githadharsanam

ഗീതാദര്‍ശനം - 280

Posted on: 09 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം


മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൗന്തേയ
ജഗദ്വിപരിവര്‍ത്തതേ

ഹേ കുന്തീപുത്രാ, എന്റെ അധ്യക്ഷതയില്‍ പരാപ്രകൃതി എന്ന അക്ഷരമാധ്യമം എല്ലാ ചരാചരങ്ങളെയും ജനിപ്പിക്കുന്നു. അതു കാരണമായി പ്രപഞ്ചത്തില്‍ പരിവര്‍ത്തനം നടന്നുകൊണ്ടേയിരിക്കുന്നു.
പരമാത്മാവിന്റെ സാന്നിധ്യംകൊണ്ട് പ്രകൃതി ചൈതന്യവത്തായിത്തീരുന്നു. ആ ചൈതന്യം പ്രകടമാകുന്നത് വിരുദ്ധദ്വന്ദ്വങ്ങളുടെ കരണപ്രതികരണങ്ങളായും അതിന്റെ ഫലമായ സ്​പന്ദങ്ങളായുമാണ്. തുടര്‍ന്നുള്ള തിരക്കഥയ്‌ക്കെല്ലാം ഉത്തരവാദി പ്രകൃതിയാണ്.അപ്പോള്‍ ലോകത്തുള്ള സങ്കടങ്ങള്‍ക്കും തിന്മകള്‍ക്കുമൊന്നും ഉത്തരവാദി പരമാത്മാവല്ല എന്നാണോ? അതെ എന്നും അല്ല എന്നും പറയാം. എല്ലാറ്റിനും തുടക്കം പരമാത്മാവില്‍നിന്ന് ആയതിനാല്‍, അതെ. അക്ഷരമാധ്യമത്തിന്റെ സ്വഭാവവിശേഷമാണ് തരംതിരിവുകള്‍ സൃഷ്ടിക്കുന്നത് എന്നതിനാല്‍, അല്ല. പ്രകൃതിക്ഷോഭങ്ങളോ ജനനമരണങ്ങളോ അപകടങ്ങളോ ഒന്നും നിവാരണം ചെയ്യാനാവില്ല. ശരിയായ അറിവില്ലാത്ത ജീവിതം ദുഃഖകരമാണ് എന്നു പറയുന്നത് ഇതിനാലാണ്. പരമാത്മസ്വരൂപത്തെ ശരിയായി അറിയുകയും അതില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്താല്‍ രണ്ടു മെച്ചങ്ങളുണ്ട്. ഒന്ന്, സങ്കടങ്ങള്‍ സഹിക്കാനുള്ള കഴിവുണ്ടാവും. രണ്ട്, ആ സ്വരൂപവുമായി താദാത്മ്യം പ്രാപിച്ചാല്‍ അതിന്റെ സര്‍വതന്ത്രസ്വാതന്ത്ര്യം നമുക്കും അനുഭവിക്കാം.
ലോകത്തുള്ള തിന്‍മയും സങ്കടവും വേദനകളും അവയുടെ ഉറവിടവും സ്വഭാവവും സാന്ദര്‍ഭികമാണ് എന്നല്ലാതെ അവ ഉണ്മയല്ല എന്നു കരുതാന്‍ പഴുതില്ല. വെളിച്ചവും ഇരുളും രണ്ടും ഇല്ലാത്ത അവസ്ഥ പ്രകൃതിയില്‍ സാധിക്കില്ല. ഒന്നുണ്ടെങ്കില്‍ മറ്റേതുമുണ്ടായിരിക്കും. അക്ഷരമാധ്യമംതന്നെ ഇല്ല എന്നു കരുതിയാലേ അതിലെ ദ്വന്ദ്വങ്ങളുടെ അസ്തിത്വം നിഷേധിക്കാനാവൂ. അക്ഷരമാധ്യമമെന്ന ഒന്ന് ഇല്ലെങ്കില്‍പ്പിന്നെ പ്രപഞ്ചംതന്നെ ഇല്ല. അതിനാല്‍ സ്ഥിരമായ ദുഃഖശാന്തിക്ക് ഒരു വഴിയേ ഉള്ളൂ. (ശക്‌നോതീഹൈവ യഃ സോഢും - 5, 23). ബാഹ്യപ്രകൃതിയില്‍നിന്നുണ്ടാകുന്ന യാതനകളും വേദനകളും പ്രകൃതസഹജമെന്നു കണ്ട് സഹിക്കാനും, അകത്തെ കാമക്രോധങ്ങളില്‍നിന്നുണ്ടാകുന്ന ക്ഷോഭത്തെ ശരിയായ തിരിച്ചറിവിന്റെ ശിക്ഷണത്തില്‍ നിലയ്ക്കു നിര്‍ത്താനും കഴിഞ്ഞാല്‍ സുഖമായി. ദ്വന്ദ്വങ്ങള്‍ക്കതീതനായി സമതുലിതാവസ്ഥയില്‍ നിലനില്‍ക്കാന്‍ സാധിക്കണം. താമരയില വെള്ളത്തോട് ഇടപഴകുന്നപോലെ. അല്ലാതെ പരംപൊരുളിനെ അത്താണിയായോ രക്ഷകനായോ പ്രാപഞ്ചികസംഭവങ്ങളില്‍ വിധികര്‍ത്താവായോ കാണുന്നതില്‍ കാര്യമില്ല.

(തുടരും)



MathrubhumiMatrimonial