
ഗീതാദര്‍ശനം - 265
Posted on: 23 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
യത്ര കാലേ ത്വനാവൃത്തിം
ആവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതര്‍ഷഭ
ഭരതശ്രേഷ്ഠനായ അര്‍ജുനാ, ഏതു കാലത്ത് (ഏതു വഴിയിലൂടെ) പ്രയാണം ചെയ്യുന്ന യോഗികള്‍ പുനരാവൃത്തിരഹിതമായ പരമപദം പ്രാപിക്കുന്നു എന്നും ഏതു കാലത്ത് (ഏതു വഴിയിലൂടെ) പോകുന്ന യോഗികള്‍ (ആവര്‍ത്തനത്തിലേക്ക്) തിരിച്ചുവരുന്നു എന്നുമുള്ള ആ കാലത്തെ (അവസ്ഥാഭേദങ്ങളെ) ഞാന്‍ പറയാം.
23, 24, 25, 26 എന്നീ നാലു പദ്യങ്ങളിലൂടെ ഗീതാകാരന്‍ സാധിച്ചിരിക്കുന്നത് അതിസമര്‍ഥമായ ഒരു ഏകോപനമാണ്. മരണത്തോടെ ശരീരം വിട്ടുപോകുന്ന ജീവന്‍ സഞ്ചരിക്കുന്ന ലോകങ്ങളെക്കുറിച്ച് നിലവിലിരുന്ന പുരാതനസങ്കല്പങ്ങളെ ജീവിതം മരണം എന്ന ഭേദമില്ലാതെ, യോഗസാധകന്റെ ജീവന്‍ പ്രാപിക്കുന്ന തലങ്ങളുമായി കൂട്ടിയിണക്കുന്നു.
മരണാനന്തരം ജീവന്‍ ശുക്ലഗതി, കൃഷ്ണഗതി എന്ന രണ്ടു വഴികളില്‍ ഏതെങ്കിലുമൊന്നിലൂടെയാണ് യാത്ര എന്നാണ് പുരാതനസങ്കല്പം. ജ്യോതിസ്സ്, പകല്‍, വെളുത്ത പക്ഷം, ഉത്തരായണകാലം, സംവത്സരം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം, വിദ്യുല്ലോകം എന്നിവയിലൂടെ കടന്ന് സഗുണബ്രഹ്മത്തിലെത്തുന്നത് ശുക്ലഗതി. പുക, രാത്രി. കറുത്ത പക്ഷം, ദക്ഷിണായനം എന്നിവയിലൂടെ പിതൃലോകത്തെത്തി പിന്നീട് ചന്ദ്രമണ്ഡലത്തില്‍വെച്ച് ദേവന്‍മാരുടെ അന്നമായി ഭവിച്ച് ദേവനായി ജനിച്ച് പുണ്യം തീരുവോളം സ്വര്‍ഗവാസം അനുഭവിച്ച് അതിനുശേഷം മേഘമായി മാറി മഴയായി ജീവികളുടെ അന്നം വഴി മാതാപിതാക്കളില്‍ എത്തി വീണ്ടും മനുഷ്യനായിത്തീരുന്നത് കൃഷ്ണഗതി എന്ന മറുവഴി.
ബിംബകല്പനകള്‍കൊണ്ട് മനോഹരവും കാവ്യാത്മകവുമായ ഈ പൈതൃകസങ്കല്പത്തെ ഗീത താത്ത്വികമായ കാഴ്ചപ്പാടുമായി ഇണക്കുന്നു. മരണത്തിനു മുമ്പോ പിമ്പോ എന്ന ഭേദമില്ലാതെ മനുഷ്യരുടെ ജീവിതയാത്ര ഒന്നുകില്‍ ആത്മോന്മുഖമാണ്, അല്ലെങ്കില്‍ വിഷയോന്മുഖമാണ്. ആദ്യത്തെ കൂട്ടര്‍ പ്രപഞ്ചത്തിനാധാരമായ പരമാത്മാവിനെ അന്വേഷിച്ച് ആത്യന്തികസുഖം തേടി ജീവിക്കുന്നു. അവര്‍ക്ക് ജന്മാന്തരങ്ങളിലൂടെ ആ സുഖം ലഭിക്കുന്നു. മറ്റേ തരക്കാര്‍ ക്ഷണികങ്ങളായ സുഖദുഃഖങ്ങളില്‍ മുഴുകി കഴിയുന്നു. അവര്‍ ഈ സുഖദുഃഖങ്ങള്‍ അനുഭവിക്കാനായി വീണ്ടും വീണ്ടും ജനിക്കുന്നു. ഒരു കൂട്ടര്‍ പ്രകാശത്തിന്റെ വഴിയിലാണെങ്കില്‍ മറ്റവര്‍ ഇരുളിന്റെ പാതയിലാണ്.
(തുടരും)





