
ഗീതാദര്‍ശനം - 286
Posted on: 15 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
അഹം ക്രതുരഹം യജ്ഞഃ
സ്വധാഹമഹമൗഷധം
മന്ത്രോഹമഹമേവാജ്യം
അഹമഗ്‌നിരഹം ഹുതം
വൈദികമായ യാഗം ഞാനാകുന്നു. സ്മൃതികളില്‍ പറയുന്ന കര്‍മം ഞാനാകുന്നു. പിതൃക്കള്‍ക്കുള്ള അര്‍പ്പണം ഞാനാകുന്നു. ഔഷധം (അന്നം) ഞാനാകുന്നു. മന്ത്രവും നെയ്യ് മുതലായ ഹോമദ്രവ്യങ്ങളും അഗ്‌നിയും ഹോമക്രിയയും ഞാന്‍തന്നെ.
'ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവി' (4, 24) എന്ന പദ്യത്തിന്റെ മാറ്റൊലിയല്ല ഇത്. (പ്രഹസന്‍ ഇവ) പുഞ്ചിരിച്ചുകൊണ്ടെന്നപോലെ ഉയര്‍ത്തുന്ന ഒരു ചൂണ്ടുവിരലാണ് ഇവിടെ കാണുന്നത്. മഹാഭാരതകാലത്തെ ഈശ്വരാരാധന അഗ്‌നിഹോത്രാദി ശ്രൗതകര്‍മങ്ങളെക്കൊണ്ടും (ക്രതുഃ) പഞ്ചയജ്ഞാദി സ്മാര്‍ത്തകര്‍മങ്ങളെക്കൊണ്ടും (യജ്ഞം) പിതൃപ്രീതിക്കായി ചെയ്യപ്പെടുന്ന ശ്രാദ്ധാദി കര്‍മങ്ങളെക്കൊണ്ടും (സ്വധാ) ഒക്കെ ആയിരുന്നു. ഇതെല്ലാം ചെയ്യുന്നവര്‍ പക്ഷേ, ഒരു കാര്യം അറിഞ്ഞിരുന്നില്ല. ഈ ക്രിയകളും അവയില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മന്ത്രശബ്ദങ്ങളും എന്തിന്, ഈ ക്രിയകള്‍ ചെയ്യുന്നവര്‍തന്നെയും യഥാര്‍ഥത്തില്‍ പരമാത്മസ്വരൂപങ്ങളാണെന്ന അറിവാണ് ഇല്ലാതിരുന്നത്. അങ്ങനെയൊരു ധാരണയും ധ്യാനവും ഉണ്ടായിരുന്നെങ്കില്‍ ഇതൊക്കെ ശരിയായി ഫലിച്ചേനെ എന്നാണ് നര്‍മം ചാലിച്ച ഓര്‍മപ്പെടുത്തല്‍. തീര്‍ന്നില്ല, കുറച്ചുകൂടി ഉണ്ട്.
(തുടരും)





