
ഗീതാദര്‍ശനം - 269
Posted on: 27 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
നേതേ സൃതീ പാര്‍ഥജാനന്‍
യോഗീ മുഹ്യതി കശ്ചന
തസ്മാത് സര്‍വേഷു കാലേഷു
യോഗയുക്തോ ഭവാര്‍ജുന
അല്ലയോ പാര്‍ഥാ, ഈ മാര്‍ഗങ്ങളെ അറിയുന്ന ഒരു യോഗിയും വ്യാമോഹത്തില്‍പ്പെടില്ല. അതുകൊണ്ട്, ഹേ അര്‍ജുനാ, സദാകാലവും യോഗയുക്തനായി ഭവിക്കുക. (പരമാത്മാവില്‍ത്തന്നെ മനസ്സുറപ്പിക്കുക.)
മുന്‍പദ്യത്തിലെ സമാശ്വസനം ഒന്നുകൂടി ഉറപ്പിക്കുന്നു. മാത്രമല്ല, രണ്ടുവഴികളെയും കുറിച്ചുള്ള ശരിയായ അറിവാണ് രക്ഷാകവചം എന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. ദേവാസുരക്കമ്പവലി മനസ്സിലെ സ്വാഭാവികമായ കാര്യമാണെന്നും സ്വര്‍ഗത്തിനായുള്ള കാമനപോലും ഭോഗാസക്തിയുടെ വകഭേദമാണെന്നും അറിയുന്നതോടെ ആസുരവഴിയില്‍ മോഹിതനായി അകപ്പെടാനുള്ള പഴുതടഞ്ഞു. പിന്നെ വേണ്ടത് പ്രകാശത്തിന്റെ വഴിയില്‍ മുന്നേറാനുള്ള ഉപായമാണ്. എല്ലാ കാലത്തും യോഗയുക്തനായി ഇരിക്കുക എന്ന ഒരേ ഒരു ഉപായമേ ഉള്ളൂ. സര്‍വകാലത്തും എന്ന നിഷ്‌കര്‍ഷ ശ്രദ്ധിക്കുക. എന്തു ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും ഈശ്വരനോടു ചേര്‍ന്നിരിക്കുക. പ്രപഞ്ചവ്യാപിയായ ആനന്ദത്തില്‍ രമിച്ചുകൊണ്ടേ വാഴുക.
എല്ലാ കാലത്തും എന്നെ അനുസ്മരിക്കുക എന്നതിന്റെ കൂടെ യുദ്ധവും ചെയ്തുകൊണ്ടേ ഇരിക്കുക എന്ന് നേരത്തേ നിര്‍ദേശിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയോ കര്‍ത്തവ്യത്തെയോ ഉപേക്ഷിക്കുന്നതല്ല ശരിയെന്നു നിശ്ചയം. 'ഭോഗത്തിനായിട്ടു കാംക്ഷിക്കാതെ'യും 'ഭോഗം വിധിമതം വര്‍ജിക്കാതെ'യും വിഹിതകര്‍മങ്ങള്‍ കൗശലത്തോടെയും സമത്വഭാവനയോടെയും നിഷ്‌കാമമായും അനുഷ്ഠിക്കുക. അതോടൊപ്പമാണ് നിതാന്തമായ പരമാത്മസ്മരണ നിലനിര്‍ത്തേണ്ടത്. ഇതിനപ്പുറം ഒരു സാധനയുമില്ല.
(തുടരും)





