മഴ ചതിക്കുന്നു; രാജ്യം വരള്‍ച്ചയിലേക്കെന്ന് ആശങ്ക

Posted on: 25 Jun 2009

-എം.കെ. അജിത്കുമാര്‍



ന്യൂഡല്‍ഹി: രാജ്യം വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കയുളവാക്കി രാജ്യമെങ്ങും കാലവര്‍ഷം കുറയുന്നു. മഴ കുറയുന്നത് കാര്‍ഷികമേഖലയെയും വൈദ്യുതി ഉത്പാദനത്തെയും മൊത്തം ആഭ്യന്തരവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. അടിയന്തര കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര കൃഷി സെക്രട്ടറി ടി. നന്ദകുമാര്‍ സംസ്ഥാനങ്ങളിലെ കൃഷി സെക്രട്ടറിമാരുടെ യോഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ട്. കാലവര്‍ഷം വൈകിയ സാഹചര്യത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച പ്രത്യേക യോഗം ചേര്‍ന്നിരുന്നു. മഴ കുറയുമെന്നാണ് പ്രവചനമെങ്കിലും ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യമാകെ ഇക്കൊല്ലം സാധാരണയിലും കുറവായിരിക്കുമെന്ന് ശാസ്ത്ര സാങ്കേതികമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 1941 മുതല്‍ 1990 വരെ ലഭിച്ച മഴയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയ ദീര്‍ഘകാല ശരാശരി 89 സെന്റീമീറ്റര്‍ മഴയാണ്. ഒരുപക്ഷേ ഇക്കുറി അത്രയും മഴയേ ലഭിക്കൂ. ദീര്‍ഘകാല ശരാശരിയുടെ 93 ശതമാനമായിരിക്കും ജൂലായില്‍ ലഭിക്കുന്ന മഴ. ആഗസ്തില്‍ ഇത് ഒരുപക്ഷേ കൂടാനിടയുണ്ട്.

ജൂണ്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മഴയുടെ അളവ് 52 ശതമാനം കുറഞ്ഞു. ദക്ഷിണേന്ത്യയില്‍ 23 ശതമാനമാണ് മഴ കുറഞ്ഞത്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 41 ശതമാനവും മധ്യമേഖലയില്‍ 75 ശതമാനവും വടക്കുകിഴക്കന്‍ മേഖലയില്‍ 53 ശതമാനവും മഴ കുറഞ്ഞു. ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം തുടങ്ങി പതുക്കെ വടക്കന്‍ മേഖലയിലും പശ്ചിമമേഖലയിലും ശക്തിപ്രാപിക്കുന്നത് സാധാരണ ജൂണിലാണ്. എന്നാല്‍ ഇക്കുറി പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയിലും മഴ എത്തിയിട്ടില്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ഗുജറാത്തിലും കാലവര്‍ഷമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷിച്ചതിലും ഒരാഴ്ച നേരത്തേ, മെയ് 23ന് കാലവര്‍ഷം കേരളത്തിലെത്തിയിരുന്നു. എന്നാല്‍ അതിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ 'ഐല' ചുഴലിക്കാറ്റുണ്ടാവുകയും അത് കാലവര്‍ഷത്തിന്റെ ഗതിയില്‍ വ്യതിയാനം വരുത്തുകയും ചെയ്തു. ഇടവേളയ്ക്കുശേഷം ജൂണ്‍ ഏഴിന് രത്‌നഗിരിയില്‍ മഴയെത്തി. എന്നാല്‍ അതിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ മഴക്കോളിന്റെ ലക്ഷണമൊന്നും ഉടലെടുത്തില്ല. സാധാരണഗതിയില്‍ ജൂണ്‍ 20-ഓടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലൊഴികെ രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കാലവര്‍ഷം തുടങ്ങേണ്ടതാണ്. എന്നാല്‍ ഇക്കുറി ഒറീസ്സ, മഹാരാഷ്ട്ര, വടക്കന്‍ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രണ്ടാഴ്ചയും ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ദക്ഷിണഗുജറാത്ത് എന്നിവിടങ്ങളില്‍ പത്തു ദിവസവും കാലവര്‍ഷം എത്തുന്നത് വൈകിയിട്ടുണ്ട്.


കേരളത്തില്‍ ജൂണില്‍ കുറഞ്ഞത് 37 ശതമാനം മഴ


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ ഇതുവരെ കാലവര്‍ഷത്തില്‍ 37 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 24 വരെയുള്ള കണക്കാണിത്. ഈ കുറവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലേതിന് ഏതാണ്ട് തുല്യമാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 38 ശതമാനം മഴ കുറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഏല്ലാ ജില്ലകളിലും ഇത്തവണ ലഭിച്ച മഴ ശരാശരിയിലും കുറവാണ്. ഏറ്റവും വലിയ കുറവ് മലപ്പുറം ജില്ലയിലാണ്, 53 ശതമാനം. തിരുവനന്തപുരത്ത് 49 ശതമാനവും, കൊല്ലത്ത് 50 ശതമാനവും, പത്തനംതിട്ടയില്‍ 33, കോട്ടയത്ത് 28, ആലപ്പുഴയില്‍ 19, ഇടുക്കിയില്‍ 43, എറണാകുളത്ത് 27, തൃശ്ശൂരില്‍ 14, പാലക്കാട്ട് 41, കോഴിക്കോട്ട് 41, വയനാട് 45, കണ്ണൂര്‍ 26, കാസര്‍ക്കോട്ട് 47 ശതമാനവുമാാണ് മഴ കുറഞ്ഞത്.






MathrubhumiMatrimonial