
വിസ്മയത്തുമ്പത്ത്
Posted on: 22 Jun 2009
my heart n' soul
mohanlal on an old flame still able to arouse
the embers of abiding love
യാത്രകള്‍ക്കായി ഒരവധിക്കാലം. നിങ്ങളുടെ ഈ വെക്കേഷന്‍ യാത്ര എങ്ങോട്ടാണ്? ലോകമെങ്ങും സഞ്ചരിച്ച എനിക്ക് കണ്ടിട്ടും മതിവരാത്ത, വീണ്ടും കാണാന്‍ കൊതിതോന്നുന്ന നഗരം ഒന്നേയുള്ളൂ, എന്റെ പ്രിയപ്പെട്ട കൊച്ചി! ഈ കാറ്റും കായലും സാന്ധ്യ ദൃശ്യങ്ങളും മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല
ജലം നിറഞ്ഞയിടങ്ങള്‍ എപ്പോഴും എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാറുണ്ട്. പുഴയായും കായലായും മുളങ്കൂട്ടങ്ങളും മുള്ളുവേലികളും അതിരിട്ട കുളങ്ങളായും ജലത്തിന്റെ ലോകം സ്വപ്നത്തില്‍ തിളങ്ങും. പക്ഷേ എന്റെ നാടായ തിരുവനന്തപുരത്തിന് ഈ സൗഭാഗ്യം ഏറെയില്ല. ശംഖുമുഖത്തോ കോവളത്തോ ചെന്നാല്‍ കടല്‍ കാണാം. പക്ഷേ, കടലില്‍ എപ്പോഴും ജലത്തിന് രൗദ്രഭാവമാണ്. അതിന്റെ അപാരത നമ്മെ പേടിപ്പെടുത്തും. എന്റെ ജല സ്വപ്നങ്ങളില്‍ പേടിയില്ല, നിറയെ പ്രണയമാണ്. കൊച്ചിയിലെത്തുമ്പോള്‍ ഓരോ തവണയും എന്റെ സ്വപ്നം യാഥാര്‍ഥ്യമാവുന്നു. സ്വപ്നത്തിലെ ജലാശയത്തിന്റെ തണുപ്പില്‍ എന്റെ രാത്രികള്‍ സുന്ദരമാവുന്നു.
വിശ്രമകാലത്ത് (അങ്ങിനെയൊന്നുണ്ടാവുമോ? ) ശാന്തമായിരിക്കാന്‍ ഒരു വീട് വേണം എന്ന് തീരുമാനിച്ചപ്പോള്‍ ആദ്യമായും അവസാനമായും എന്റെ മനസ്സില്‍ വന്നത് കൊച്ചിയായിരുന്നു. കാരണം മനോഹരമായ കായലിന്റെ സാമീപ്യം തന്നെ. കൊച്ചിയില്‍ ആദ്യം വന്ന ദിവസം മുതല്‍ കായലുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അതിലെ പുലരികളും സന്ധ്യകളും, നിരന്തരം അത് ശ്വസിക്കുന്ന തണുത്ത കാറ്റും ചന്തമേറിയ ചീനവലകളും ദേശാന്തരങ്ങള്‍ താണ്ടി തളര്‍ന്ന്, ഒന്നിത്തിരി വിശ്രമിക്കാന്‍ കിടക്കുന്ന കപ്പലുകളും അവയെ ചുറ്റിപ്പോകുന്ന യാത്രാബോട്ടുകളും രാപകലുകളില്ലാതെ അലയുന്ന കൊതുമ്പു വള്ളങ്ങളും നിറഞ്ഞ വിസ്മയലോകം. അതിന്റെ തീരത്ത് 'വിസ്മയം' എന്ന പേരില്‍ത്തന്നെ ഞാനൊരു കൂടുവെച്ചു. അവിടെയിരുന്ന് ഞാന്‍ കൊച്ചിയെ കണ്‍നിറയെ കണ്ടുകൊണ്ടിരിക്കുന്നു... ഇപ്പോഴും, എപ്പോഴും.
കലങ്ങിക്കിടക്കുന്ന ഒരു ലോകമാണ് കൊച്ചി എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പല സംസ്‌കാരങ്ങളും തനിമകളും ചേര്‍ന്ന ദേശം. ചരിത്രം തന്നെയാണ് അതിനെ അങ്ങിനെയാക്കിയത്. കുലശേഖര പെരുമാളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും വാണ കൊച്ചി, എല്ലാവരില്‍ നിന്നും എന്തൊക്കെയോ സ്വീകരിച്ചിരിക്കണം. അങ്ങിനെ അറബിക്കടലിന്റെ റാണിയുടെ രക്തം സമ്മിശ്ര സംസ്‌കൃതിയുടേതായി. ഈ തീരത്തിന് ആരും അന്യരല്ല. എല്ലാവരേയും അവള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. അനുപമമായ ആതിഥേയത്വമാണ് കൊച്ചിയുടെ മുഖപ്രസാദം.നഗരത്തെ കാടുമായി പലരും ഉപമിക്കാറുണ്ട്. 'നഗരകാന്താരം' എന്ന പ്രയോഗം അങ്ങിനെ വന്നതാണ്. ഒരു പാട് നിഗൂഢതകളെ ഒളിപ്പിച്ചു വച്ച് ഹിംസ്ര മൃഗങ്ങള്‍ പതിയിരിക്കുന്ന കാടു പോലെ നഗരം എന്നാണ് ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ആണ്. എന്നാല്‍, എന്റെ മനസ്സ് എപ്പോഴും തിരയുന്നത് കാടിന്റെ സൗന്ദര്യങ്ങളിലാണ്. വന്‍മരങ്ങളും പേരറിയാത്ത പുഷ്പങ്ങളും ഔഷധങ്ങളും പൊയ്കകളും ഉള്‍ക്കൊള്ളുന്ന കാട്. നഗരത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് നോക്കാതെ ഞാന്‍ സൗന്ദര്യത്തില്‍ കണ്ണു വെയ്ക്കുന്നു.
ഏതിടത്തിന്‍േറയും സൗന്ദര്യം അതിന്റെ പ്രഭാതങ്ങളിലും സന്ധ്യകളിലുമായിരിക്കും. ശാന്തമായി കൊച്ചിയെ ഒന്നാസ്വദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തതും ഒരു പുലരി തന്നെ.
തേവരയില്‍ എന്റെ വീടിനു മുന്നിലെ കായല്‍പ്പരപ്പില്‍ വെട്ടം വീണു തുടങ്ങുന്നേയുള്ളു. ഒരു കപ്പ് ചായയുമായി അതിന്റെ തീരത്തു നില്‍ക്കുമ്പോള്‍ എവിടെ നിന്നോ പുറപ്പെട്ട് എങ്ങോട്ടോ നീങ്ങുന്ന തോണികളും ബോട്ടുകളും. അവരില്‍ ആരൊക്കെയോ എന്നെ തിരിച്ചറിഞ്ഞു. പുഞ്ചിരിയോടെ ഒരു കൈവീശല്‍, ഞാന്‍ തിരിച്ചും. ഒരു നല്ല ദിനം തുടങ്ങാന്‍ ഇതിലും നല്ല ശുഭ ചിഹ്നമേത്?മറൈന്‍ഡ്രൈവാണ് കൊച്ചിയുടെ കസവുകര. ഫുട്പാത്തില്‍ പ്രഭാതസവാരിക്കാരുടെ തിരക്കാണ്. പല രീതിയില്‍ പലതരത്തില്‍ ഉത്സാഹിച്ച് നടക്കുന്നവര്‍. ചിലര്‍ നടത്തത്തിനു ശേഷം മരച്ചുവട്ടിലിരുന്ന്, തണുത്ത കാറ്റേറ്റ് ശേഷിച്ച ഉറക്കം തീര്‍ക്കുന്നു. മഴവില്‍ പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കൊച്ചി നഗരത്തിനും കായലിനും നടുവില്‍ ഒരു ബിന്ദുവായതു പോലെ. ഉദയപ്രകാശത്തില്‍ നഗരം മുഴുവന്‍ ചുവന്നു കിടന്നു. കായലിന്റെ കവിളും തുടുത്തിരിക്കുന്നു.
'ക്രീക്ക് ക്രൂസ്' എന്ന ഒരു വിനോദസഞ്ചാരയാനത്തിലായിരുന്നു എന്റെ ജലയാത്ര. കൊച്ചിയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്, ക്രൂസ് ടൂറിസമാണത്രെ. അതിരാവിലെ മറൈന്‍ ഡ്രൈവ് ജെട്ടിയില്‍ എത്തുമ്പോള്‍ തന്റെ ക്രൂസുമായി മനോജ് റെഡി.
ഈ കായലില്‍ എത്രയോ തവണ ഷൂട്ടിങ്ങിനായി സ്പീഡ് ബോട്ടില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ചുറ്റുപാടുകള്‍ കണ്ടിട്ടേയില്ലായിരുന്നു. അത്രയ്ക്ക് അധ്വാനമായിരുന്നു. എന്നാല്‍ ഇത്തവണ, ക്രൂസ് കരയുടെ പിടിയില്‍ നിന്നടര്‍ന്ന് കായലിന്റെ നെഞ്ചിലേക്ക് കയറിയതോടെ, കൊച്ചി അതിന്റെ സര്‍വ്വ പ്രൗഢിയോടെയും മുന്നില്‍ വിടര്‍ന്നു. ഗ്രാഫുകള്‍ പോലെ കൂറ്റന്‍ കെട്ടിടങ്ങള്‍. അവയ്ക്കിടയിലൂടെ, ഇരമ്പിയുണര്‍ന്നു വരുന്ന നഗരത്തിന്റെ ഇളക്കങ്ങളും കാഴ്ചകളും.
ഈ കെട്ടിടങ്ങള്‍ ഒന്നുമില്ലാതെ ഇവിടം വെറും ചതുപ്പായി കിടക്കുമ്പോള്‍ ഞാന്‍ ഇവിടെ ഷൂട്ടിങ്ങിന് വന്നിട്ടുണ്ട്. 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യും 'ഓര്‍ക്കാപ്പുറത്തും' 'രാജാവിന്റെ മകനു'മൊക്കെ ഇവിടെയാണ് ഷൂട്ട് ചെയ്തത്. ആ ചതുപ്പിലാണ് ഇന്ന് വെട്ടിത്തിളങ്ങുന്ന കെട്ടിടങ്ങള്‍ നില്‍ക്കുന്നത്. കായലിന്റെ അകത്തേക്കു കയറിക്കഴിഞ്ഞാല്‍ അവിടെ മറ്റൊരു ജീവിതം പുലരുന്നത് കാണാം. കൊതുമ്പു വള്ളത്തില്‍ തുഴഞ്ഞു പോകുന്ന മത്സ്യബന്ധനത്തൊഴിലാളികളും കടത്തുബോട്ടില്‍ ഒരു ദിവസത്തിന്റെ തിരക്കുകളിലേക്ക് കുതിക്കുന്ന മനുഷ്യരും. അവയ്ക്കരികില്‍, അവിടവിടെ യോട്ടുകള്‍. വല്ലാത്തൊരു ജീവിതമാണ് ഈ യോട്ടുകള്‍ക്കുള്ളില്‍. ജലത്തിലെ ജിപ്‌സികളാണവര്‍. ഒരിടത്തും സ്ഥിരമായി തങ്ങാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നവര്‍. ഒരു തീരവും അവര്‍ക്ക് സ്വന്തമല്ല, ഒരു ഭൂമിയും ദേശവും അവരുടേതല്ല. ആ ജീവിതത്തില്‍ വല്ലാത്തൊരു സുഖവും കാവ്യാത്മകതയുമുണ്ട്; ഒരുപക്ഷേ ഉള്ളിലടക്കിപ്പിടിച്ച ദുഃഖവുമുണ്ടായിരിക്കാം.
ലോകത്തിന്റെ പല രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപിനോളം സുന്ദരമായ ഒരിടം ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളു, കായലോളത്തിന്റെ കവിളില്‍ ഒരു പച്ചപ്പൊട്ട്. അതിലെ പ്രണയത്തിന്റെ വീടുകള്‍ (ഹണിമൂണ്‍ കോട്ടേജിനെ അങ്ങിനെ വിളിക്കാം എന്നു തോന്നുന്നു). ബോള്‍ഗാട്ടി എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഏതു ഭാഷയിലേതാണ് ആ പദം? നൂറ്റാണ്ടുകളുടെ യാത്രയില്‍ ഏതോ വിദൂരദേശ യാത്രികന്‍ ഇട്ടു പോയ പേരായിരിക്കുമോ അത്? പല വഴിയ്ക്കന്വേഷിച്ചപ്പോള്‍ ഒടുവില്‍ ഉത്തരം കിട്ടി: മുളവുകാട് എന്ന സ്ഥലപ്പേരിന് ഡച്ചുകാര്‍ ഉച്ചരിച്ചതാണ് ബോള്‍ഗാട്ടി. (1744-ല്‍ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് നിര്‍മിച്ചത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.)
ബോള്‍ഗാട്ടിയെ ഇപ്പോഴുള്ളതിലും മനോഹരമായും ഉപയോഗപ്രദമായും മാറ്റാം എന്ന് എപ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം സൗന്ദര്യത്തിന്റെയും ശാന്തതയുടേയും മര്‍മ്മസ്ഥാനത്താണ് അതിന്റെ കിടപ്പ്. ആ സാധ്യതയുടെ നൂറിലൊരംശംപോലും നാം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഞങ്ങളുടെ ക്രൂസ്, നങ്കൂരമിട്ടുകിടക്കുന്ന ഒരു കപ്പലിനെ ചുറ്റിക്കടന്നു പോയി. കപ്പലുകളുടെ കാഴ്ച എന്നെ എപ്പോഴും ഉന്‍മത്തനാക്കാറുണ്ട്. എത്രയെത്ര ദൂരങ്ങളുടെ കാറ്റുകളിലും കാഴ്ചകളിലൂടെയുമാണ് ഓരോ കപ്പലും കടന്നു പോകുന്നത്! എത്രയെത്ര തീരങ്ങള്‍! എന്തു മാത്രം പ്രതിസന്ധികള്‍! അതിന്റെ വിശ്രമത്തില്‍ പോലും എല്ലാം കണ്ടറിഞ്ഞതിന്റെ ഒരു ഉള്‍ക്കരുത്തുണ്ട്. കപ്പല്‍ കാണുമ്പോള്‍ എപ്പോഴും ഞാന്‍ ടൈറ്റാനിക്കിനെ ഓര്‍ക്കും. അല്ലെങ്കില്‍ ആര്‍ക്കാണ് അത് ഓര്‍ക്കാതിരിക്കാന്‍ സാധിക്കുക! കടലിലൊഴുകുന്ന ഒരോ കപ്പലും വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആ ദുരന്തത്തെ പേടിയോടെ മനസ്സില്‍ പേറുന്നുണ്ട്.
ആ ദുരന്തം അതിന്റെ യാഥാര്‍ഥ്യത്തെ അതിശയിക്കുന്ന വിധത്തില്‍ സിനിമയാക്കിയ ജെയിംസ് കാമറൂണ്‍ അടുത്തിടെ പറഞ്ഞു: ഇനിയൊരു സിനിമ ചെയ്യാന്‍ സാധിക്കുമോ എന്നെനിക്കറിയില്ല. എന്റെ ആയുസ്സിന്റെ നീണ്ട ഇരുപതു വര്‍ഷമാണ് ടൈറ്റാനിക്ക് കവര്‍ന്നത്! അത്രയ്ക്ക് യത്‌നമായിരുന്നു ആ സിനിമയുടെ നിര്‍മ്മാണം. അതിനേക്കാള്‍ മുകളിലല്ലാതെ കാമറൂണിന് ഇനിയൊരു സിനിമ ചെയ്യുക സാധ്യമല്ല. എല്ലാ കലാകാരന്‍മാരും അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. അവനവന്റെ പ്രതിഭയും യത്‌നവും തന്നെയാണ് ഇവിടെ അയാളുടെ എതിരാളികള്‍.
വെയിലിന്റെ നിറം കായലില്‍ വീഴുന്നത് കണ്ടുനില്‍ക്കുക സുഖകരമായ അനുഭൂതിയാണ്. ഓളപ്പരപ്പുകള്‍ വെട്ടിത്തിളങ്ങും. തണുത്ത കാറ്റില്‍ നേരിയ ചൂടു കയറും. ദൂരെ ജലോപരിതലത്തില്‍ പ്രകാശത്തിന്റെ നേര്‍രേഖ തെളിയും. ഉയരുകയും താഴുകയും ചെയ്യുന്ന ചീനവലകളുടെ താളാത്മകത അറിഞ്ഞേ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പ്രവേശിക്കാനാവൂ. ചരിത്രം ഇവിടെ ചീനവലകളില്‍ കുരുങ്ങികിടക്കുന്നു. വല പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ കറുത്തിരുണ്ട ശരീരത്തില്‍ താളത്തോടെ ഒഴുകി നീങ്ങുന്ന മസിലുകള്‍. അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല. ജോലി അവര്‍ക്കൊരു മൂര്‍ഛയാണെന്ന് തോന്നി. അവര്‍ക്കു പിറകില്‍, വ്യത്യസ്തമായ ജീവിതവും ചരിത്രവും കലര്‍ന്ന ഭൂമിക. സമ്പന്നവും സംഭവബഹുലവുമായ ഒരു കാലം ഒഴിഞ്ഞു പോയെങ്കിലും ഏതൊക്കെയോ അടയാളങ്ങള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു.
കൊച്ചി എനിയ്ക്ക് കാഴ്ചയും സ്വപ്നവും മാത്രമല്ല. രുചി കൂടിയാണ്. ഭക്ഷണത്തിനും രുചിയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്ന പ്രകൃതമായതു കൊണ്ടായിരിക്കണം എത്തിപ്പെടുന്ന സ്ഥലങ്ങളിലെ രുചിയും ഞാന്‍ ആസ്വദിക്കാറുണ്ട്. ജീവിതത്തിനും സംസ്‌കാരത്തിനും അനുസരിച്ചായിരിക്കും രുചിയും രൂപപ്പെടുക. സംസ്‌കാരങ്ങള്‍ ഒഴുകിപ്പോയ കൊച്ചിയുടെ രസനയില്‍, ഒരു പാട് രുചികള്‍ ശേഷിച്ചു. നാളികേരമരച്ചുചേര്‍ത്ത കേരള ഭക്ഷണം മുതല്‍ ചൈനയുടെ അതിവിചിത്ര സ്വാദ്് വരെ.
കൊച്ചി പകര്‍ന്ന ആതിഥ്യ മര്യാദയും രുചിയുമാണ് ട്രാവന്‍കൂര്‍ കോര്‍ട്ട് എന്ന പേരില്‍ ഒരു ഹോട്ടല്‍ കൊച്ചിയില്‍ തുടങ്ങാന്‍ എനിക്കും സുഹൃത്ത് മുഹമ്മദ് അഷറഫിനും പ്രേരണയായത്. വിവിധ രുചികള്‍ ഞങ്ങള്‍ അവിടെ വിളമ്പുന്നു. ഭക്ഷണത്തിന് രുചിയുണ്ടാവണമെങ്കില്‍ അതിനു പിന്നില്‍ ഒരു മനസുമുണ്ടാവണം എന്ന് പറയാറുണ്ട്. തുറമുഖ നഗരം വിളമ്പുന്ന നന്‍മയാണ് ഞങ്ങള്‍ ഈ വിഭവങ്ങളിലൂടെ പകരുന്നത്.
വെയില്‍ വളര്‍ന്നു തുടങ്ങുമ്പോഴേക്കും മടങ്ങാന്‍ നേരമായി. അങ്ങ് ദൂരെ നഗരം ഉണര്‍ന്നു കഴിഞ്ഞു. കരയോടിണങ്ങിക്കിടന്നിരുന്ന ബോട്ടുകള്‍ കെട്ടഴിഞ്ഞ് കായലില്‍ ചിതറി. ഒരു ദിവസത്തിന്റെ സാധ്യതകള്‍ തേടി ജീവിതം വീണ്ടും ചലിച്ചു തുടങ്ങി. ,





