
ഗീതാദര്‍ശനം - 289
Posted on: 23 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
തപാമ്യഹമഹം വര്‍ഷം
നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമര്‍ജുന
അല്ലയോ അര്‍ജുനാ, ലോകത്തിനു ഞാന്‍ ചൂടു നല്‍കുന്നു. മഴ പെയ്യിക്കയും പെയ്യിക്കാതിരിക്കയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും ഉണ്മയും ഇല്ലായ്മയും ഞാന്‍തന്നെ.
ചരാചരങ്ങള്‍ക്ക് ഹിതമെന്നപോലെ അഹിതവും ലോകത്ത് സംഭവിക്കുന്നല്ലോ. അതിന് ആത്യന്തികമായി ആരാണുത്തരവാദി എന്ന സംശയം വേണ്ട. പരമാത്മാവുതന്നെ. പരമാത്മാവില്‍നിന്ന് തുടങ്ങുന്ന ഊര്‍ജം പ്രകൃതിയിലൂടെ പ്രകടമാകുന്നത് ദ്വന്ദ്വാധിഷ്ഠിതമായ വൈരുധ്യങ്ങളായാണ്. പ്രകൃതിയുടെ സ്വഭാവമാണ് അതിന് ഹേതു. ചൂടും തണുപ്പും മഴയും വെയിലും നിലനില്പും മരണവും ഉണ്മയും ഇല്ലായ്മയും ഇങ്ങനെയാണ് സംഭവിക്കുന്നത്.
ഹീറ്ററില്‍ ചൂടും ബള്‍ബില്‍ വെളിച്ചവും ഫ്രിഡ്ജില്‍ തണുപ്പുമുണ്ടാകുന്നത് ഒരേ വൈദ്യുതിയില്‍നിന്നാണ്. അണുബോംബും വൈദ്യുതിയുമുണ്ടാക്കാന്‍ ഒരേ ആണവോര്‍ജത്തിനു കഴിയും. പക്ഷേ, കാന്തമുണ്ടെങ്കില്‍ ഇരുധ്രുവങ്ങളുമുണ്ടാകാതെ തരമില്ല. വൈരുധ്യങ്ങളായി പിരിയുമ്മുമ്പുള്ള ആ ഊര്‍ജത്തെയാണ് അറിയേണ്ടത്. ദ്വന്ദ്വങ്ങളുടെ അപ്പുറം കാണണം. ആ കാഴ്ച കിട്ടിയാല്‍ മാറ്റമെന്ന മരണത്തെയും മാറ്റമില്ലായ്മയെന്ന അമൃതത്വത്തെയും ശരിയായി മനസ്സിലാക്കാന്‍ കഴിയും. പ്രത്യക്ഷമായ ഉണ്മയുടെയും ഇല്ലായ്മയുടെയും പിന്നിലെ സത്യാവസ്ഥ തെളിയും. വേദാന്തം ഈ കാര്യം പറയുന്നത് വ്യക്തത്തെയും അവ്യക്തത്തെയും ഉപാധിയാക്കിയാണ്. സത്ത് കാരണത്തെയും (അവ്യക്തം) അസത്ത് കാര്യത്തെയും (വ്യക്തം) സൂചിപ്പിക്കുന്നു. സങ്കല്പങ്ങളെയും (അവ്യക്തം) വിഷയങ്ങളെയും (വ്യക്തം) പ്രകാശിപ്പിക്കുന്നത് ആത്മാവാകയാല്‍ രണ്ടിന്റെയും സത്ത ആത്മാവുതന്നെ എന്നു പറയാം.
വൈരുധ്യങ്ങളെ സമതുലനം ചെയ്തു നിര്‍ത്തിയും അതേസമയം, അവയെ ഉപയോഗിച്ചുമാണ് ശരീരം നിലനില്‍ക്കുന്നത്. ചൂടും തണുപ്പും ഉദാഹരണം. അവയെ വേണ്ട രീതിയില്‍ സമരസപ്പെടുത്തി നിര്‍ത്തുന്നു. ധന-ഋണ കാന്തധ്രുവങ്ങളെയും വൈദ്യുതികളെയും ഇതുപോലെ ആസ്പദിക്കുന്നു. വെള്ളത്തെ അടിസ്ഥാനസാമഗ്രിയായി ഉപയോഗിക്കുമ്പോഴും അതിന്റെ അളവ് സദാനേരവും ക്രമീകരിക്കുന്നു. അന്തരീക്ഷമര്‍ദവും ഗുരുത്വാകര്‍ഷണവും മറ്റുമായി ഇതേപടിയുള്ള അനുഗ്രഹനിഗ്രഹബന്ധത്തിന് വിധേയമാണ് നമ്മുടെ ശരീരം. അണുജീവികള്‍ മുതല്‍ വന്യമൃഗങ്ങള്‍വരെ എല്ലാമായും മനുഷ്യന് ഇതേ അടിസ്ഥാനത്തിലുള്ള സ്‌നേഹ-വിദ്വേഷബന്ധം നിലനില്‍ക്കുന്നത് കാണാം. മനസ്സും ബുദ്ധിയുംതന്നെ വിരുദ്ധധ്രുവങ്ങളില്‍ ചാഞ്ചാടുന്നത് അനുഭവമാണല്ലോ. ഈ 'തിരമാലത്തിരക്കഥ'യ്ക്ക് അപ്പുറത്തേക്കു നോക്കിയാലേ യഥാര്‍ഥസത്ത എന്തെന്നറിയൂ. ഇതിനകത്തുതന്നെ നില്‍ക്കക്കള്ളി കാണാന്‍ ശ്രമിച്ചാല്‍ അല്ലറച്ചില്ലറ ഫലമുണ്ടായേക്കാം. പക്ഷേ, അത് 'താത്കാലിക'മേ ആവൂ.
(തുടരും)





