
ഗീതാദര്‍ശനം - 270
Posted on: 28 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
വേദേഷു യജ്ഞേഷു തപസ്സു ചൈവ
ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം
അത്യേതി തത് സര്‍വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം
വേദം പഠിച്ചാലും യാഗം ചെയ്താലും തപസ്സനുഷ്ഠിച്ചാലും ദാനങ്ങള്‍ നല്‍കിയാലുമൊക്കെ എന്ത് പുണ്യം കിട്ടുമെന്നാണോ പറയപ്പെട്ടിട്ടുള്ളത് അതിനെയെല്ലാം അതിക്രമിച്ച് ഇത് (ദേവാസുരമാര്‍ഗങ്ങളുടെ രഹസ്യം) അറിയുന്ന ധ്യാനയോഗി സര്‍വത്തിനും ആദികാരണമായ പരമപദത്തെ പ്രാപിക്കുന്നു.
സമൂഹത്തിലെ എല്ലാ ഉച്ചനീചത്വങ്ങളെയും ഒറ്റയടിക്ക് നിലംപരിശാക്കുന്ന അതിധീരമായ സമാപന ശ്ലോകമാണ് ഇത്. യാഗം ചെയ്തും വേദം പഠിച്ചും സ്വര്‍ഗം നേടാമെന്ന് ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നു. പക്ഷേ, ഇത് രണ്ടും ചെയ്യാന്‍ പ്രത്യേകജാതികള്‍ക്കേ അവകാശവും അധികാരവും ഉണ്ടായിരുന്നുള്ളൂ. അത് ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിയുമായിരുന്നു. ഇടനിലക്കാരായ പുരോഹിതവര്‍ഗത്തിന്റെ സഹായസഹകരണങ്ങളില്ലാതെ ഇതു രണ്ടും ചെയ്യാനും പറ്റില്ല. തപസ്സു ചെയ്യാനും ഉയര്‍ന്ന ജാതികള്‍ക്കേ അധികാരമുണ്ടായിരുന്നുള്ളൂ. അതുപോലെ, വ്യാപകമായി ദാനം ചെയ്യണമെങ്കില്‍ ധാരാളം കൈയിരിപ്പുള്ളവര്‍ക്കല്ലേ പറ്റൂ? എന്നാലോ, എല്ലാ ആളുകള്‍ക്കും ഇതൊക്കെ ചെയ്യാന്‍ അവകാശവും അധികാരവും വേണമെന്നല്ല ഭഗവാന്റെ ഉറച്ച നിശ്ചയമായി വ്യാസര്‍ (നിറകണ്‍ ചിരിയോടെ) പറയുന്നത്, ഇതിനേക്കാള്‍ എത്രയോ മഹത്തായത് ആര്‍ക്കും നേടാവുന്നതായി അപ്പുറത്തുണ്ടെന്നാണ്. എച്ചിലിനും വറ്റിനും ആരെങ്കിലും കടിപിടി കൂടിക്കോട്ടെ, പാല്പായസം അപ്പുറത്തതാ എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വഴി പോയാല്‍ അങ്ങെത്തുമെന്നു മാത്രമല്ല ഉറപ്പിച്ചു പറയുന്നത്, മറ്റേ വഴി പോകുന്നവര്‍ അവിടെ ഒരിക്കലും എത്തില്ല എന്നുകൂടിയത്രെ!
ഏതു ജാതിയില്‍പ്പെട്ട ആര്‍ക്കും കുചേലനും കുബേരനും ആണിനും പെണ്ണിനും ഏതു പ്രായക്കാര്‍ക്കും (ഋതുവാര്‍ന്ന പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും എല്ലാം) ഒരുപോലെ ആശ്രയിക്കാവുന്ന പരമമായ മുക്തിമാര്‍ഗമാണ് ധ്യാനയോഗം. പരലോകസുഖത്തിനുള്ള ഇന്‍ഷുറന്‍സല്ല, ഈ ലോകത്തും പിന്നെ എന്നേക്കും പരമാനന്ദത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണ് അത്. ഏജന്റിന് കൈമടക്കേണ്ട, അപേക്ഷാഫോറം പൂരിപ്പിക്കേണ്ട, രജിസ്‌ട്രേഷന്‍ ഫീ കൊടുക്കേണ്ട, വെരിഫിക്കേഷന്‍ ഇല്ല. ചോദിച്ചു വാങ്ങുകപോലും വേണ്ട. ഇതാ ഇരിക്കുന്നു. എടുത്തോളുക, യഥേഷ്ടം!
ഇതി അക്ഷരബ്രഹ്മയോഗോ നാമ അഷ്ടമോ ശ ധ്യായഃ
അക്ഷരബ്രഹ്മയോഗമെന്ന എട്ടാമധ്യായം സമാപിച്ചു.
(തുടരും)





