githadharsanam

ഗീതാദര്‍ശനം - 291

Posted on: 27 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം



അനന്യശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം
മറ്റൊന്നിലേക്കും മനസ്സു പോകാതെ ആരാണോ എന്നെത്തന്നെ വേണ്ടുംവണ്ണം ഉപാസിക്കുന്നത്, മനസ്സ് എന്നില്‍ സ്ഥിരമായി ഉറപ്പിച്ച അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു.
('യോഗഃ അപ്രാപ്തസ്യ പ്രാപനം; ക്ഷേമഃ തദ്‌രക്ഷണം' - നേടിയിട്ടില്ലാത്തത് നേടല്‍ യോഗം, നേടിയതിന്റെ സംരക്ഷ ക്ഷേമം - ശാങ്കരഭാഷ്യം.)
സ്വര്‍ഗാനുഭൂതികളാഗ്രഹിക്കുന്നവരുടെ ഗതി പറഞ്ഞുകഴിഞ്ഞു. അതിനാല്‍ മനസ്സ് സുഖാനുഭവങ്ങളെ തേടി പോകാതെ ആത്മസാരൂപ്യത്തിനായി യത്‌നിക്കുകയാണ് വേണ്ടത്. മനോനിയന്ത്രണം എളുപ്പമല്ല. തുടക്കത്തില്‍ വിശേഷിച്ചും പതര്‍ച്ച സ്വാഭാവികമാണ്. ആത്മസാരൂപ്യത്തിന്റെ രുചി അറിഞ്ഞാലും അതില്‍ മനസ്സുറച്ചുകിട്ടാന്‍ പ്രയാസംതന്നെ. ഈ ഘട്ടങ്ങളില്‍ നമ്മുടെ യോഗക്ഷേമങ്ങള്‍ക്കായി നാംതന്നെ പ്രയത്‌നിക്കണം. ഇവിടെ 'നേടിയിട്ടില്ലാത്തത്' ആത്മസ്വരൂപത്തില്‍ മനസ്സുറപ്പും (യോഗം) ആത്മസാരൂപ്യം നിലനിര്‍ത്താനുള്ള കഴിവും (ക്ഷേമം) ആണ്. ഇതു രണ്ടും സിദ്ധിച്ചാല്‍ നാം പരമാത്മസ്വരൂപരായി. പിന്നെ, പരമാത്മാവുതന്നെയാണ് ഇതിന്റെ രണ്ടിന്റെയും പാറാവുകാരനും രണ്ടും നിലനിര്‍ത്തേണ്ട ചുമതലക്കാരനും. അവിടെ എത്തിയാല്‍ 'എല്ലാം മറന്നേക്കൂ' എന്നുതന്നെ. അഥവാ, ബോധപൂര്‍വം മറക്കേണ്ടതില്ല. നാമും പരമാത്മാവും എന്നു രണ്ടില്ലാത്ത അവസ്ഥയല്ലേ അത്.
യോഗം എന്ന വാക്കിന് ഗീത ആദ്യവസാനം ഊന്നല്‍ നല്‍കുന്നു. അധ്യായങ്ങളുടെ പേരുകള്‍തന്നെ യോഗപര്യവസായികളാണ്. ജ്ഞാനത്തെയും കര്‍മത്തെയും ധ്യാനത്തെയും അര്‍പ്പണത്തെയും എല്ലാം യോഗമായാണ് പറയുന്നത്. പരമാത്മസ്വരൂപത്തോട് ചേര്‍ന്നിരിക്കല്‍ എന്നുതന്നെ സാരം. ഉപനിഷത്ത് എന്ന പ്രയോഗത്തിലെ അടുത്തിരിപ്പും പരമാത്മസ്വരൂപത്തോട് അടുത്ത ഇരിപ്പാണ്. ഗുരു ആ സ്വരൂപമാണെന്ന് സങ്കല്പം. ആത്മസാരൂപ്യം കൈവന്നാലത് നിലനിര്‍ത്തിയാലേ ക്ഷേമമാകൂ.
അധ്യാത്മവിദ്യയുടെ ദൃഷ്ടിയില്‍ ആകെ ഒരു കാര്യമേ നേടാനുള്ളൂ - ആത്മസാരൂപ്യം. അതിനുള്ള വഴി മനസ്സ് മറ്റെങ്ങും പോകാതെ പരമാത്മാവില്‍ ഉറപ്പിച്ച് വേണ്ടുംവണ്ണം (പരമാവധി) ഉപാസിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ നാം സതതം അഥവാ സദാ പരമാത്മാവിനോട് യോജിച്ചാണ് സ്ഥിതി ചെയ്യുന്നത്. അത്രയേ വേണ്ടൂ. ശേഷം തനിയെ നടക്കും.
ഗീതയുടെ ഏതാണ്ട് നടുവിലാണ് ഈ ശ്ലോകം വരുന്നത്. ഇതാണ് ഗീതയുടെ മാനിഫെസ്റ്റോ എന്നു പറയാം. സാര്‍വലൗകികമായ പ്രയോഗക്ഷമതയാണ് ഈ വഴിയുടെ സവിശേഷത. ഒരു ഭേദവും കൂടാതെ ആബാലവൃദ്ധത്തിനും പാകം. ഒരു ചെലവുമില്ല, പരസഹായം വേണ്ട, ക്ലേശമില്ല, ചിട്ടവട്ടങ്ങളില്ല.
ആത്മസാരൂപ്യത്തിനായുള്ള പരിശ്രമമെന്ന ചുമട് ആ മറുകരയിലേക്കുള്ള തോണിയില്‍ കയറുവോളമേ നാം തലയില്‍ വഹിക്കേണ്ടൂ എന്നാണ് ഫലിതകഥ. നാം ചുമന്നാലും തോണിയില്‍ വെച്ചാലും തോണിതന്നെയാണ് ആ ചുമട് മറുകരവരെ ചുമക്കേണ്ടത്. തോണിയില്‍ എത്തുവോളം മതി, തോണിയില്‍ ഇറക്കി വെക്കാം, തോണി വഹിച്ചോളും എന്ന് ദയാമയമായ പുഞ്ചിരി.
മറ്റൊന്നിലേക്കും മനസ്സു പോകാതെയുള്ള ഉപാസനയ്ക്ക് ഉദാഹരണമായി ഡോ. രാധാകൃഷ്ണന്‍, സൂഫി ഭക്തയായ റാബിയ്യയെ ഉദ്ധരിക്കുന്നുണ്ട്. 'ഞാന്‍ ദൈവസ്‌നേഹത്തില്‍ ആമഗ്‌നയായിരിക്കുന്നതിനാല്‍ എനിക്ക് പിശാചിനെ വെറുക്കാന്‍ സമയം കിട്ടുന്നില്ല. ഞാന്‍ സ്വപ്നത്തില്‍ ഒരു പ്രവാചകനെ കണ്ടു. പ്രവാചകന്‍ എന്നോടു ചോദിച്ചു, നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?' ഞാന്‍ പറഞ്ഞു, ''അല്ലയോ ദൈവദൂതാ, നിങ്ങളെ ആര്‍ക്ക് സ്‌നേഹിക്കാതിരിക്കാന്‍ കഴിയും? എന്നാല്‍ എന്റെ ഹൃദയം പൂര്‍ണമായും ദൈവത്തില്‍ മഗ്‌നമായിരിക്കുന്നതിനാല്‍ എനിക്കു വേറൊന്നിനെയും സ്‌നേഹിക്കുവാനൊ വെറുക്കുവാനൊ അവസരം ലഭിക്കുന്നില്ല.''
ആരുടെ ജീവിതത്തിലും വഴികാട്ടിയാണ് ഈ ശ്ലോകം. നമുക്ക് ആവശ്യമുള്ള ഭൗതികസാഹചര്യങ്ങള്‍ നേടുന്നതിനും അവയെ സംരക്ഷിക്കുന്നതിനും നാംതന്നെ വേണമെന്നാണല്ലോ സദാ സമയവുമുള്ള നമ്മുടെ കരുതല്‍. ഇതു രണ്ടും ചെയ്യാനുള്ള വെപ്രാളത്തില്‍ ജീവിതം ഒടുങ്ങുന്നു. 'ആവശ്യം' എന്നതിന് വ്യാപ്തി കൂടുന്തോറും ടെന്‍ഷനും നിരാശാബോധവും നഷ്ടബോധവും ഒഴിയാബാധയാവുന്നു. മറിച്ച്, യജ്ഞഭാവനയോടെ വിഹിതകര്‍മങ്ങളെല്ലാം കൗശലപൂര്‍വം ചെയ്യുകയും ബാക്കി എല്ലാ ഭാരവും ഈശ്വരനെ ഏല്പിക്കുകയും ചെയ്താല്‍ നമുക്കു സ്വാതന്ത്ര്യവും സുഖവുമായി. ഏല്പന പൂര്‍ണമാണെങ്കില്‍ ഫലിക്കുമെന്നാണ് ഗീതാകാരന്‍ പറയുന്നത്. 'ഞാനൊരു ഉപകരണം മാത്രമാ'ണെന്നു കരുതുക. 'നിമിത്തമാത്രം ഭവ സവ്യസാചിന്‍' എന്നു പിന്നാലെ പറയുന്നുമുണ്ട് (11, 33). യുദ്ധത്തില്‍ - അത് തന്റെതന്നെ കാമക്രോധങ്ങളോടായാലും കൗരവരോടായാലും - ജയം നേടേണ്ടതും ആ ജയം നിലനിര്‍ത്തേണ്ടതും തന്റെ ചുമതലയാണെന്ന് കരുതുന്നതാണ് അര്‍ജുനന്റെ വിഷാദയോഗത്തിന് കാരണം. ആ ബോധം നീങ്ങി താന്‍ ഉപാധി മാത്രമാണ് എന്ന തിരിച്ചറിവും എല്ലാം പരമാത്മവൃത്തികളാണ് എന്ന ഉറപ്പും കൈവരുന്നതോടെ ദുഃഖനിവാരണം സാധിക്കുന്നു.
(തുടരും)



MathrubhumiMatrimonial