
ഗീതാദര്‍ശനം - 277
Posted on: 05 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ
ഗുഹ്യയോഗം
ഗുഹ്യയോഗം
യഥാകാശസ്ഥിതോ നിത്യം
വായുഃ സര്‍വത്രഗോ മഹാന്‍
തഥാ സര്‍വാണി ഭൂതാനി
മത്സ്ഥാനീത്യുപധാരയ
എങ്ങുമെത്തുന്ന മഹത്വമേറിയ വായു എപ്രകാരം സദാ ആകാശത്തില്‍ സ്ഥിതി ചെയ്യുന്നുവോ അപ്രകാരമാണ് എല്ലാ ഭൂതങ്ങളും എന്നിലിരിക്കുന്നത് എന്നറിയുക.
അക്ഷരാതീതത്തെ ആകാശത്തോടും അക്ഷരത്തെ വായുവിനോടും ഉപമിച്ചിരിക്കുന്നു. വായു ആകാശത്തിലിരിക്കുന്നു, ഭൂമിയിലെ ചരാചരങ്ങള്‍ വായുവിലിരിക്കുന്നു. അതുപോലെ ക്ഷരം അക്ഷരത്തിലിരിക്കുന്നു, അക്ഷരം അക്ഷരാതീതത്തില്‍ ഇരിക്കുന്നു. അപ്പോള്‍, ചരാചരങ്ങള്‍ ആകാശത്തിലിരിക്കുന്നു എന്നും ആകാശത്തിലല്ല ഇരിക്കുന്നത് എന്നും ഒരേസമയം പറയാം.
ഈ സങ്കല്പത്തില്‍ മിഥ്യകള്‍ക്ക് ഒരു സ്ഥാനവുമില്ല. അക്ഷരാതീതമോ അക്ഷരമൊരക്ഷരമോ ഒന്നും വെറും തോന്നലോ മായയോ ആശയമാത്രമോ അല്ല. മൂന്നും യാഥാര്‍ഥ്യമാണ്. പ്രപഞ്ചമെന്നത് കയറില്‍ പാമ്പെന്നപോലെയോ മരക്കുറ്റിയില്‍ ആള്‍രൂപം പോലെയോ ആരോപിക്കപ്പെടുന്ന മായക്കാഴ്ചയല്ല. (പ്രപഞ്ചം മിഥ്യയെന്ന കാഴ്ചപ്പാടില്‍നിന്ന് ഉളവായ സാമൂഹികവും രാഷ്ട്രീയവുമായ അനാസ്ഥ വരുത്തി വെച്ച വിന ചില്ലറയല്ല.)
(തുടരും)





