
ഗീതാദര്‍ശനം - 262
Posted on: 17 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
പരസ്തസ്മാത്തു ഭാവോന്യഃ
അവ്യക്തോവ്യക്താത് സനാതനഃ
യഃ സ സര്‍വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി
ആ ഭൂതങ്ങള്‍ക്കെല്ലാം കാരണമായ, അവ്യ ക്തത്തിനും അതീതമായ അവ്യക്തവും ഉത്കൃഷ്ടവുമായ (രഹസ്യങ്ങളുടെ രഹസ്യമായ) ഒരു തത്ത്വം എക്കാലത്തുമുള്ളതായി ഉണ്ട്. അത് എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കുന്നില്ല.
('തു' ശബ്ദംകൊണ്ട് ഇനി പറയാന്‍ പോകുന്ന അവ്യക്തമായ അക്ഷരം മൂലപ്രകൃതിയായ അവ്യക്തത്തില്‍ നിന്ന് ഭിന്നമാണെന്നു കാണിക്കുന്നു ആചാര്യസ്വാമികള്‍).
പരമാത്മാവിനെ ബുദ്ധികൊണ്ട് ആരാഞ്ഞറിയുന്ന വഴിയിലൂടെയുള്ള യാത്രയാണ് ഈ ശ്ലോകത്തില്‍ വിജയപീഠത്തോടടുക്കുന്നത്. പരിണാമിയായ പ്രപഞ്ചത്തെ നിരീക്ഷിച്ച് അതിലെ ആവര്‍ത്തനസ്വഭാവം ഗ്രഹിക്കുന്നു. ആ സ്വഭാവത്തിന്റെ ചെറുതും വലുതുമായ ഫലങ്ങള്‍ വിലയിരുത്തി പ്രപഞ്ചമെന്ന വലിയ സ്പന്ദത്തിന്റെ ആവര്‍ത്തന സ്വഭാവത്തിലെത്തുന്നു. എന്തെങ്കിലുമൊന്ന് അങ്ങനെ ആവര്‍ത്തിക്കണമെങ്കില്‍ അതിന് അടിസ്ഥാനമായി നാശമോ ആവര്‍ത്തന സ്വഭാവമോ ഒന്നും ഇല്ലാത്ത ഒന്ന് അനിവാര്യമാണ് എന്ന്അറിയുന്നു. കാര്യം ഉണ്ട് എന്നതിനാല്‍ കാരണവും ഉണ്ട് എന്ന് തീര്‍ച്ചപ്പെടുന്നു. അങ്ങനെ, അതുതന്നെയാണ് അത് എന്ന് സിദ്ധിക്കുന്നു. അതിന്റെ ഉത്പന്നമാണ് മനസ്സും ബുദ്ധിയും എന്നതിനാല്‍ അതിനെ 'വ്യക്ത'മായി അറിയാന്‍ സാധ്യമല്ല എന്നുകൂടി ഉറപ്പാവുന്നു. ചരാചരമാതാവായ അവ്യക്തമെന്ന മാധ്യമംതന്നെ മനോബുദ്ധികള്‍ക്ക് പിടിയിലൊതുങ്ങുന്നതല്ല. അപ്പോള്‍, ആ മാധ്യമത്തിനും ആധാരവും ആ മാധ്യമത്തില്‍ സ്പന്ദനബീജാവാപം ചെയ്യുന്നതുമായ പരമാത്മാവ് ആ അവ്യക്തത്തെക്കാള്‍ അവ്യക്തമേ ആകൂ. അതുകൊണ്ട് അത് പരമം, അചിന്ത്യരൂപം.
സങ്കല്പാതീതമെന്നാലും ബുദ്ധിക്ക് അതിനെ 'ഗ്രഹിക്കാന്‍' കഴിയും. ('ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം'). എവ്വിധം എന്നാണെങ്കില്‍ ഇതാ ഇപ്പറഞ്ഞ മുറയില്‍. അങ്ങനെ ഗ്രഹിച്ചതിന് അഭിമുഖമായി മനസ്സിനെ നിര്‍ത്താന്‍ കഴിയും. ആ നില്പില്‍ മനസ്സ് ഏകാഗ്രമായാല്‍ മനസ്സിന് 'അതിനെ' 'അനുഭവിക്കാന്‍' കഴിയും. കാരണം, മനസ്സിന്റെയും ബുദ്ധിയുടെയും എല്ലാം ആധാരം അതുതന്നെയാണ്. ഈ അനുഭവമാണ് പ്രപഞ്ചത്തിലെ ഏറ്റവും ആനന്ദദായകമായ അനുഭൂതി.
അവ്യക്തത്തിനും അവ്യക്തമായി ഉള്ള ഉണ്മയും പ്രപഞ്ചത്തിലെ ജീവജാലങ്ങളും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധം കൂടി ഇവിടെ കണ്ടെത്താം. ബോധമാണ് ആ പൊക്കിള്‍ക്കൊടി. അതിലൂടെയാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഉടലെടുക്കാനാവശ്യമായ ചൈതന്യം പകര്‍ന്നുകിട്ടിയത്. പരമമായ അവ്യക്തത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകാന്‍ മതിയായ അളവുവരെ പരിണാമത്തിലൂടെ വളര്‍ന്നതും ഈ പൊക്കിള്‍ക്കൊടിയിലൂടെ ലഭിച്ച പോഷകം കൊണ്ടാണ്. എന്തില്‍നിന്നാണോ പിരിഞ്ഞുപോന്നത് അതിലേക്ക് തിരികെ ചെല്ലാനുള്ള ഒരുക്കം പൂര്‍ത്തിയാവുകയായിരുന്നു പരിണാമത്തിലൂടെ. പ്രപഞ്ചം മൊത്തമായി സ്പന്ദനക്കിതപ്പുകളിലൂടെ യത്‌നിക്കുന്നത് രണ്ടായതിന്റെ ഈ ഒന്നാകലിനായാണ്. ഒരു ജീവകണിക ആ ഒന്നാകലിലെത്തുമ്പോള്‍ അത്രയ്‌ക്കെങ്കിലും ഈ ലക്ഷ്യം പൂര്‍ത്തിയായി. ആ ചൈതന്യകണത്തിന് പിന്നെ ഈ കല്പത്തിലെ വിവിധ തലങ്ങളിലെ സ്പന്ദങ്ങളുടെ ലോകങ്ങളിലോ കല്പാന്തരത്തിലെ ആവൃത്തികളിലോ അകപ്പെടുന്നതിലൂടെ 'രണ്ടത്തം' വേണ്ടിവരില്ല.
(തുടരും)





