
ഗീതാദര്‍ശനം - 288
Posted on: 22 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷി
നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം
നിധാനം ബീജമവ്യയം
കര്‍മഫലത്തെ പോഷിപ്പിക്കുന്നവനും പ്രാപ്യസ്ഥാനവും ഭരിക്കുന്ന(നിലനിര്‍ത്തുന്ന)വനും നിയന്താവും സാക്ഷിയും (എല്ലാറ്റിനും) ഇരിപ്പിടവും അഭയവും സുഹൃത്തും ഉത്പത്തിയും പ്രളയവും സ്ഥിതിയും നിക്ഷേപവും നാശരഹിതമായ ബീജവും ഞാനാകുന്നു.
ഗതിഃ = കര്‍മഫലം. ഭര്‍ത്താ = പോഷകന്‍. പ്രഭുഃ = സ്വാമി. സാക്ഷി = പ്രാണികളാല്‍ ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായ കര്‍മങ്ങള്‍ക്ക് സാക്ഷിയായവന്‍. നിവാസഃ = സകല പ്രാണികള്‍ക്കും വാസസ്ഥാനം. ശരണം = ആശ്രയിക്കുന്ന ആര്‍ത്തന്‍മാരുടെ ദുഃഖത്തെ കളയുന്നവന്‍. സുഹൃത് = പ്രത്യുപകാരത്തെ ഇച്ഛിക്കാതെ ഉപകാരം ചെയ്യുന്നവന്‍. പ്രഭവഃ = ജഗത്തിന്റെ ഉത്പത്തി. പ്രലയഃ = (ജഗത്ത്) യാതൊന്നില്‍ പ്രകര്‍ഷേണ ലയിക്കുന്നുവോ അത്. സ്ഥാനം = ആധാരം. നിധാനം = നിക്ഷേപം - കാലാന്തരത്തില്‍ ജീവികള്‍ക്ക് ഭോഗ്യമായിട്ടുള്ളത്. ബീജം = പ്രരോഹകാരണം = വളരുക എന്ന ധര്‍മത്തോടുകൂടിയ എല്ലാറ്റിനും വളരുവാനുള്ള കാരണം. അവ്യയം = നാശമില്ലാത്തത്. 'യാതൊന്നും ബീജം കൂടാതെ വളരുന്നില്ല. എന്നാല്‍ വളര്‍ച്ച എന്നും കാണപ്പെടുന്നതുകൊണ്ട് ബീജം എന്നും നശിക്കാതെ ഇരിക്കുന്നെന്നറിയപ്പെടുന്നു.' - ശാങ്കരഭാഷ്യം. (മരമായി മുളയ്ക്കുന്നതോടെ വിത്ത് ഇല്ലാതാകില്ലേ എന്ന സംശയം വേണ്ട. വിത്ത് അപ്പോള്‍ ആ മരത്തില്‍ ഉണ്ടല്ലോ. രൂപാന്തരംകൊണ്ട് അഭാവം സിദ്ധിക്കുന്നില്ല.)
ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ പരമാത്മാവല്ലാതെ ഒന്നുമില്ല. ഈ നിറവ് അറിയാന്‍ കഴിഞ്ഞാല്‍ അറിവ് തികഞ്ഞു. കഴിഞ്ഞില്ലെങ്കില്‍ ആത്മബോധത്തിലേക്കുള്ള എന്‍ട്രന്‍സ് കടക്കാനാവില്ല.
(തുടരും)





