githadharsanam

ഗീതാദര്‍ശനം - 268

Posted on: 26 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


ശുക്ലകൃഷ്ണ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാവര്‍ത്തതേ പുനഃ 26

ശുക്ലവും കൃഷ്ണവുമായ (ജ്യോതിസ്സിലേക്കും തമസ്സിലേക്കും നയിക്കുന്ന) ഈ വഴികള്‍ ലോകത്തില്‍ സ്ഥിരമാണെന്നു തന്നെ കരുതപ്പെടുന്നു. ഒന്നിലൂടെ പുനരാവൃത്തിരഹിതമായ മോക്ഷം പ്രാപിക്കുന്നു. മറ്റേത് ആവര്‍ത്തനത്തിലേക്ക് തിരികെ എത്തിക്കുന്നു.
പൂര്‍വവാസനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍ക്കുമൊന്നിനും നിന്നേടത്ത് നില്ക്കാന്‍ പറ്റില്ല. വെളിവിലേക്കോ ഇരുളിലേക്കോ അല്ലാതെ മൂന്നാമതൊരു വഴി പ്രപഞ്ചത്തില്‍ ഒരിക്കലുമില്ലതാനും. വഴി തിരഞ്ഞെടുക്കാനുള്ള പ്രകടമായ ഇച്ഛാസ്വാതന്ത്ര്യം മനുഷ്യര്‍ക്കേ ഉള്ളൂ. മറ്റുള്ളവ അവയുടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ വിലയിക്കുവോളം ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു.

മരണാനന്തരമുള്ള ഗതിയെ മാത്രമാണ് പരാമര്‍ശിക്കുന്നതെന്നു കരുതേണ്ടതില്ല. ജീവിച്ചിരിക്കെത്തന്നെ സാക്ഷാത്കാരം നേടാം. അല്ലെങ്കില്‍ ഐഹികമായ സുഖഭോഗങ്ങളെ ഇച്ഛിച്ചുകൊണ്ടുള്ള കര്‍മങ്ങളില്‍ ഏര്‍പ്പെടാം. ഇച്ഛ എങ്ങനെയോ അങ്ങനെയേ വരൂ എന്ന് നേരത്തേ കണ്ടുവല്ലോ. ആത്മസാരൂപ്യം നേടാനുള്ള ഇച്ഛ എല്ലാവരിലുമുണ്ട്. കാരണം, അത് ഉള്‍പ്പൊരുളിന്റെ അടിസ്ഥാന നിലപാടാണ്. പക്ഷേ, അതിനെ മറ്റേ വഴിക്കുള്ള ആകര്‍ഷണം അടിപ്പെടുത്തുന്നു. ഏതു വഴിക്കുള്ളതായാലും പൂര്‍വവാസനകള്‍ ബലിഷ്ഠങ്ങളാണ്.

ഈശ്വരാര്‍പ്പിതമായ ജീവിതം ശീലിക്കുന്നവര്‍ക്കുള്ള ചെറിയ താക്കീതും അതോടൊപ്പം, വലിയ സമാശ്വസനവും ഈ പദ്യത്തിലുണ്ട്. വിശ്വത്തില്‍ ഇങ്ങനെ രണ്ടു വഴികളുണ്ടെന്നു പറയുന്നത് വെവ്വേറെ മനുഷ്യര്‍ക്ക് വെവ്വേറെ വഴി എന്നതിനോടു കൂടിത്തന്നെ ഒരേ ആളിലും രണ്ടു വഴിക്കുമുള്ള പിടിവലി നടക്കുന്നു എന്നും സൂചിപ്പിക്കുന്നു. എത്ര ശ്രമിച്ചാലും സംയമനം പിഴയ്ക്കാമെന്നാണ് താക്കീത്. അഥവാ അങ്ങനെ പിഴച്ചാലും മറുപുറം ആഞ്ഞു തുഴഞ്ഞാല്‍ തോണിയുടെ തല വീണ്ടും താനുദ്ദേശിച്ചേടത്തേക്ക് തിരിക്കാന്‍ കഴിയും എന്ന് സമാശ്വസനവും.

(തുടരും)



MathrubhumiMatrimonial