githadharsanam

ഗീതാദര്‍ശനം - 260

Posted on: 15 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


അവ്യക്താദ് വ്യക്തയഃ സര്‍വാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്തസംജ്ഞകേ

(ബ്രഹ്മാവിന്റെ) പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തത്തില്‍നിന്ന് സര്‍വചരാചരങ്ങളും ഉണ്ടാകുന്നു. (ബ്രഹ്മാവിന്റെ)രാത്രി വരുമ്പോള്‍ അതില്‍ (അവ്യക്തത്തില്‍) തന്നെ (എല്ലാം) ലയിക്കുകയും ചെയ്യുന്നു.

ഒരു മഹാവിസേ്ഫാടനത്തില്‍നിന്ന് തുടങ്ങിയ പ്രപഞ്ചം വികസിച്ചുകൊണ്ടേ ഇരിക്കുന്നു എന്നാണ് ആധുനിക പ്രപഞ്ചവിജ്ഞാനീയം (modern cosmology) പറയുന്നത്. വികാസം അനന്തമായി തുടരുമോ നിലയ്ക്കുമോ നിലച്ചാലും പിന്‍തിരിഞ്ഞ് സങ്കോചമാകുമോ എന്നൊന്നും ഒരു തിട്ടവും ഇപ്പോഴും ഇല്ല. വിസേ്ഫാടനത്തിനു മുമ്പും തൊട്ടുപിമ്പുമുള്ള അവസ്ഥകള്‍ അജ്ഞേയം എന്ന് മാറ്റിവെക്കപ്പെട്ടിരിക്കയുമാണ്.

അവ്യക്തമാധ്യമമെന്ന പരയില്‍ പുരുഷോത്തമന്റെ സ്​പന്ദബീജാവാപത്തെ തുടര്‍ന്ന് അവ്യക്തം എന്ന മാധ്യമം മൊത്തമായി വികസിക്കുന്നു എന്നും ബീജസ്​പന്ദത്തിന്റെ അനുരണനങ്ങളുടെ ഫലമായി അവ്യക്തമാധ്യമത്തില്‍ ചെറുതും വലുതുമായ സ്​പന്ദങ്ങള്‍ ഉയിര്‍ക്കുന്നു എന്നും ഇവയുടെ പാരസ്​പര്യങ്ങളിലൂടെ സൃഷ്ടികള്‍ രൂപപ്പെടുന്നു എന്നും കരുതിയാല്‍ ഈ വിഷമതകള്‍ക്കെല്ലാം പരിഹാരമാവും. താരാകദംബങ്ങള്‍ ഒന്നില്‍ നിന്നൊന്ന് ഓടിയകലുകയല്ല, അവയ്ക്കിടയിലെ അവ്യക്തമാധ്യമം വികസിക്കുകയാണ് എന്ന് അപ്പോള്‍ അനുമാനിക്കാം. ഈ വികാസം കാരണമാണ് അവയില്‍ നിന്നുള്ള പ്രകാശവര്‍ണരാജി ചുവപ്പിനോടടുക്കുന്നതായി (red shift) കാണുന്നത്. പ്രകാശവേഗം പ്രപഞ്ചത്തിലെങ്ങും ഒന്നായി തോന്നുമെങ്കിലും അത് സ്ഥിരമല്ല എന്നുകൂടി അനുമാനിക്കേണ്ടിവരും. (പ്രകാശവേഗം ഒരു സ്ഥിരാങ്കം (constant) അല്ല എന്ന് ഡോ. ഇ.സി.ജി. സുദര്‍ശന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സിദ്ധാന്തിച്ചെങ്കിലും ആ ആശയം ഫിസിക്‌സിന്റെ അടിത്തറതന്നെ ഇളക്കുന്നതാകയാല്‍ സയന്‍സിന്റെ വ്യവസ്ഥാപിതമേല്‍ക്കോയ്മ (establishment) ഹൃത് കണ്ടതായി ഇന്നേവരെ നടിച്ചിട്ടില്ല.)

ഓരോ സ്​പന്ദത്തിലും വികാസവേള പക ലെന്നും സങ്കോചവേള രാത്രിയെന്നും സങ്കല്പിക്കാം. വികാസവേളയില്‍ 'അന്തരംഗത്തില്‍' സൃഷ്ടി നടക്കുന്നു. സങ്കോചവേളയില്‍ എല്ലാ സൃഷ്ടികളും ഇല്ലാതാകുകയും ചെയ്യുന്നു. ഒരു ബ്രഹ്മാണ്ഡത്തിലെ എല്ലാ സ്​പന്ദങ്ങളെയും ഉള്‍ക്കൊള്ളുന്ന മഹാസ്​പന്ദത്തിനും രാപ്പകലുകള്‍ ഇതേ രീതിയില്‍ത്തന്നെയാണ്. ചെറുതും വലുതുമായ എല്ലാ സ്​പന്ദങ്ങളിലെയും സൃഷ്ടിപ്രലയങ്ങളെ ഇങ്ങനെ അറിയുന്നതാണ് ശരിയായ രാപ്പകലറിവ്.
(തുടരും)



MathrubhumiMatrimonial