githadharsanam

ഗീതാദര്‍ശനം - 266

Posted on: 24 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


അഗ്‌നിര്‍ജ്യോതിരഹഃ ശുക്ലഃ
ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി
ബ്രഹ്മ ബ്രഹ്മവിദോ ജനാഃ

അഗ്‌നി, ജ്യോതിസ്സ്, പകല്‍, ശുക്ലപക്ഷം, ആറു മാസമുള്ള ഉത്തരായണകാലം-ആ 'മാര്‍ഗ'ത്തിലൂടെ പ്രയാണംചെയ്യുന്ന ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

വേദങ്ങള്‍ 'ദേവയാനം' എന്ന് വിളിക്കുന്ന വഴിയിലൂടെ മരണാനന്തരം പോകുന്നവര്‍ പ്രാപിക്കുന്ന 'ക്രമമുക്തി'യെയാണ് ഈ പദ്യം ഒരുതലത്തില്‍ സൂചിപ്പിക്കുന്നത്. ഇവര്‍ 'സൂര്യമണ്ഡലം' കടന്ന് ബ്രഹ്മലോകത്തെത്തി കല്പാന്തംവരെ ദിവ്യാനന്ദമനുഭവിച്ച് കല്പാവസാനത്തില്‍ ബ്രഹ്മാവിനോടൊപ്പം സായൂജ്യമടയുന്നു എന്നാണ് വൈദികസിദ്ധാന്തം.

താത്ത്വികതലത്തില്‍ അഗ്‌നി, ജ്യോതിസ്സ്, പകല്‍, ശുക്ലപക്ഷം, ഉത്തരായണം എന്നിവ ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രകാശാഭിമുഖമായ യാത്രയത്രേ ദേവയാനം. പുരുഷനും പ്രകൃതിയും പരമാത്മാവിന്റെതന്നെ രണ്ട് ഭാവങ്ങളാണല്ലോ. പുരുഷനെ തേടുന്നവര്‍ പുരുഷനെ പ്രാപിക്കുന്നു. പ്രകൃതിയില്‍ അഭിരമിക്കുന്നവര്‍ പ്രകൃതിയില്‍ത്തന്നെ കഴിയുന്നു.

(തുടരും)



MathrubhumiMatrimonial