githadharsanam

ഗീതാദര്‍ശനം - 273

Posted on: 01 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജഗുഹ്യയോഗം


രാജവിദ്യാ രാജഗുഹ്യം
പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധര്‍മ്യം
സുസുഖം കര്‍ത്തുമവ്യയം

ഇത് വിദ്യയുടെ രാജാവും പരമരഹസ്യവും പരിശുദ്ധവും ഉത്തമവും നേരിട്ട് അനുഭവിച്ച് അറിയാവുന്നതും ധാര്‍മികവും പരിശീലിക്കാന്‍ സുഖമുള്ളതും നാശരഹിതവുമാണ്.

ഈ വിദ്യ മറ്റെല്ലാ വിദ്യകളെയും രഞ്ജിപ്പിക്കുന്നതിനാല്‍ ഇതിനെക്കാള്‍ വലിയ ഒരു വിദ്യയില്ല. എല്ലാറ്റിനും അടിയില്‍ കിടക്കുന്നതാകയാല്‍ ഇതിലേറെ നന്നായി ഒളിവിലിരിക്കുന്ന മറ്റൊന്നുമില്ല. ഇതുമായി ബന്ധപ്പെടുന്ന ആരുടെയും മാലിന്യങ്ങള്‍ ഇത് അകറ്റുന്നതാകയാല്‍ വിശുദ്ധം. ഇതിനെക്കാള്‍ അഭികാമ്യമായി മറ്റൊന്നില്ലാത്തതിനാല്‍ ഉത്തമം. 'നേരിട്ട് അനുഭവിച്ച് അറിയാവുന്ന'തെന്നാല്‍ തികച്ചും ബോധ്യപ്പെട്ടു പഠിത്തം തുടരാന്‍ കഴിയുന്നത്. ഒരടി മുന്നോട്ടു വെച്ചാല്‍ അതിന്റെ ഗുണം നേരിട്ടനുഭവപ്പെടുന്ന വഴിയാണ്.

ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ ധര്‍മം. ഓരോ ഉരുവവും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയുടെ ഫലമായി ഓരോന്നിനും ഓരോ പ്രത്യേകധര്‍മമുണ്ട്. പക്ഷേ, ആ വ്യത്യസ്തതകള്‍ക്കടിയില്‍ ആത്യന്തികമായ ഒരു ധര്‍മംകൂടി ഉണ്ട്. ആ പരമമായ ധര്‍മം പരംപൊരുളില്‍ തിരികെ ലയത്തെ പ്രാപിക്കലാണ്. ഈ വിദ്യ അതിനുള്ളതാണ്. അതിനാലിത് പരമധാര്‍മികമാകുന്നു.
ഇത്ര വലിയ ഈ കാര്യം വശമാക്കല്‍ ക്ലേശകരമല്ലെന്നുകൂടി പറയുന്നു. ജീവന്റെ സ്വാഭാവികവൃത്തിയായിരിക്കെ ഈ വഴിയിലെ പുരോഗതി പോകെപ്പോകെ കൂടുതല്‍ ആനന്ദകരമായിത്തീരുന്നു. കഠിനമായ നിഷ്ഠയോ ജീവിതനിരാസമോ ഗുഹാവാസമോ കാഷായമോ പഞ്ചാഗ്‌നി മധ്യത്തില്‍ ഘോരമായ തപസ്സോ ഒന്നും ആവശ്യമില്ല.

ഇത് നാശരഹിതവുമാണ്. നീന്താനോ സൈക്കിള്‍ ചവിട്ടാനോ ഒരിക്കല്‍ പഠിച്ചാല്‍ പിന്നീടത് ജീവിതകാലം മുഴുക്കെ മറക്കാറില്ലെന്ന് നമുക്കറിയാം. ആ വിദ്യ ആജീവനാന്തമാണ്. പക്ഷേ, അപരാവിദ്യയായതിനാല്‍ ജന്മാവസാനത്തോടെ അത് നഷ്ടമാകുന്നു. ഈ വിദ്യയാകട്ടെ, പരാവിദ്യയായതിനാല്‍ ഒരിക്കലും നാശമില്ലാത്തതത്രെ. ഈ വിദ്യയുടെ അല്പപരിചയംപോലും വലിയ ഭയങ്ങളില്‍നിന്ന് നമ്മെ രക്ഷിക്കുന്നതെങ്ങനെ എന്നു നേരത്തേ പറയുകയുണ്ടായി (നേഹാഭിക്രമനാശോസ്തി....ത്രായതേ മഹതോ ഭയാത് - 2, 40.).

ഈ കോഴ്‌സിന് ചേരാന്‍ ഒരു എന്‍ട്രന്‍സ് പരീക്ഷയും പാസ്സാകേണ്ടതില്ല. ശ്രദ്ധയുള്ള മനുഷ്യനായിരിക്കുക, അസൂയയില്ലാതിരിക്കുക - ഇത്ര മാത്രമാണ് മിനിമം ക്വാളിഫിക്കേഷന്‍. ഇത്രയൊക്കെ സൗകര്യവും സാധ്യതകളും ഉണ്ടായിട്ടും ഇതിലേ പോകാതിരുന്നാലോ?

(തുടരും)





MathrubhumiMatrimonial