githadharsanam

ഗീതാദര്‍ശനം - 261

Posted on: 16 Jun 2009

സി. രാധാകൃഷ്ണന്‍



ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേശവശഃ പാര്‍ഥ
പ്രഭവത്യഹരാഗമേ

അല്ലയോ അര്‍ജുനാ, ഈ (കാണപ്പെടുന്ന) ഇതേ ചരാചരസമൂഹം തന്നെയാണ് പകലാവുമ്പോള്‍ വീണ്ടും വീണ്ടും ഉണ്ടായി രാവാരംഭിക്കെ അവശമായി (വീണ്ടും വീണ്ടും) ലയിക്കുന്നത്.
സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ചാക്രികതയാണ് പ്രപഞ്ചത്തിന്റെ സ്വഭാവം എന്ന ഭൗതികസത്യമാണ് ശ്ലോകതാത്പര്യം. അഴിച്ചുപണി നിതാന്തം നടന്നുകൊണ്ടിരിക്കുന്നു. ഉപാധികളും മട്ടും മാറുന്നില്ല. പക്ഷേ, രണ്ട് ആവര്‍ത്തനങ്ങള്‍ ഒരിക്കലും നൂറുശതമാനവും ഒരുപോലെ ഇരിക്കുക വയ്യ. കാരണം, ഭൗതികപ്രപഞ്ചം ചില്ലറയായും മൊത്തമായും പരിണാമിയാണ്. ഏത് മൂലകത്തിനും തനതായ അര്‍ധായുസ്സ് ഉണ്ട്. എന്നുവെച്ചാല്‍ അതിന്റെ അണുക്കളില്‍ ഓരോന്നിലെയും സ്​പന്ദനം സൂക്ഷ്മതയില്‍ വ്യത്യസ്തമാണ്. ഓരോ അണുവും നിശ്ചയമായും അതിന്റെ ഓരോ സ്​പന്ദത്തിലും അല്പമെങ്കിലും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു അണു ഒരു ഘട്ടത്തില്‍ പിളര്‍ന്നോ ഊര്‍ജ നഷ്ടത്തിലൂടെയോ മറ്റൊന്നായിത്തീരുന്നതോ ഇല്ലാതാകുന്നതോ ഇത്തരം മാറ്റങ്ങളുടെ ആകെത്തുകയെന്ന നിലയില്‍ ആയിരിക്കണമല്ലോ. അപ്പോള്‍, ഒരു ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതും ഈ രീതിയിലാവണ്ടേ? ഇതേ ഉപാധികള്‍ തന്നെയാണ് ചരാചരസൃഷ്ടിക്ക് വീണ്ടും വീണ്ടും ഉപയുക്തമാകുന്നത്. സത്താമാത്രമായ അര്‍ഥത്തില്‍ ഇതേ ചരാചരങ്ങള്‍ തന്നെയാണ് വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്നും നിശ്ചയം. പക്ഷേ, സൂക്ഷ്മതലത്തില്‍ ഓരോ ആവര്‍ത്തനത്തിലും വ്യതിയാനം അനിവാര്യം.
എല്ലാ നക്ഷത്രകദംബങ്ങളിലെയും പ്രകാശം കാലംപോകെ കുറഞ്ഞുവരുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സൂര്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ താരകളും മരിക്കും. കല്പാന്തരത്തില്‍ വീണ്ടുമൊരു സൂര്യനും ഭൂമിയും ഉണ്ടാകാം. പക്ഷേ, ഇപ്പോഴുള്ളതിന്റെ ഈച്ചപ്പകര്‍പ്പുകളാവില്ല. ബ്രഹ്മാണ്ഡത്തിന്റെ അന്തിമപരിണതിയിലേക്ക് നയിക്കുന്ന പരിണാമലക്ഷണങ്ങള്‍ എന്തിലും കാണുമല്ലോ. അടുത്ത കല്പത്തിലും ഒരു ശാകുന്തളം എഴുതപ്പെടുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നര്‍ഥം. കഴിഞ്ഞ ആണ്ടില്‍ പ്ലാവിന്റെ തെക്കേ കൊമ്പിലുണ്ടായി കാക്ക കൊത്തിവീണ ചക്ക ഈയാണ്ടിലും അതുപോലെ ഉണ്ടായി കാക്ക കൊത്തിവീഴുമോ എന്ന് ചോദിക്കുന്നപോലെയാവും അത്.

(തുടരും)



MathrubhumiMatrimonial