ഭാരതപ്പുഴയിലെ മണല്‍ക്കൊള്ള: നിയമഭേദഗതിക്ക് ശുപാര്‍ശചെയ്യും -നിയമസഭാസമിതി

Posted on: 11 Jun 2009



പാലക്കാട്: ഭാരതപ്പുഴയിലെ മണല്‍ക്കൊള്ള നിയന്ത്രിച്ച് പുഴ സംരക്ഷിക്കുന്നതിന് നിലവിലുള്ള നദീസംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നിയമഭേദഗതിക്ക് ശുപാര്‍ശചെയ്യുമെന്ന് നിയമസഭാ പരിസ്ഥിതികമ്മിറ്റി വ്യക്തമാക്കി.

അനധികൃത മണല്‍വാരല്‍ ഇനിയും അനുവദിച്ചാല്‍ പുഴയുടെ മരണമായിരിക്കും ഫലമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭാരതപ്പുഴ സംരക്ഷണത്തിന് സമഗ്രപദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന തെളിവെടുപ്പിലാണ് സമിതി അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

ഭാരതപ്പുഴയില്‍ ജില്ലയുടെ പരിധിയില്‍മാത്രം 100 അനധികൃത കടവുകളുണ്ടെന്ന് സമിതി ചെയര്‍മാന്‍ രാജാജി മാത്യു തോമസ് എം.എല്‍.എ. പറഞ്ഞു. മണല്‍ മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. നിലവിലുള്ള നിയമംകൊണ്ട് ഇവരെ തടയാനാവുന്നില്ല. മണല്‍റെയ്ഡും കാര്യക്ഷമമല്ല. ഭാരതപ്പുഴയുടെ കൈവഴികളില്‍ വ്യാപക കൈയേറ്റവും നടക്കുന്നുണ്ട്. ഇത് തടയാന്‍ നദീസംരക്ഷണനിയമം ഭേദഗതിചെയ്ത് വ്യവസ്ഥകള്‍ കര്‍ക്കശമാക്കണമെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു.

അനധികൃത മണല്‍വാരല്‍ ജാമ്യമില്ലാവകുപ്പില്‍ ഉള്‍പ്പെടുത്തണം. മണല്‍വാരുന്നവര്‍ക്കും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന മാഫിയകള്‍ക്കുമെതിരെ കേസെടുക്കാന്‍ സമിതി ശുപാര്‍ശചെയ്യും. മണല്‍റെയ്ഡിനും പുഴ സംരക്ഷണത്തിനും സായുധരായ പോലീസും പരിസ്ഥിതി പോലീസും വേണമെന്നാണ് സമിതിയുടെ അഭിപ്രായമെന്ന് അംഗങ്ങള്‍ പറഞ്ഞു.

ഭാരതപ്പുഴ സംരക്ഷണത്തിന് പ്രത്യേക അതോറിട്ടി രൂപവത്കരിക്കുന്നകാര്യം പരിഗണനയിലുണ്ട്.

മണലിന് ബദലായി എം.സാന്‍ഡ് ഉപയോഗിക്കുന്നതിനും മണല്‍ ഉപയോഗം കുറയ്ക്കുന്നതിനും നിര്‍ദേശങ്ങളുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് എത്രയുംപെട്ടെന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കമ്മിറ്റി അംഗങ്ങളായ വി.ഡി. സതീശന്‍, എം. ഹംസ, എ.എം. യൂസഫ് എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് കല്പാത്തിപ്പുഴയിലെ കൈയേറ്റസ്ഥലവും മലമ്പുഴ മാന്തുരുത്തിയിലുള്ള ഐ.എം.എ.യുടെ മാലിന്യസംസ്‌കരണകേന്ദ്രമായ ഇമേജും സന്ദര്‍ശിച്ചു.






MathrubhumiMatrimonial