githadharsanam

ഗീതാദര്‍ശനം - 279

Posted on: 07 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ ഗുഹ്യയോഗം


ന ച മാം താനി കര്‍മാണി
നിബദ്ധനന്തി ധനഞ്ജയ
ഉദാസീനവദാസീനം
അസക്തം തേഷു കര്‍മസു
അല്ലയോ അര്‍ജുനാ, എന്നാല്‍ ഈ കര്‍മങ്ങളില്‍ ആസക്തിയില്ലാതെ ഉദാസീനനെപ്പോലെ ഇരിക്കുന്ന എന്നെ ഈ കര്‍മങ്ങള്‍ ബന്ധിക്കുന്നില്ല.
അക്ഷരാതീതമാണ് എല്ലാ കര്‍മങ്ങള്‍ക്കും ആധാരമെങ്കിലും അത് അസക്തമാണ്. അസക്തകര്‍മത്തിന് ഒരു ഉദാഹരണം സൂര്യന്റെ ഊര്‍ജവര്‍ഷം. താമര വിടര്‍ന്നാലും ഇല്ലെങ്കിലും, എന്ത് ഉണങ്ങിയാലുമില്ലെങ്കിലും ഭൂമിയിലെ എല്ലാ ജീവനും ഇല്ലാതായാലും സൂര്യന്‍ പ്രകാശിച്ചുകൊണ്ടേ ഇരിക്കും. താന്‍ ഊഞ്ഞാലായാലും കൊലക്കയറായാലും കയറിന് താത്പര്യഭേദമില്ല. അര്‍ബുദചികിത്സയ്ക്ക് ആയാലും അണുബോംബുണ്ടാക്കാനായാലും അണുശക്തിയുടെ സ്വഭാവം മാറുന്നില്ല. ഊര്‍ജങ്ങളുടെയും ഉരുവങ്ങളുടെയുമെല്ലാം നിദാനമായ അക്ഷരാതീതം ആനാസക്തിയുടെ ആത്യന്തികാവസ്ഥയാണ്.
സൃഷ്ടിക്ക് സ്രഷ്ടാവിനോടുള്ള ആസക്തിയാണ് ഭക്തി. ഭക്തന്‍ പരമാത്മാവുമായി താദാത്മ്യപ്പെടാനാണ് പ്രയത്‌നിക്കുന്നത്. അനാസക്തമാണ് പരംപൊരുള്‍ എന്നതിനാല്‍ അനാസക്തി ശീലിച്ചാല്‍ എളുപ്പമാവും. (ഭക്തനില്‍ പരംപൊരുളിന് 'പ്രിയം' ഉണ്ടാകുന്നതെവ്വിധമെന്ന് ഭക്തിയോഗമെന്ന പന്ത്രണ്ടാമധ്യായത്തില്‍ കാണാം.)
ഭക്തിയില്ലാത്തവനിലും പരമാത്മചൈതന്യം ഭക്തനിലുള്ള അളവില്‍ ഉണ്ടുതാനും. അനാസക്തമായതിനാല്‍ സാന്നിധ്യം പക്ഷഭേദമില്ലാതെയാണ്. അങ്ങോട്ടുള്ള തിരിച്ചറിവിന്റെയും താത്പര്യത്തിന്റെയും കാര്യത്തിലേ വ്യത്യാസമുള്ളൂ.
(തുടരും)



MathrubhumiMatrimonial