
ഗീതാദര്‍ശനം - 285
Posted on: 14 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
ജ്ഞാനയജ്ഞേന ചാപ്യന്യേ
യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന
ബഹുധാ വിശ്വതോമുഖം
വേറെ ചിലരാകട്ടെ, ഏകഭാവത്തിലും വെവ്വേറെ എന്നു ഭാവിച്ചും അനേകവിധമായി ജ്ഞാനയജ്ഞംകൊണ്ടുള്ള സാരൂപ്യശ്രമത്തിലൂടെ സര്‍വാത്മാവായ എന്നെ ഉപാസിക്കുന്നു.
വൈവിധ്യമാര്‍ന്ന പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത നാമരൂപങ്ങളെ നിരീക്ഷിച്ച് അവയില്‍ അന്തര്‍ലീനമായ ഈശ്വരചൈതന്യം കണ്ടെത്താനുള്ള പ്രയത്‌നമാണ് ജ്ഞാനയജ്ഞം. ഇതെങ്ങനെയാണ് ബഹുവിധമാകുക? ജ്ഞാനത്തിന്റെ വളര്‍ച്ചയില്‍ പല പടികളുമുണ്ട്. ഇവയില്‍ ഏതില്‍ നിലയുറപ്പിച്ചുമാകാം യജ്ഞം. യജ്ഞം തുടരുന്നതോടെ ജ്ഞാനം ക്രമേണ അടുത്ത പടിയിലേക്കു കയറും. ഏതെല്ലാമാണ് ഈ പടികള്‍? ഈ മഹാപ്രപഞ്ചത്തിന് അടിസ്ഥാനമായി അനന്യമായ ഒരു ശക്തിവിശേഷം ഉണ്ടെന്ന കണ്ടെത്തലാണ് ആദ്യപടി. അത് എന്റെ ഉടയോനാണ് എന്ന നിലപാട് സ്വീകരിക്കാം. 'തസ്‌മൈവാഹം' (ഞാന്‍ അതിന്റെയാണ്) എന്ന ഈ സങ്കല്പത്തില്‍ ഒരു അടിമ-ഉടമ ബന്ധമാണ് നിഴലിക്കുന്നത്. മാത്രമല്ല, ഈ ഉടമ അമൂര്‍ത്തവും തന്നില്‍നിന്ന് അന്യവും വിദൂരസ്ഥവുമാണ് (എങ്ങാണെന്ന് തിട്ടമില്ല). എന്നാല്‍, അടുത്ത പടിയിലെ 'തവൈവാഹം' (ഞാന്‍ അങ്ങയുടേതാണ്) എന്ന ഭാവനയില്‍ ധ്യാനവിഷയം സജീവവും സമീപസ്ഥവുമായിത്തീരുന്നു. ഇങ്ങനെ പോയി അവസാന പടിയില്‍ അറിയുന്നത് 'ത്വമേവാഹം' (ഞാന്‍ അങ്ങുതന്നെ) എന്നാണ്. അപ്പോഴും പക്ഷേ, ഇടയിലൊരു ഇടമുണ്ട്. അറിയുന്ന ഞാന്‍ അറിയപ്പെടുന്നതില്‍നിന്ന് അന്യമായിത്തന്നെ നില്‍ക്കുന്നു. ഇതുകൂടി ഇല്ലാതായാലേ അറിവ് തികഞ്ഞ് സാരൂപ്യം കൈവരൂ.
ശരിയായി അറിയാനുള്ള പരിശ്രമത്തെയാണ് യജ്ഞമായി പറയുന്നത്. അത് തുടങ്ങിയാല്‍ ഒരു കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയപോലെയാണ്, അങ്ങെത്തിക്കൊള്ളും. ഇടനിലകളെ തള്ളിപ്പറയേണ്ടതില്ല. ക്ഷമയോടെ കാക്കുക. വിശിഷ്ടാദൈ്വതമായാലും ദൈ്വതമായാലും പ്രകൃത്യാരാധനയായാലും മൂപ്പെത്തിയാല്‍ എല്ലാം പുഷ്പിച്ച് പ്രജ്ഞാനമായി ഫലിക്കും. പരമാര്‍ഥതത്ത്വമറിഞ്ഞ് അതുമായി പൊരുത്തപ്പെടാനുള്ള എല്ലാ വിധ ശ്രമങ്ങളെയും സാര്‍വത്രികമായ ഒരു സമ്പൂര്‍ണവീക്ഷണത്തില്‍ സമന്വയിപ്പിക്കാനാണ് ഗീത ശ്രമിക്കുന്നതെന്ന് നടരാജഗുരു ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു സമഗ്രവീക്ഷണത്തിന്റെ അഭാവത്താലാണ്, ഓരോ പ്രവാചകന്റെയും അനുയായികള്‍ മറ്റു പ്രവാചകരെ നിഷേധിക്കാനും ലോകത്തിലെ വിവിധമതങ്ങള്‍ പരസ്പരം ദ്വേഷിക്കാനും ഇടയാകുന്നത്.
(തുടരും)





