githadharsanam

ഗീതാദര്‍ശനം - 274

Posted on: 02 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജഗുഹ്യയോഗം


അശ്രദ്ധധാനാഃ പുരുഷാഃ
ധര്‍മസ്യാസ്യ പരന്തപ
അപ്രാപ്യ മാം നിവര്‍ത്തന്തേ
മൃത്യുസംസാരവര്‍ത്മനി

ശത്രുക്കളെ തപിപ്പിക്കാന്‍ ശേഷിയുള്ളവനായ ഹേ അര്‍ജുനാ, ഈ ധര്‍മത്തില്‍ ശ്രദ്ധയില്ലാത്തവര്‍ എന്നെ പ്രാപിക്കാന്‍ കഴിയാതെ, മരണം മുഖമുദ്രയായ സംസാരത്തിലേക്ക് തിരിച്ചു പോകുന്നു.
'ശത്രുക്ക'ളെ തപിപ്പിക്കാന്‍ കഴിയാത്തവരുടെ കാര്യമാണ് തുടര്‍ന്നു പറയുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു സംബോധന. പരമശത്രുക്കളായ കാമക്രോധങ്ങള്‍ക്ക് കീഴടങ്ങുന്നവരുടെ ഗതിയാണ് പ്രതിപാദ്യം. ഇപ്പറഞ്ഞ ധര്‍മത്തില്‍ ശ്രദ്ധയില്ലാത്തത് കാമക്രോധങ്ങളോട് തോറ്റുപോകുന്നതിനാലാണ്. മനുഷ്യജന്മത്തിന്റെ കാതലായ ധര്‍മമാണ് ആത്മസ്വരൂപദര്‍ശനം. അതില്‍ ശ്രദ്ധയില്ലാത്തവര്‍ക്ക് പരംപൊരുളിനെ പ്രാപിക്കാന്‍ കഴിയില്ല.
ഒരര്‍ഥത്തില്‍ വിശ്വാസത്തെയും ഉള്‍ക്കൊള്ളുന്ന വാക്കാണ് ശ്രദ്ധ. ഇവിടെ പറയുന്ന ശ്രദ്ധ പക്ഷേ, പൊള്ളയായ വിശ്വാസമല്ല, വിവേകവിചാരങ്ങളില്‍ അടിയുറച്ച വിശ്വാസമാണ്. ''ശാസ്ത്രങ്ങളുടെയും ഗുരുവാക്യങ്ങളുടെയും സത്യത്തെ ശരിയായി ബോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ രൂപപ്പെടുത്തുന്ന''താണ് ശ്രദ്ധ എന്ന് ആചാര്യസ്വാമികള്‍ വിശദീകരിക്കുന്നു.

(തുടരും)



MathrubhumiMatrimonial