githadharsanam

ഗീതാദര്‍ശനം - 287

Posted on: 21 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം



പിതാഹമസ്യ ജഗതഃ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാരഃ
ഋക്‌സാമയജുരേവ ച
ഈ ജഗത്തിന് അച്ഛനും അമ്മയും മുത്തച്ഛനും ഈ ജഗത്തില്‍ കര്‍മഫലങ്ങള്‍ നല്‍കുന്നതും ഞാനാകുന്നു. അറിയപ്പെടേണ്ട തത്ത്വവും ശുദ്ധിയെ ചെയ്യുന്നതും ഓങ്കാരവും ഋക്‌സാമയജുര്‍വേദങ്ങളും ഞാന്‍തന്നെ.

പരമാത്മാവില്‍നിന്നുയിര്‍ത്ത പ്രകൃതിയാണ് ചരാചരങ്ങളുടെ അമ്മ. അതിനാല്‍ ചരാചരങ്ങളുടെ മുത്തച്ഛനാണ് പരമാത്മാവ്. പ്രകൃതിയില്‍ ബീജസ്​പന്ദമായതും പരമാത്മാവായതിനാല്‍ പിതാവുമാണ്. അതായത്, പിതൃപ്രീതിക്കായി ചെയ്യുന്നതെല്ലാം പരമാത്മാവിനെ ഉദ്ദേശിച്ചാണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടതെന്ന് നനുത്ത ചിരി. കര്‍മഫലം കാംക്ഷിച്ചാണ് യാഗയജ്ഞങ്ങളെങ്കില്‍ അവയും പരമാത്മാവിനെ ഉദ്ദേശിച്ചാണ് ചെയ്യേണ്ടത്. കാരണം, ജഗത്തില്‍ എല്ലാ കര്‍മഫലങ്ങളും നല്‍കുന്നത്, സകല ദേവതകളുടെയും ഈശ്വരനായ പരമാത്മാവല്ലാതെ മറ്റാരുമല്ല. അറിയപ്പെടേണ്ടതും ശുദ്ധസ്വരൂപവുമായ വസ്തു, ഓങ്കാരം, ഋക്‌സാമയജുര്‍വേദങ്ങള്‍ ('ച' ശബ്ദംകൊണ്ട് അഥര്‍വവേദം, ഇതിഹാസപുരാണാദികള്‍ എന്നിവയെക്കൂടി ഗ്രഹിക്കേണ്ടതാണെന്ന് 'കെ. എം.') മുതലായവയെല്ലാം പരമാത്മാവുതന്നെ. എന്തുകൊണ്ടെന്നാല്‍, ഓങ്കാരസൂചിതമായ പരമാത്മാവാണ് എല്ലാ വേദങ്ങളിലെയും അടിസ്ഥാനപ്രതിപാദ്യം.

(ഇവിടെ പറയുന്ന ആചാരാനുഷ്ഠാനങ്ങളെ ലോകത്തെങ്ങുമുള്ള എല്ലാ സമാനക്രിയകളോടും ഇവിടെ പറയുന്ന ഋക്‌സാമയജുസ്സുകളെ ലോകത്തെ എല്ലാ വേദപുസ്തകങ്ങളോടും (Scriptures) സമന്വയിപ്പിച്ചുവേണം കാണാന്‍.)

ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിയപ്പെട്ടതായി ഭവിക്കുന്നുവോ അതാണ് പരമാത്മാവ്. ആത്മാവിനെ അറിയുകയെന്നാല്‍ അപൂര്‍ണതാബോധത്തെ അതിജീവിക്കലാണ്. അപ്പോഴേ നിത്യമായ ശാന്തിയും സംതൃപ്തിയും കണ്ടെത്താനാവൂ. ആ നിര്‍വൃതി നേടുകയാണ് ജീവിതലക്ഷ്യം.

(തുടരും)



MathrubhumiMatrimonial