githadharsanam

ഗീതാദര്‍ശനം - 264

Posted on: 22 Jun 2009


അക്ഷരബ്രഹ്മയോഗം


പുരുഷഃ സ പരഃ പാര്‍ഥ
ഭക്ത്യാ ലബ്ധ്വസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി
യേന സര്‍വമിദം തതം

ഹേ, പാര്‍ഥാ, ചരാചരങ്ങള്‍ ആരുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നുവോ, ആര്‍ ഈ പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവോ ആ പരമപുരുഷനാകട്ടെ, അനന്യഭക്തിയാല്‍ ലഭിക്കത്തക്കവനാണ്.

(ദേഹത്തില്‍-പുരിയില്‍-സ്ഥിതി ചെയ്യുന്നതുകൊണ്ട്, അല്ലെങ്കില്‍ എങ്ങും നിറഞ്ഞിരിക്കുന്നതുകൊണ്ട് പുരുഷന്‍ എന്നു പറയപ്പെടുന്നു. -ആചാര്യസ്വാമികള്‍.)

'അനന്യശ്രദ്ധ'യോടെ ഭജിക്കാന്‍ നേരത്തേ പറഞ്ഞു. 'അനന്യഭക്തി' എന്ന് ഇവിടെ പറയുന്നു. രണ്ടും ഒന്നുതന്നെ. കാരണം ശ്രദ്ധ അഥവാ താത്പര്യം മറ്റൊന്നിലേക്കും പോകാതെ പരമാത്മാവില്‍ മാത്രം കേന്ദ്രീകൃതമായാലല്ലേ ഭക്തി അനന്യമാകൂ? വേറൊന്നില്‍ പ്രേമമുണ്ടായാലല്ലേ അതിലേക്ക് ശ്രദ്ധ തിരിയുക. എന്തു ചെയ്യുമ്പോഴും പ്രേമം പരമാത്മാവിലായാല്‍ മതി. ''എന്നെ അനുസ്മരിക്കുക, പൊരുതുകയും ചെയ്യുക'' എന്നതിലും അയുക്തിയില്ല. ഏതു പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴും അതുകൊണ്ട് ഉന്നമാക്കുന്നത് ഈശ്വരഹിതമാണെങ്കില്‍ അതെല്ലാം ഈശ്വരപ്രേമത്തിന്റെ പ്രകടനമാവുമല്ലോ.
ചരാചരങ്ങളുടെ ഉള്ളം ഉള്‍പ്പെടെ പ്രപഞ്ചമാകെ പരമാത്മാവ് വ്യാപിച്ചിരിക്കുന്നു. പരമാത്മാവിന്റെ തന്നെ വൈരുധ്യാത്മകമായ പരാപ്രകൃതി അതിനു മറയായും ഭവിക്കുന്നു. ഈ പരാപ്രകൃതിയെ ആശ്രയിച്ചാണ് പരമാത്മാവ് പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത്. അപര പരയുമായി സാത്മ്യം പ്രാപിക്കുവോളമാണ് പ്രപഞ്ച പരിണാമം. പക്ഷേ, പരയില്‍ രൂപനിര്‍മാണക്ഷേത്രമായി ഇരിക്കുന്ന ജീവസാന്നിധ്യത്തിന് അതിനുമപ്പുറത്ത് പരമാത്മസാരൂപ്യമാണ് ലക്ഷ്യം. ആ സാത്മ്യം സാധിക്കാന്‍ പരയുടെ മറയെ മറികടക്കുകയേ വേണ്ടൂ. മനുഷ്യന്‍വരെയെത്തിയ ജീവപരിണാമത്തില്‍ ഇതിനുള്ള ത്വരയുണ്ട്. അതു സാധിക്കാനുള്ള ഉപാധികളുമുണ്ട്. ആ ഉപാധികളെ ഏകമുഖമാക്കി പരമാത്മാവില്‍ ഊന്നുകയേ വേണ്ടൂ. ഈ അറിവുണ്ടായാല്‍പ്പിന്നെ അതിനുവേണ്ടത് മതിയായ ഇച്ഛയാണ്. അതിലൂടെയേ അറിവ് അനുഭവമാകൂ. സര്‍വാര്‍പ്പണമനോഭാവത്തോടെയുള്ള ആ ഇച്ഛയെയാണ് അനന്യഭക്തി എന്നു പറയുന്നത്. ആ ഭാവത്തിന്റെ പരകോടിയില്‍ അറിവും അനുഭവവും അറിയുന്നവനും അറിയപ്പെടുന്നതും ഒന്നായിത്തീരുന്നു. അതിരുകളുടെ ആ അഭാവംതന്നെ സായുജ്യം.
ഇതൊരു പ്രയാണമാണ്. മുജ്ജന്മവാസനകളുടെ ഊക്കും പ്രയത്‌നത്തിന്റെ അളവും അനുസരിച്ചാണ് വിജയസാധ്യത. ഈ ദിശയില്‍ യത്‌നിക്കുന്നവരെല്ലാം യോഗികളാണ്. പക്ഷേ, അവര്‍ക്കു ലഭിക്കുന്ന 'ലോകങ്ങള്‍' ഒന്നുതന്നെയായിക്കൊള്ളണമെന്നില്ല. (എല്ലാ യോഗികളും സംന്യാസിമാരും ഒരുപോലെ മോക്ഷം പ്രാപിക്കുന്നു എന്നു കരുതേണ്ട.) അവനവന്റെ പ്രത്യേകമായ ജീവിതത്തില്‍ എത്താവുന്നിടംവരെ ഓരോരുത്തരും പോകുന്നു. 'നപ്രതിജനഭിന്ന വിചിത്ര'ങ്ങളാണ് മാര്‍ഗങ്ങള്‍.

(തുടരും)



MathrubhumiMatrimonial