
കാലാവസ്ഥാ കരാര്‍: ഭിന്നത തുടരുന്നു
Posted on: 12 Jun 2009
ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് പുതിയ അന്താരാഷ്ട്രകരാര്‍ രൂപപ്പെടുത്താനായി യു.എന്‍. ആഭിമുഖ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയില്ല. ജര്‍മനിയിലെ ബോണില്‍ നടക്കുന്ന ചര്‍ച്ചയില്‍ വികസിത - വികസ്വരരാജ്യങ്ങള്‍ കടുത്ത നിലപാടുകള്‍ തുടരുന്നതാണ് കാരണം. ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പുതിയ കരാര്‍ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ വിശദമായ കരാര്‍ ഉരുത്തിരിയാന്‍ സാധ്യതയില്ലെന്ന് യു.എന്‍. കാലാവസ്ഥാ വിഭാഗം മേധാവി പറഞ്ഞു.
പരിസ്ഥിതിനാശത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012-ല്‍ തീരുകയാണ്. അതിന്റെ തുടര്‍കരാറാണ് കോപ്പന്‍ഹേഗനില്‍ ഉരുത്തിരിയേണ്ടത്.
ഹരിതഗൃഹവാതക വ്യാപനം സംബന്ധിച്ച് പുതിയ കരാറില്‍ ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകളുടെ കാര്യത്തിലാണ് ഭിന്നത തുടരുന്നത്. ഹരിതഗൃഹവാതകങ്ങളുടെ തോത് വെട്ടിക്കുറയ്ക്കുന്നത് തങ്ങളുടെ വ്യവസായ-സാമ്പത്തികവികസനത്തെ ബാധിക്കുമെന്ന ആശങ്കയാണ് എല്ലാ രാജ്യങ്ങള്‍ക്കും പൊതുവെയുള്ളത്.
ഈ പ്രശ്‌നം മറികടക്കുന്നതിന് സമ്പന്നരാജ്യങ്ങള്‍ തങ്ങള്‍ക്ക് ധന-സാങ്കേതികവിദ്യാ സഹായങ്ങള്‍ നല്‍കണമെന്നതാണ് വികസ്വരരാജ്യങ്ങളുടെ പ്രധാന ആവശ്യം. മലിനീകരണത്തിന് പ്രധാന ഉത്തരവാദികളായ വികസിതരാജ്യങ്ങള്‍ ഹരിതഗൃഹവാതക വ്യാപനം സാരമായി വെട്ടിക്കുറയ്ക്കണമെന്നും വികസ്വരചേരി ആവശ്യപ്പെടുന്നു.
എന്നാല്‍ ഇന്ത്യ, ചൈന തുടങ്ങിയ വികസ്വരരാജ്യങ്ങളുടെ വന്‍തോതിലുള്ള ഹരിതഗൃഹവാതക വ്യാപനം ചൂണ്ടിക്കാട്ടി പ്രതിരോധം ചമയ്ക്കുകയാണ് വികസിതരാജ്യങ്ങള്‍.
ധന-സാങ്കേതികവിദ്യാ സഹായങ്ങള്‍ ലഭിക്കാത്തപക്ഷം, തങ്ങളുടെ വാതകവ്യാപനം കുറയ്ക്കാനുള്ള നടപടികള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്രസമൂഹത്തെ അനുവദിക്കില്ലെന്ന് ഇന്ത്യ ബോണ്‍ സമ്മളനത്തില്‍ വ്യക്തമാക്കി.
കാലവര്‍ഷത്തിന്റെ കാലിടറുന്നു
കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തില്‍ വര്‍ധന
അല്‍പ്പം മെലിയൂ; ഭൂമിക്കായി
ഭൂമി മുങ്ങുന്നു
ഭൂമിയെ ചൂടുപിടിപ്പിക്കാന്‍ 'ശല്യമെയിലുകളും'
ആഗോളതാപനം: വനസംരക്ഷണത്തിന്റെ പ്രസക്തിയേറുന്നു




