githadharsanam

ഗീതാദര്‍ശനം - 283

Posted on: 12 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം



മഹാത്മാനസ്തു മാം പാര്‍ഥ
ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസഃ
ജ്ഞാത്വാ ഭൂതാദിമവ്യയം

എങ്കിലോ അര്‍ജുനാ, മഹാത്മാക്കള്‍ ദൈവീപ്രകൃതിയെ ആശ്രയിച്ച്, എന്നെ നാശരഹിതമായ ചരാചരസ്രോതസ്സായി അറിഞ്ഞ് ഏകാഗ്രചിത്തരായി ഭജിക്കുന്നു. വ്യര്‍ഥകര്‍മങ്ങളില്‍നിന്ന് മനസ്സില്‍ ദുര്‍വാസനകളേ ഉണ്ടാവുകയുള്ളൂ. അവ ബുദ്ധിയെ കൂടുതല്‍ മോശപ്പെടുത്തുകയും ചെയ്യും. ഫലം അക്രമാസക്തിയായിരിക്കും. നേര്‍വിപരീതദിശയിലാണ് മഹത്വത്തിലേക്കുള്ള വഴി. മഹാത്മാവാകാന്‍ വളരെ എളുപ്പവുമാണ്. മൂന്ന് കാര്യങ്ങളേ വേണ്ടൂ. ഒന്ന്, ദേവപ്രകൃതിയെ ആശ്രയിക്കുക. മിതത്വം പാലിക്കുക.

കാമക്രോധങ്ങളെ കീഴടക്കുക. രണ്ട്, ആത്മസ്വരൂപത്തെ എല്ലാ ചരാചരങ്ങളുടെയും നാശരഹിതമായ ഉറവിടമായി അറിയുക. മൂന്ന്, ആ സ്വരൂപത്തെ നിരുപാധികമായ ഭക്തിയോടെ ധ്യാനിക്കുക.അറിവാണ് താക്കോല്‍. അതുപയോഗിച്ച് സൃഷ്ടിരഹസ്യത്തിന്റെ കലവറ തുറക്കുക. എല്ലാ ചരാചരങ്ങളുടെയും ഉറവിടം കണ്ടെത്തുക. അതുതന്നെയാണ് പരമമായ സത്യം എന്ന് മനസ്സിലുറപ്പിക്കുകയും, എല്ലാ ചരാചരങ്ങളുടെയും ഹിതത്തിനായി ക്രിയാത്മകമായി ജീവിക്കുകയും ചെയ്യുക.മഹാത്മാക്കളെപ്പറ്റി 'ജ്ഞാനേശ്വരി'യില്‍ ഇങ്ങനെ പറയുന്നു- ''പരിശുദ്ധമാനസന്‍മാരായ മഹാത്മാക്കളുടെ ഹൃദയത്തിലാണ് ഞാന്‍ നിത്യമായി വസിക്കുന്നത് ..... ഈ പാവനാത്മാക്കളുടെ ഹൃദയത്തില്‍ ജ്ഞാനമധു നിറഞ്ഞുനില്‍ക്കുന്നു .... അവര്‍ ഒരു ശാന്തിവൃക്ഷംപോലെയാണ് ..... പൂര്‍ണിമയുടെ ദിവ്യസൂനങ്ങള്‍ ആ വൃക്ഷത്തില്‍ വിരിയുന്നു .... മോക്ഷംപോലും അവര്‍ക്ക് ഒരു മഹാകാര്യമല്ല ..... ഇവര്‍ ഈശ്വരന്‍മാരെപ്പോലെ ഈ ലോകത്തില്‍ വര്‍ത്തിക്കുന്നു ..... അവര്‍ ഞാന്‍തന്നെ ആയിട്ട് അവരുടെ കര്‍മസായുജ്യത്താല്‍ എന്റെ ഹിതത്തെ മാത്രം ചെയ്യുന്നു.''

ഇങ്ങനെ ആയിത്തീര്‍ന്ന ആര്‍ക്കും സമൂഹത്തിലെ മറ്റുള്ളവരെ തന്നെപ്പോലെ കരുതാതിരിക്കാന്‍ കഴിയില്ല. എല്ലാവരെയും സ്‌നേഹിക്കാതിരിക്കാനോ ആര്‍ക്കു വേണ്ടിയും ക്‌ളേശം സഹിക്കാന്‍ തയ്യാറാവാതിരിക്കാനോ ഒക്കില്ല. ഇതിലും വലിയ ഒരു സ്ഥിതിസമത്വം ലോകത്ത് ഒരിടത്തും ഉദ്‌ബോധനം ചെയ്യപ്പെട്ടിട്ടില്ല. ഇതിനെ 'ആത്മീയ സോഷ്യലിസം' എന്നാണ് ചിന്‍മയാനന്ദ സ്വാമികള്‍ വിളിക്കുന്നത്. സമൂഹത്തിലെ എല്ലാ അപചയങ്ങള്‍ക്കും ഇത് ശാശ്വതപരിഹാരമാണെന്നതില്‍ തര്‍ക്കത്തിനിടമില്ല.

(തുടരും)



MathrubhumiMatrimonial