
ഗീതാദര്‍ശനം - 272
Posted on: 30 Jun 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജഗുഹ്യയോഗം
ഇദം തു തേ ഗുഹ്യതമം
പ്രവക്ഷാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യത് ജ്ഞാത്വാ മോക്ഷ്യസേശശശുഭാത്
യാതൊന്നറിഞ്ഞാല്‍ അമംഗളത്തില്‍നിന്ന് നീ മോചിതനാകുമോ ആ പരമരഹസ്യമായ ജ്ഞാനം, അസൂയയില്ലാത്ത നിനക്ക്, അനുഭവജ്ഞാനമടക്കം ഞാന്‍ പറഞ്ഞുതരാം.
അറിവു നേടാന്‍ പ്രാഥമികമായി വേണ്ടത് ഭേദബുദ്ധിയില്ലാത്ത മനസ്സാണ്. അറിവുള്ളവരോട് അസൂയയും അവജ്ഞയും ''ഇവനാരെടാ, എന്നെക്കാള്‍ വിവരമുള്ളൊരുവന്‍!'' എന്ന അഹന്തയും ഒട്ടും പാടില്ല. അത്തരം മാനസികാവസ്ഥയും ശിഷ്യത്വവും ഒരുമിച്ച് നടപ്പില്ല. (യോഗ്യരായ ശിഷ്യരെ ഉപനിഷത്തുകളില്‍ ഗുരുനാഥര്‍ സംബോധന ചെയ്യുന്നത് 'സൗമ്യ', 'വത്സ' എന്നൊക്കെയാണ്.) തന്റെ ഉള്ളില്‍നിന്നുതന്നെ വരുന്ന വിവേകത്തെ അവഗണിക്കുന്നത് ആത്മസംസ്ഥമായ ഗുരുത്വത്തോടുതന്നെയുള്ള അസൂയയുടെ ഗണത്തില്‍ പെടുന്നു എന്നുകൂടി ഈ പദ്യത്തിന് താത്ത്വികതലത്തില്‍ അര്‍ഥമുണ്ട്.
ജീവിതം അശുഭകരമാകുന്നത് ചുറ്റുമുള്ള ലോകത്തെയും തന്നെത്തന്നെയും ശരിയായി അറിയാന്‍ കഴിയാത്തതിനാലാണ്. ഓടിക്കുന്ന വണ്ടിയെക്കുറിച്ചും വഴിയെക്കുറിച്ചും വേണ്ടത്ര അറിവുണ്ടായാല്‍ ഏതു യാത്രയും സുഗമമാകുമല്ലോ. ഈ അറിവാകട്ടെ, തിയറി മാത്രമായാല്‍ പോരാ, പരിചയംകൂടി ഉള്‍പ്പെട്ടതാകണം. ജ്ഞാനവും വിജ്ഞാനവും അനിവാര്യം. (ഡോ. രാധാകൃഷ്ണന്‍ തന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്റെ കൈമുതലിനെ ജ്ഞാനമെന്നും ഋഷീശ്വരന്റെ അനുഭൂതിയെ വിജ്ഞാനമെന്നും തരംതിരിച്ചു വയ്ക്കുന്നു.)
ഈ അറിവ് പരമരഹസ്യമാകുന്നത് അത് പ്രത്യക്ഷമല്ലാത്തതുകൊണ്ടുതന്നെ. അത് പ്രാപഞ്ചികതയുടെ ഉള്ളില്‍, ഒരായിരം ആവരണങ്ങള്‍ക്കകത്ത്, ഇരിക്കുന്നു. മൂടല്‍പ്പാടകള്‍ കീറിമാറ്റിയാലേ അതിനെ കാണൂ. കണ്ടുകിട്ടിയാലും ശരിയായ മനോഭാവമുണ്ടായാലേ വശമാകൂ. 'പ്രകാശപ്രചുരിമ തിരളുന്ന' ഈ ദിവ്യരത്‌നം 'പാരാവാരത്തിനുള്ളില്‍ പരമിരുള്‍നിറയും കന്ദര'ത്തിലാണ് കിടക്കുന്നത്. അത് മുങ്ങിയെടുക്കാന്‍ പ്രയത്‌നം കൂടാതെ കഴിയില്ല. പക്ഷേ, ആ രത്‌നത്തോടുള്ള ആഭിമുഖ്യം ജീവനില്‍ സ്വഭാവേന ഉണ്ട്. (ഈ അറിവ്, അതിനെ തിരിച്ചറിയാനുള്ള കഴിവിന്റെ വാതില്‍ക്കല്‍ എത്തിയിട്ടില്ലാത്തവരില്‍നിന്ന് രഹസ്യമായി സൂക്ഷിക്കുകയാണ് നല്ലതെന്ന ധ്വനികൂടി കാണാം.)
(തുടരും)





