
ഗീതാദര്‍ശനം - 290
Posted on: 24 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
ത്രൈവിദ്യാ മാം സോമപാഃ പൂതപാപാഃ
യജ്ഞൈരിഷ്ട്വാ സ്വര്‍ഗതിം പ്രാര്‍ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോകം
അശ്‌നന്തി ദിവ്യാന്‍ ദിവി ദേവഭോഗാന്‍
തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം വിശന്തി
ഏവം ത്രയീധര്‍മമനുപ്രപന്നാഃ
ഗതാഗതം കാമാകാമാ ലഭന്തേ
വൈദികകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ യാഗങ്ങളെക്കൊണ്ട് എന്നെ പൂജിച്ച് സോമരസം പാനം ചെയ്ത് കന്മഷരഹിതന്മാരായി സ്വര്‍ഗലോകപ്രാപ്തിക്കായി അപേക്ഷിക്കുന്നു. അവര്‍ പുണ്യഫലരൂപമാകുന്ന സ്വര്‍ഗലോകത്തെ പ്രാപിച്ചിട്ട് അവിടെ ദേവന്‍മാരുടെ തിളക്കമേറിയ ഭോഗങ്ങള്‍ അനുഭവിക്കുന്നു. അവര്‍ വിശാലമായ ആ സ്വര്‍ഗലോകസുഖം അനുഭവിച്ചിട്ട് പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്ത്യലോകത്തേക്കു തിരിച്ചു വരുന്നു. വേദധര്‍മത്തെ ശരണം പ്രാപിച്ച വിഷയേച്ഛുക്കള്‍ ഇപ്രകാരം പോക്കും വരവുമായി കഴിയുന്നു.
യാഗം കഴിച്ച് സോമരസം കുടിച്ചാല്‍ പാപം നീങ്ങുമെന്നും സ്വര്‍ഗത്തിലെത്തി മനോഹരഭോഗങ്ങള്‍ അനുഭവിക്കാമെന്നും വേദങ്ങളില്‍ ഘോഷിക്കുന്നു. അത് നേരാണെന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നതായി ആദ്യശ്ലോകംകൊണ്ടു തോന്നാം. രണ്ടാമത്തെ ശ്ലോകം വരുമ്പോഴാകട്ടെ, ഗീതാകാരന്റെ കൂര്‍ത്തു മൂര്‍ത്ത ആക്ഷേപഹാസ്യം കാവ്യതാത്പര്യത്തെ നേരെ മറുകരയില്‍ അടുപ്പിക്കുന്നു.
ഈ നിന്ദാസ്തുതി കണ്ടില്ലെന്നു നടിച്ച് കടന്നുപോവുകയാണ് മിക്ക ഭാഷ്യകാരന്‍മാരും ചെയ്തിരിക്കുന്നത്. ''കേവലവൈദികമായ കര്‍മം അനുഷ്ഠിക്കുന്നവര്‍ ജനനമരണത്തെ പ്രാപിക്കുന്നതല്ലാതെ സ്വാതന്ത്ര്യം ഒരിക്കലും അവര്‍ക്കു ലഭിക്കുകയില്ലെന്നര്‍ഥം' എന്നു മാത്രം പറഞ്ഞ് ആചാര്യസ്വാമികള്‍ നിര്‍ത്തുന്നു. തിലകന്റെ ഗീതാരഹസ്യം വൈദികരുടെ സോമപാനത്തെയും സ്വര്‍ഗപ്രാപ്തിയെയും എല്ലാം ചോദ്യമില്ലാതെ ശരിവെക്കുന്നു. ഡോ. രാധാകൃഷ്ണന്‍ ശ്ലോകാര്‍ഥം മാത്രം പറഞ്ഞ് മൗനം ഭജിക്കുന്നു. മഹാത്മജിയാകട്ടെ ഈ വിഷയത്തിലുള്ള തന്റെ അറിവില്ലായ്മ ഏറ്റുപറഞ്ഞ് കൈ കഴുകുന്നു.
ജ്ഞാനേശ്വരി പക്ഷേ, ഒട്ടും അറയ്ക്കുന്നില്ല. ''അല്ലയോ അര്‍ജുനാ .... നിത്യാനിത്യവിവേകമില്ലാതെ അനിത്യത്തെ തേടിപ്പോകുന്നത് എങ്ങനെ സന്തോഷകരമാകും? എന്റെ സ്വരൂപം സച്ചിദാനന്ദമാണെന്നറിയുക. എന്നെ പ്രാപിക്കുന്നവര്‍ക്ക് സ്വര്‍ഗവും നരകവും ഒരുപോലെയുള്ള രണ്ട് മായാഭ്രമങ്ങളാണ്.... എന്നെ മറികടന്ന് പുണ്യം നേടാന്‍ പോകുന്നവന്റെ സ്ഥിതിയെന്താണ്? അവര്‍ പുണ്യം എന്നു കരുതി പാപം വിതച്ച് സ്വര്‍ഗം കൊയ്യുന്നു. കുറെ സമയത്തേക്ക് അവര്‍ ദേവപീഠങ്ങളില്‍ ഇരിക്കുന്നു. ഐരാവതമേറി അമരാവതി സന്ദര്‍ശിക്കുന്നു.... എന്തൊക്കെ സിദ്ധികള്‍! (അവര്‍ക്കു കുടിക്കാന്‍) അമൃതം നിറച്ച പാനപാത്രങ്ങള്‍, അവര്‍ക്കു ചേടിവേല ചെയ്യാന്‍ ദേവന്‍മാര്‍, പാട്ടുപാടി കേള്‍പ്പിക്കാനും നൃത്തം ചെയ്യാനും രംഭയും ഉര്‍വശിയും. രാത്രിയായാല്‍ ഉറക്കറയില്‍ കൂട്ടിന് കാമദേവനും.... പിന്നെന്തു വേണം? (പക്ഷേ,) എത്ര നേരത്തേക്കാണ്? ഉള്ള പണം മുഴുവന്‍ വേശ്യകള്‍ക്കു കൊടുത്തു തീര്‍ത്തിട്ട് (അതില്‍പ്പിന്നെ) അവരുടെ വാതിലില്‍ മുട്ടി നോക്കാന്‍ പോലും കഴിയാതെപോകുന്ന ആളുകളുടേതുപോലെയാണ് ഈ ബലിദാനക്കാരുടെ ജീവിതം. സ്വപ്നത്തില്‍ പണക്കിഴി ലഭിക്കുന്നവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടേതും.''
സോമലത ഇടിച്ചുപിഴിഞ്ഞുണ്ടാക്കിയ സോമരസത്തിന്റെ ലഹരിയിലുണ്ടാകുന്ന ഉന്മാദാവസ്ഥയിലെ അല്പായുസ്സായ 'സ്വര്‍ഗാനുഭൂതി'യുടെ കഥയും അതു കഴിഞ്ഞാലുള്ള സ്ഥിതിയും ഇതിലേറെ ഭംഗിയായി എങ്ങനെ വിസ്തരിക്കാന്‍! ('യാമിമാം പുഷ്പിതാം വാചം .... സമാധൗ ന വിധീയതേ' - 2, 42-44 - എന്നു മുന്‍പെ പറഞ്ഞതുകൂടി ഓര്‍ത്താല്‍ ഈ ശ്ലോകങ്ങളുടെ യഥാര്‍ഥതാത്പര്യത്തില്‍ പിന്നെ ഒരു ശങ്കയും ശേഷിക്കില്ല.)
ഗീതാകാരന്‍ ഈ കാര്യം നിന്ദാസ്തുതിയിലൂടെ ധ്വനിപ്പിക്കുക മാത്രം ചെയ്യുന്നത് തന്റെ പ്രഖ്യാപിതമായ രീതിക്ക് ഭംഗം വരാതിരിക്കാനാണ്. 'ന ബുദ്ധിഭേദം ജനയേത് അജ്ഞാനാം കര്‍മസംഗിനാം' (3, 26) എന്നതാണ് ആ നയം. ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണക്കാരായ ആളുകള്‍ സ്വര്‍ഗനരകങ്ങളില്‍ വിശ്വസിച്ച് നന്‍മയുടെ വഴിയെ പോകുന്നെങ്കില്‍ അത്രയും നല്ലത്. അതിനാല്‍ പ്രത്യക്ഷത്തില്‍ സാധാരണവിശ്വാസിയെ അനുകൂലിക്കുന്നു. അതോടൊപ്പം, ആ വഴി പോയാല്‍ കിട്ടുന്നത് സോമരസലഹരിയിലെ സ്വപ്നാനുഭൂതി മാത്രമാണെന്ന സത്യം രേഖപ്പെടുത്തുകയും ചെയ്യുന്നു.
(തുടരും)





