githadharsanam

ഗീതാദര്‍ശനം - 281

Posted on: 10 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം


അവജാനന്തി മാം മൂഢാഃ
മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തഃ
മമ ഭൂതമഹേശ്വരം

എല്ലാ ചരാചരങ്ങള്‍ക്കും മഹേശ്വരനായ എന്റെ പരമമായ ഭാവത്തെ അറിയാത്ത അവിവേകികള്‍ മനുഷ്യശരീരത്തെ ആശ്രയിക്കുന്നവനെന്ന് (കരുതുന്നതിലൂടെ) എന്നെ അനാദരിക്കുന്നു.

സത്യമറിയാത്തവര്‍ പരമാത്മാവിനെ ഏതെങ്കിലും നാമരൂപത്തില്‍ മാത്രം ഉള്ള ഉരുവമായി കരുതുന്നു. എല്ലാറ്റിലും ഒരുപോലെ ഉള്ള പരമാത്മാവ് ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുന്ന പ്രശ്‌നമില്ലല്ലോ. എല്ലാ വിഗ്രഹങ്ങളിലും ശരീരങ്ങളിലും പരമാത്മാവുണ്ട്. ഏതെങ്കിലും ഒന്നിലേ ഉള്ളൂ എന്നു കരുതിയാല്‍ അപകടമായി. കല്ലിന്റെയും മരത്തിന്റെയും ലോഹത്തിന്റെയും നാമത്തിന്റെയും പേരില്‍ സംഘര്‍ഷം ഫലം. അഗോചരമായ സത്യത്തിന്റെ പ്രതീകം മാത്രമാണ് വിഗ്രഹം.

പാത്രത്തെ അതിലെ പദാര്‍ഥമായി തെറ്റായി ധരിച്ചുകൂടാ.സങ്കടങ്ങളും തിന്മകളുമുണ്ടാകുന്നത് ദൈവത്തിന്റെ കടാക്ഷമില്ലാത്തതിനാലോ കഴിവുകേടുകൊണ്ടോ ദ്രോഹബുദ്ധികൊണ്ടോ ഒക്കെ ആണെന്ന തോന്നല്‍ ദൈവവും മനുഷ്യനെപ്പോലെയുള്ള ഒരു വ്യക്തിയാണെന്ന് ധരിച്ചിട്ടാണ്. ദൈവത്തിന്റെ മാനുഷീകരണം, മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അറിവു തികയായ്മയുടെ ലക്ഷണമാണത്.

പരമാര്‍ഥതത്ത്വം ഗ്രഹിക്കാത്തവരെല്ലാം അറിവില്ലാത്തവര്‍തന്നെ എന്നാണ് ഗീതയുടെ നിലപാട്. (ക്ഷേത്രം എന്ന വാക്ക് ഗീത ഉപയോഗിക്കുന്നത് നാമറിയുന്ന ആരാധനാലയം എന്ന അര്‍ഥത്തിലല്ല, ശരീരം എന്ന അര്‍ഥത്തിലാണ്. 'ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ' - 13, 2. 'അവിധിപൂര്‍വകം' എന്നെ ഭജിക്കുന്നവര്‍ക്കും ആ ഭജനയില്‍ ശ്രദ്ധ ഉളവാക്കുന്നതും അതിന് ആദ്യവസാനങ്ങളുള്ള ഫലങ്ങള്‍ ലഭിക്കാനിടയാക്കുന്നതും ഞാന്‍തന്നെയാണ് എന്നതൊഴികെ ക്ഷേത്രങ്ങളിലെ ആരാധനയെക്കുറിച്ച് ഗീതയില്‍ ഒരിടത്തും ഒന്നുംതന്നെ പറയുന്നില്ല.)
അവതാരസങ്കല്പത്തില്‍ വരാവുന്ന പിശകുകൂടി ഈ പദ്യം ചൂണ്ടിക്കാട്ടുന്നു. ഉപാധിയെ ഉടയോനായി കരുതുന്നതാണ് ആ പിശക്. പരമേശ്വരന്‍ എല്ലാ ചരാചരങ്ങളിലും സമനായി ഇരിക്കുന്നു (സമം സര്‍വേഷു ഭൂതേഷു തിഷുന്തം പരമേശ്വരം - 13, 27). ഒളിഞ്ഞാണോ തെളിഞ്ഞാണോ ഇരിപ്പെന്നതിലേ വ്യത്യാസമുള്ളൂ.

ഏതെങ്കിലും ഒന്നില്‍ തെളിഞ്ഞു കാണപ്പെടുന്നു എങ്കില്‍ അതില്‍ മാത്രമേ ഉള്ളൂ എന്നു വരുന്നില്ല. ഒന്നില്‍ പരമേശ്വരന്‍ ഇല്ല എന്നു പറയുന്നത്ര അബദ്ധമാണ് അതില്‍ മാത്രമേ ഉള്ളൂ എന്നു പറയുന്നതും. ഒരു വഴിയേ ഉള്ളൂ എന്നു വിശ്വസിക്കുന്നത് അവനവന്റെ ഇഷ്ടം. പക്ഷേ, വേറെ വഴിയില്ല എന്നു ശഠിച്ച് മറ്റു വഴികളിലൂടെ പോകുന്നവരോട് കലഹിക്കുന്നതാണ് കഷ്ടാല്‍ കഷ്ടതരമായ അറിവില്ലായ്മ. എല്ലാ മനുഷ്യരൂപങ്ങളിലും എന്നെ കാണാന്‍ കഴിയാത്തവര്‍ മൂഢന്മാരാണെന്നും ഈ പദ്യം സൂചിപ്പിക്കുന്നുണ്ട്. അരികിലുള്ള അനുജനെ കാണാന്‍ കണ്ണില്ലാത്തവര്‍ക്ക് അരൂപനായ ഈശ്വരന്‍ എന്നെന്നും അദൃശ്യനായിരിക്കും!

(തുടരും)






MathrubhumiMatrimonial