githadharsanam

ഗീതാദര്‍ശനം - 263

Posted on: 18 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


അവ്യക്തോശക്ഷര ഇത്യുക്തഃ
തമാഹുഃ പരമാം ഗതിം
യം പ്രാപ്യ ന നിവര്‍ത്തന്തേ
തദ്ധാമ പരമം മമ
അവ്യക്തമെന്നും നാശരഹിതമെന്നും വിശേഷിപ്പിക്കപ്പെടുന്ന അതാണ് പരമലക്ഷ്യമായി പറയപ്പെട്ടിരിക്കുന്നത്. എന്തിനെ പ്രാപിച്ചാല്‍ പിന്നെ പിന്‍മടങ്ങേണ്ടതില്ലയോ അതാണ് എന്റെ സര്‍വോല്‍കൃഷ്ടമായ അടിസ്ഥാനം.
പരംപൊരുള്‍ എല്ലാറ്റിനും അടിസ്ഥാനമായി ഇരിക്കുന്നു. അത് എല്ലാ വൈരുധ്യങ്ങള്‍ക്കും അതീതമാണ്. അതിന്റെ ഭാവാന്തരമായ പരാപ്രകൃതി അഥവാ അക്ഷരമാധ്യമം പക്ഷേ, വൈരുധ്യാത്മകമാണ്. ഈ വൈരുധ്യാത്മകതയാണ് സൃഷ്ടിക്ക് കാരണമാവുന്നത്. സൃഷ്ടികളിലെല്ലാം പരംപൊരുള്‍ സന്നിഹിതമാണ്. സൃഷ്ടികളെല്ലാം ഉണ്ടാകുന്നതും ലയിക്കുന്നതും പരാപ്രകൃതിയിലാണ്. ചരാചരങ്ങളില്‍ ജീവസാന്നിധ്യമായി ഉള്ള പരംപൊരുള്‍ വൈരുധ്യാത്മകമായ പരയില്‍ രൂപനിര്‍മാണക്ഷേത്രത്തിന്റെ ഹൃദയമായി 'വീട്ടുതടങ്കലി'ല്‍ കഴിയുന്നു. ത്രിഗുണാധിഷ്ഠിതമാണ് രൂപനിര്‍മാണക്ഷേത്രത്തിന്റെ ഘടന.

പരാപ്രകൃതിയുടെ തന്നെ സൃഷ്ടികളായ ഇന്ദ്രിയമനോബുദ്ധികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് ഈ തടവുകാരനെയാണ് ആശ്രയിക്കുന്നതെങ്കിലും 'അറിവില്ലായ്മ'യാല്‍ ആളെ തിരിച്ചറിയുന്നില്ല. ആ ആള്‍ക്കോ, ഇവയുടെ സഹായവും ശേഷിയും ഉപയോഗിച്ചല്ലാതെ തന്റെ തടവറയില്‍നിന്ന് സ്വതന്ത്രനായി സ്വന്തം തറവാട്ടിലേക്കു പോകാന്‍ ഒക്കുകയുമില്ല. അപരയുടെ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ അപരയിലെ കരുക്കള്‍തന്നെയാണ് ഉപകരണങ്ങള്‍. ജനിച്ചുവളര്‍ന്ന് ശോഷിച്ച് മരിക്കുകയെന്ന ചാക്രികത അപരയിലെ എല്ലാറ്റിനും നിര്‍ബന്ധം. ജലം വിട്ടു ചാടിയാലും മത്സ്യം തിരികെ വീഴുമ്പോലെ. രൂപനിര്‍മാണക്ഷേത്രങ്ങള്‍, ഇടവേളകളില്‍ ഈ ചാക്രികതയില്‍നിന്നു മോചിതമായാലും ആ ചാട്ടം അങ്ങ് കടലിലെത്തുന്ന ചാട്ടമായാലേ അന്തിമ മോചനമാകൂ.
ഇന്ദ്രിയമനോബുദ്ധികള്‍ അകത്തിരിക്കുന്ന ആളെ തിരിച്ചറിയുകയും ആ ആളുടെ താത്പര്യമാണ് യഥാര്‍ഥത്തില്‍ തങ്ങളുടേതുമെന്നു ബോധ്യപ്പെടുകയും ആ ആളുടെ (അതിലൂടെ തങ്ങളുടെയും) അന്തിമമോചനത്തിനായി യത്‌നിക്കയും വേണം. ആ യജ്ഞംകൊണ്ടു വേണം അമൃതസമുദ്രത്തിലേക്കുള്ള എടുത്തുചാട്ടം സാധിക്കാന്‍.

ഇന്ദ്രിയമനോബുദ്ധികളെയും അവയുടെ ഇരിപ്പിടമായ ശരീരത്തെയും ആ ശരീരത്തിന്റെ ആവാസസ്ഥലമായ ജീവമണ്ഡലത്തെയും ശുശ്രൂഷിക്കേണ്ടതും കാത്തുരക്ഷിക്കേണ്ടതും സ്നേഹിക്കേണ്ടതും അപ്പോള്‍ മനുഷ്യന് പ്രാഥമികമായ കടമയായി വരുന്നു. ഉപകരണങ്ങള്‍ നന്നായിരുന്നാലല്ലേ പണി ശരിയായി നടക്കൂ? മാത്രമല്ല, സുഖദുഃഖാദി ദ്വന്ദ്വങ്ങളെ രണ്ടു കാലുകളാക്കി വേണം നടക്കാന്‍. രണ്ടും മുന്നേറ്റത്തിന് ഒരുപോലെ അനിവാര്യം. അനുഭവങ്ങള്‍ ഏകതാനങ്ങളാല്‍ ഇന്ദ്രിയസംവേദനംപോലും അസാധ്യമാകും. കാരണം, അവ ഏറ്റക്കുറച്ചിലുകള്‍ക്കും ദ്വന്ദ്വങ്ങള്‍ക്കും വിഹരിക്കാനായി സംവിധാനം ചെയ്യപ്പെട്ടവയാണ്. പരമമായ എത്തിച്ചേരല്‍ ലക്ഷ്യമാക്കിയുള്ള പരിണാമോന്മുഖതയാണ് ജീവന്റെ കാതല്‍. അതിനാല്‍ ലക്ഷ്യാഭിമുഖ്യം സഹജമാണ്.
(തുടരും)



MathrubhumiMatrimonial