
ഗീതാദര്‍ശനം - 276
Posted on: 04 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ
ഗുഹ്യയോഗം
ഗുഹ്യയോഗം
ന ച മത്സ്ഥാനി ഭൂതാനി
പശ്യ മേ യോഗമൈശ്വരം
ഭൂതഭൃന്ന ച ഭൂതസ്ഥഃ
മമാത്മാ ഭൂതഭാവനഃ
പക്ഷേ, (യഥാര്‍ഥത്തില്‍) ഭൂതങ്ങള്‍ എന്നില്‍ ഇരിക്കുന്നില്ല. എന്റെ സ്വരൂപം ഭൂതങ്ങളെ ഉണ്ടാക്കുന്നതും ഭരിക്കുന്നതുമാണെന്നാലും ഭൂതങ്ങളില്‍ അത് ഇരിക്കുന്നില്ല. എന്റെ ഐശ്വരമായ യോഗവൈഭവം കാണുക!
ചരാചരങ്ങളുടെ സൃഷ്ടിയും ഭരണവും നിര്‍വഹിക്കുന്നത് ഞാനാണ്. പക്ഷേ, ചരാചരങ്ങള്‍ എന്നില്‍ ഇരിക്കുമ്പോഴും എന്നിലല്ല ഇരിക്കുന്നത്. ഞാനും പ്രപഞ്ചവുമായുള്ള ചേര്‍ച്ച-ചാര്‍ച്ചകളുടെ വൈഭവം പ്രത്യക്ഷത്തില്‍ വിസ്മയജനകമാണ്. പരംപൊരുളിനു മാത്രം സാധിക്കുന്ന തരത്തിലാണ് അത്. അക്ഷരത്തില്‍ അക്ഷരാതീതസ്പന്ദത്തിന്റെ അനുരണനങ്ങളായുണ്ടാകുന്ന അനന്തസ്പന്ദങ്ങളുടെ ചേരുവകളില്‍നിന്നും കരണപ്രതികരണങ്ങളില്‍നിന്നും ചരാചരങ്ങള്‍ ഉരുവപ്പെടുന്നു. അതിനാല്‍ അവയുടെ സൃഷ്ടിയും ഭരണവും അക്ഷരാതീതത്തിന്റെ വകയാണ് എന്നു പറയാം. സര്‍വവ്യാപിയാണ് അക്ഷരാതീതമെന്നതിനാല്‍ ചരാചരങ്ങളെല്ലാം അതില്‍ ഇരിക്കുന്നു എന്നും പറയാം. പക്ഷേ, ചരാചരങ്ങള്‍ കുടികൊള്ളുന്നത് അക്ഷരത്തിലാണ്. അതിനാല്‍ അവ അക്ഷരാതീതത്തിലല്ല ഇരിക്കുന്നതെന്നുകൂടി പറയാം.
(ഇതില്‍ ക്ഷരത്തെ മാത്രമേ മോഡേണ്‍ സയന്‍സ് അംഗീകരിക്കുന്നുള്ളൂ. അക്ഷരമെന്ന സാര്‍വത്രികമാധ്യമത്തെയോ അക്ഷരാതീതമെന്ന അടിസ്ഥാന ഊര്‍ജത്തെയോ സയന്‍സിനറിയില്ല. അളന്നും തൂക്കിയും കണക്കാക്കാനാവാത്തത് അതിന് അന്യമാണല്ലോ. അളവുകോലുകളുടെയും തൂക്കക്കട്ടികളുടെയും നാഴികമണികളുടെയും അടിസ്ഥാനമാനങ്ങള്‍ (fundamental units ) അസ്ഥിരമാകുന്നിടത്ത് അതിന് കടന്നു ചെല്ലാന്‍ കഴിയില്ല. എല്ലാ സ്ഥിരാങ്കങ്ങളും (physical constants) തുടര്‍ച്ചയായി അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ചിരപരിണാമിയായ അക്ഷരമാധ്യമത്തെ കണക്കിലെടുക്കുകയും ആ മാധ്യമത്തിന്റെ ഓരോ പ്രത്യേകാവസ്ഥയ്ക്കും 'പ്രാദേശിക സ്ഥിരാങ്കങ്ങള്‍' (regional constants ) സങ്കല്പിക്കുകയും ചെയ്താലേ പ്രപഞ്ചത്തിന്റെ യഥാര്‍ഥമാതൃകയ്ക്ക് രൂപം നല്‍കാനാവൂ എന്ന് മിക്കവാറും തീര്‍ച്ചയായിട്ടുമുണ്ട്. പ്രാദേശികമായ അടിസ്ഥാനമൂല്യങ്ങള്‍ വെച്ച് അളക്കാനാകാത്തതിനാല്‍, മുഴുപ്രപഞ്ചത്തിന്റെ ചിത്രം ഗണനേതരമേ (non-computational)ആകൂ.)
(തുടരും)





