
ഗീതാദര്‍ശനം - 284
Posted on: 13 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
സതതം കീര്‍ത്തയന്തോ മാം
യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ
ദൃഢവ്രതരായ അവര്‍ എപ്പോഴും എന്നെ പ്രകീര്‍ത്തിച്ചും (സാരൂപ്യത്തിനായി) പ്രയത്‌നം ചെയ്തും എന്നെ നമസ്‌കരിച്ചും സ്ഥിരമായി എന്നോടു യോജിച്ചിരിക്കുന്നവരായി എന്നെ ഉപാസിക്കുന്നു.
വാദ്യഘോഷങ്ങളോടെ കൂട്ടം ചേര്‍ന്ന് ഉറക്കെ പാടുന്നത് സ്ഥൂലമായ കീര്‍ത്തനമാണ്. ഒരു ആദര്‍ശത്തെ ഉള്ളഴിഞ്ഞു വാഴ്ത്തുന്ന മനസ്സിന്റെ നിശ്ശബ്ദപ്രവര്‍ത്തനമാണ് ഇവിടെ ഉദ്ദേശിക്കുന്ന കീര്‍ത്തനം. അതെങ്ങനെ തീര്‍ച്ചപ്പെടുത്താം എന്നാണെങ്കില്‍, ഈ കീര്‍ത്തനം 'എപ്പോഴും ഉള്ള'താണെന്നു പറയുന്നുവല്ലോ. മറ്റേ കീര്‍ത്തനം വല്ലപ്പോഴുമല്ലേ സാധിക്കൂ?
നല്ല ദിവസം നോക്കി ഭക്തിയുടെ മധുരം പുരട്ടി ചില അനുഷ്ഠാനങ്ങള്‍ നടത്തിയാല്‍ വ്രതമായി എന്ന ധാരണയും തിരുത്തുന്നു. ഇവിടെ വ്രതം എന്നു പറയുന്നത് ഒരു സ്ഥിരമായ ജീവിതരീതിയെപ്പറ്റിയാണ്. അത് ദൃഢമായിരിക്കുകയും വേണം. സര്‍വഭൂതഹിതത്തിനായി കര്‍മം ചെയ്യുക എന്നതാണ് ആ വ്രതം. അതില്‍, തന്‍കാര്യം മുന്‍നിര്‍ത്തി ഒരു നീക്കുപോക്കും വരരുതെന്നാണ് 'ദൃഢ'ശബ്ദത്തിന്റെ വിവക്ഷ.
രാപകല്‍ നമസ്‌കരിക്കാന്‍ ശരീരംകൊണ്ട് സാധ്യമല്ലല്ലോ. മനസ്സുകൊണ്ടാണ് നമസ്‌കാരം വേണ്ടത്.
സാധിക്കാവുന്നതും അതാണ്. ഭക്തിയോടെയാണ് വണങ്ങേണ്ടത്. തന്മയീഭാവത്തോടെയാണ് ഉപാസിക്കേണ്ടത്.ആത്മസാരൂപ്യം സ്വയം നേടേണ്ട കാര്യമാണ്. മന്ത്രവാദിക്കോ വെളിച്ചപ്പാടിനോ ഗുരുവിനോ പുരോഹിതനോ ഒന്നും അത് വാങ്ങിത്തരാനാവില്ല. അതിനായി ഒരു യന്ത്രവും രൂപകല്പനചെയ്യാനും പറ്റില്ല. കൈവശമുള്ള യന്ത്രം നന്നായി ഉപയോഗിക്കുകയേ വഴിയുള്ളൂ. ഈ ശരീരവും മനസ്സും ബുദ്ധിയുംതന്നെയാണ് ആ യന്ത്രം. അതിനെ ഈ ലക്ഷ്യത്തിലേക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നാണ് ഗീത എന്ന ഉപയോഗനിര്‍ദേശപുസ്തകം (User's Manual) പറയുന്നത്. അല്ലാതെ, കീര്‍ത്തിച്ചാലോ കാലു പിടിച്ചാലോ നമസ്‌കരിച്ചാലോ പ്രസാദിച്ച് വരംതരുന്ന പുറമേക്കാരനായ ഒരു അധികാരകേന്ദ്രമാണ് പരമാത്മാവ് എന്നു തെറ്റായി ധരിപ്പിക്കാനല്ല. പ്രപഞ്ചത്തിലെങ്ങുമുള്ള പരമാത്മാവില്‍ത്തന്നെയാണ് നാമുമെന്നതിനാല്‍ നമുക്കു സൗകര്യം നമ്മുടെ കൈവശമുള്ള ഉപാധികളുപയോഗിച്ച് നമ്മില്‍ത്തന്നെ തിരയുകയാണല്ലോ.
(തുടരും)





