
ഗീതാദര്‍ശനം - 275
Posted on: 03 Jul 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
മയാ തതമിദം സര്‍വം
ജഗദവ്യക്തമൂര്‍ത്തിനാ
മത്സ്ഥാനി സര്‍വഭൂതാനി
ന ചാഹം തേഷ്വവസ്ഥിതഃ
ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ പറ്റാത്ത പരമാത്മാവായ എന്നാല്‍ ഈ അഖിലപ്രപഞ്ചവും വ്യാപിക്കപ്പെട്ടിരിക്കുന്നു. ചരാചരങ്ങളെല്ലാം എന്നില്‍ ഇരിക്കുന്നു. ഞാനാകട്ടെ, അവയില്‍ ഇരിക്കുന്നുമില്ല.
നാശമുള്ള പ്രത്യക്ഷപ്രപഞ്ചം സ്ഥൂലമാണ്. അതിന്റെ അമ്മയായ അവ്യക്തം അഥവാ അക്ഷരപ്രപഞ്ചം കൂടുതല്‍ സൂക്ഷ്മമാണ്. (വ്യാപിക്കാനുള്ള ശേഷിയാണ് സൂക്ഷ്മത. അതിനു വിപരീതം എന്നാണ്, വലിപ്പമെന്നല്ല, ഇവിടെ സ്ഥൂലപദത്തിന് അര്‍ഥം.) അക്ഷരപ്രപഞ്ചത്തിന്റെയും പ്രഭവകേന്ദ്രമായ അക്ഷരാതീതമെന്ന പരംപൊരുള്‍ സൂക്ഷ്മത മമാണ്. അതിനെക്കാള്‍ സൂക്ഷ്മമായി ഒന്നുമില്ല. അത് എല്ലാടത്തും എല്ലാറ്റിലും വ്യാപിച്ചിരിക്കുന്നു. അതിനാല്‍ എല്ലാ ചരാചരങ്ങളും അതില്‍ ഇരിക്കുന്നു എന്നു പറയാം. അതു പക്ഷേ, ഒരു ചരത്തിലും അചരത്തിലും ഒതുങ്ങുന്നില്ല.
ഓരോ ചരവും അചരവും അത് എവിടെ എങ്ങനെ ഇരുന്നാലും ചലിച്ചാലും എപ്പോഴും പരംപൊരുളിലാണ് ഇരിക്കുന്നതും ചലിക്കുന്നതും. പരംപൊരുളാകട്ടെ, ഇതില്‍ ഒന്നിലും ഒതുങ്ങാത്തതുകൊണ്ട് ഏതെങ്കിലുമൊന്നില്‍ ഇരിക്കുന്നു എന്നു പറയാന്‍ വയ്യ. ഏതെങ്കിലുമൊന്നിനൊപ്പം ചലിക്കുന്നു എന്നും പറയാന്‍ വയ്യ. മനുഷ്യരിലാരെങ്കിലും താന്‍ ഈശ്വരനാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടികൂടിയാണ് ഇത്.
അനശ്വരതയും നശ്വരതയും തമ്മിലുള്ള ബന്ധത്തെ ഇഴ പിരിച്ചു കാട്ടുവാന്‍ തുടങ്ങുന്നു.
(തുടരും)





