എല്‍നിനോയ്ക്ക് സാധ്യത; കാലവര്‍ഷത്തിന്റെ താളം തെറ്റിയേക്കാം

Posted on: 13 Jun 2009

-ജോസഫ് ആന്റണി



കോഴിക്കോട്: ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കാന്‍ ശേഷിയുള്ള എല്‍നിനോ കാലാവസ്ഥാ പ്രതിഭാസം ശാന്തസമുദ്രത്തില്‍ രൂപംകൊള്ളുന്നതായി റിപ്പോര്‍ട്ട്്. ജൂലായില്‍ ഉണ്ടാകുമെന്ന് കരുതിയ എല്‍നിനോ സാഹചര്യം ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ടതല്ലേ, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ താളംതെറ്റിക്കുന്നതെന്ന് സംശയമുയരുന്നു. ആരംഭിച്ച് 20 ദിവസമായിട്ടും കേരളത്തില്‍ ഇതുവരെ ഇടവപ്പാതിയുടെ ശരിക്കുള്ള സ്വഭാവം മഴയ്ക്ക് കൈവന്നിട്ടില്ല. മാത്രവുമല്ല, രാജ്യത്തിന്റെ വടക്കോട്ടുള്ള കാലവര്‍ഷത്തിന്റെ ഗതി തടസ്സപ്പെട്ടിരിക്കുകയുമാണ്.

കേരളത്തില്‍ ഈ വര്‍ഷം വേനല്‍മഴ സാധാരണയിലും 25 ശതമാനം കുറവായിരുന്നു. ആ നിലയ്ക്ക് ഇടവപ്പാതി കൂടി ശരിക്ക് ലഭിച്ചില്ലെങ്കില്‍ കഠിനമായ വരള്‍ച്ചയും ജലക്ഷാമവുമാകും ഫലം. കാര്‍ഷിക മേഖലയ്ക്കും അത് വന്‍ തിരിച്ചടിയാകും. 2008-ല്‍ സംസ്ഥാനത്ത് ലഭിച്ച മഴ സാധാരണയിലും 22 ശതമാനം കുറവായിരുന്നു. അതേ ഗതിയാണോ ഈ വര്‍ഷവുമെന്ന ആശങ്ക വര്‍ധിക്കുകയാണ്. എന്നാല്‍, ജൂണ്‍ 16-ഓടെ ആന്‍ഡമാന്‍-നിക്കോബാര്‍ പ്രദേശത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഇടവപ്പാതിക്ക് അതിന്റെ കരുത്ത് തിരിച്ചു നല്‍കുമെന്നും, അതിനാല്‍ ഭയപ്പെടാനില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി ഡോ.എം.ഡി.രാമചന്ദ്രന്‍ പറയുന്നു.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അകാരണമായി ചൂട് പിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. രൂപംകൊള്ളുന്നത് ശാന്തസമുദ്രത്തിലാണെങ്കിലും, ഇന്ത്യന്‍ മണ്‍സൂണ്‍ അടക്കം ലോകത്താകമാനം കാലാവസ്ഥ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണത്. ആഗോളതലത്തില്‍ അത് പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും പിടിയിലാകും.

ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 2002-ല്‍ പ്രത്യക്ഷപ്പെട്ട ശക്തികുറഞ്ഞ എല്‍നിനോ ഇന്ത്യയില്‍ കൊടുംവരള്‍ച്ചയാണ് ഉണ്ടാക്കിയത്. 2006-2007 കാലത്താണ് ഏറ്റവുമൊടുവില്‍ എല്‍നിനോ പ്രത്യക്ഷപ്പെട്ടത്.

കിഴക്കന്‍ ശാന്തസമുദ്രത്തില്‍ സമുദ്രോപരിതല ഊഷ്്മാവ് ഇപ്പോള്‍ സാധാരണയിലും അര ഡിഗ്രി സെല്‍സിയസ് കൂടുതലാണെന്ന വിവരം യു.എസ്. 'ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍' (ഇജഇ) പുറത്തുവിട്ടത്. ജൂലായ്-ആഗസ്‌തോടെ സാമാന്യം ശക്തമായ എല്‍നിനോ രൂപപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ 'നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍'(ചഛഅഅ) ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്.

ജൂലായോടുകൂടിയേ എല്‍നിനോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ എന്നായിരുന്നു കണക്കുകൂട്ടല്‍. അതിനാല്‍ മണ്‍സൂണിന്റെ ആദ്യഘട്ടം പ്രവചനത്തില്‍ എല്‍നിനോയുടെ കാര്യം ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് പരിഗണിച്ചില്ല. എന്നാല്‍, അത് ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് അടുത്തഘട്ടം പ്രവചനത്തില്‍ അക്കാര്യംകൂടി കണക്കിലെടുക്കുമെന്ന് ഡോ. എം.ഡി.രാമചന്ദ്രന്‍ അറിയിച്ചു.

ജൂണ്‍ 23-ന് ഇത്തവണ കാലവര്‍ഷം ആരംഭിച്ചെങ്കിലും, മഴ ശക്തപ്രാപിക്കുന്നതിന് തടസ്സമായത് ബംഗാളില്‍ ആഞ്ഞടിച്ച 'ഐല' ചുഴലിക്കൊടുങ്കാറ്റാണ്്. തെക്കന്‍ പ്രദേശത്തുനിന്ന് ഈര്‍പ്പവും നീരാവിയും ആ ചുഴലിക്കാറ്റ് കൊണ്ടുപോയതിനാല്‍ കാലവര്‍ഷം പിന്‍വാങ്ങി. പിന്നീട് ജൂണ്‍ അഞ്ചോടെ ശക്തിപ്പെട്ട കാലവര്‍ഷം രണ്ടുദിവസത്തിന് ശേഷം ദുര്‍ബലമായി. അതിന് ശേഷം ജൂണ്‍ 12-ഓടെ വീണ്ടും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രവചനം. പക്ഷേ, ന്യൂനമര്‍ദത്തിന് പകരം അന്തരീക്ഷത്തില്‍ രണ്ട് കിലോമീറ്റര്‍ മുകളിലൂടെയുള്ള വായൂപ്രവാഹമാണ് പ്രത്യക്ഷപ്പെട്ടത്. അത് കാലവര്‍ഷത്തിന്റെ മുന്നോട്ടുള്ള ഗതിയ്ക്ക് തടസ്സമായി. ഇനി ജൂണ്‍ 16-ഓടെ ന്യൂനമര്‍ദം പ്രത്യക്ഷപ്പെടുമെന്നും അതോടെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷ.

ജൂണില്‍ ആദ്യത്തെ പത്തു ദിവസം സാധാരണയിലും ഒന്‍പത് ശതമാനം കുറച്ച് മഴയാണ് കേരളത്തില്‍ ലഭിച്ചത്. 20 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 18.2 ശതമാനം ലഭിച്ചതായി ഡോ. രാമചന്ദ്രന്‍ അറിയിക്കുന്നു. എന്നാല്‍, ദേശീയ തലത്തില്‍ ജൂണ്‍ ആദ്യവാരം ലഭിച്ച മഴ സാധാരണയിലും 35 ശതമാനം കുറവാണെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.

ഇത്തവണ കാലവര്‍ഷം മെയ് 23-ന് ആരംഭിച്ച സ്ഥിതിക്ക് ഇതിനകം തന്നെ രാജ്യത്തിന്റെ മധ്യമേഖലയിലേക്ക് ഇതിനകം കാലവര്‍ഷം മുന്നേറേണ്ടതായിരുന്നു. എന്നാല്‍, ശക്തമായ ന്യൂനമര്‍ദത്തിന്റെ അഭാവത്തില്‍ മുന്നേറ്റം നിലച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ജൂണ്‍ ഏഴിന് ശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. ഇതുമൂലം മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൊയാബീന്‍, പരുത്തി, കരിമ്പ്, പയര്‍വര്‍ഗങ്ങള്‍, നിലക്കടല തുടങ്ങിയവ സമയത്ത് കൃഷി ചെയ്യാനാവാതെ വന്നിരിക്കുകയാണ്.


ദുരിതം വിതയ്ക്കുന്ന എല്‍നിനോ



MathrubhumiMatrimonial