന്ഥമായി ആരെങ്കിലും ചിത്രീകരിക്കുന്നുവെങ്കില്‍ അത് അബദ്ധമാണ്. ലോകത്ത് എന്നും എവിടെയും ആര്‍ക്കും സ്വീകാര്യമായിരിക്കേണ്ടുന്ന തത്ത്വപ്രധാനമായ ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത.'

(തുടരും)





MathrubhumiMatrimonial