അതിഥികള്‍ക്ക് നവദമ്പതിമാരുടെ വക വൃക്ഷത്തൈ സമ്മാനം

Posted on: 09 Jun 2009

-സ്വന്തം ലേഖകന്‍




കോഴിക്കോട്: വിവാഹച്ചടങ്ങില്‍ നേരിട്ടെത്തി അനുഗ്രഹം ചൊരിയാനെത്തിയവര്‍ക്കെല്ലാം പതിറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന സമ്മാനം തിരികെ നല്‍കി നവദമ്പതിമാരായ മാത്യുവും ജിസയും പ്രത്യേകത സൃഷ്ടിച്ചു.

വിഭവസമൃദ്ധമായ വിരുന്നിനൊപ്പം വീട്ടില്‍ കൊണ്ടുപോയി നടാന്‍ വൃക്ഷത്തൈകള്‍ സമ്മാനിച്ചാണ് ഇരുവരും മാതൃക കാണിച്ചത്. വിവാഹസമ്മാനം സ്വീകരിക്കുന്ന നവദമ്പതിമാരെ മാത്രം കണ്ടു ശീലിച്ച അതിഥികള്‍ക്ക് ഇത് നവ്യാനുഭവമായി. വിരുന്നിന് വരുമ്പോള്‍ തൈകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നത് തങ്ങള്‍ക്ക് കാണണമെന്ന 'മുന്നറിയിപ്പും' നവദമ്പതിമാര്‍ അതിഥികള്‍ക്ക് നല്‍കി.

കോഴിക്കോട് വെസ്റ്റ്ഹില്‍ 'ബെര്‍ഷബ'യില്‍ പാസ്റ്റര്‍ കെ.സി. സൈമണിന്റെയും ലിസിയുടെയും മകന്‍ മാത്യുവിന്റെയും ചെങ്ങന്നൂര്‍ നെലേടത്ത് മോഹന്റെയും ജിജിയുടെയും മകള്‍ ജിസയുടെയും വിവാഹച്ചടങ്ങിലാണ് ആജീവനാന്തം ഓര്‍മിക്കാനുള്ള ഈ അപൂര്‍വ സമ്മാനം വിതരണം ചെയ്യപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് ഹോട്ടല്‍ ഫോര്‍ച്യൂണിലായിരുന്നു വിവാഹം. ചര്‍ച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ കാര്‍മികത്വത്തിലാണ് വിവാഹം നടന്നത്.

പരിസ്ഥിതിസ്നേഹിയായ ഡോ. എ. അച്യുതനാണ് നവദമ്പതിമാരുടെ പക്കല്‍നിന്ന് ആദ്യം വൃക്ഷത്തൈ ഏറ്റുവാങ്ങിയത്. അതിന് ശേഷം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം ഒരു ലഘുപ്രഭാഷണവും നടത്തി.

വിരുന്ന് സല്‍ക്കാരം കഴിഞ്ഞിറങ്ങിയ അതിഥികള്‍ ഹോട്ടല്‍ കവാടത്തില്‍നിന്ന് ആര്യവേപ്പിന്റെയും ബദാമിന്റെയും തൈകള്‍ അമ്പരപ്പോടെയും ആശ്ചര്യത്തോടെയും ഏറ്റുവാങ്ങി. തൈകള്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ പേപ്പര്‍ കാരീബാഗിലാണ് അവ സൂക്ഷിച്ചിരുന്നത്.

ചെടികളും മറ്റും നട്ടു വളര്‍ത്തുന്നതിലെ താത്പര്യവും, ലോകപരിസ്ഥിതിദിനത്തോട് ചേര്‍ന്ന് വിവാഹം വന്നതുമാണ് വ്യത്യസ്തമായ ഈ സമ്മാനം അതിഥികള്‍ക്ക് നല്‍കാന്‍ പ്രചോദനമായതെന്ന് വരന്‍ മാത്യു അറിയിച്ചു. കാലിക്കറ്റ് നഴ്‌സറിയില്‍ നിന്ന് ഒന്നിന് 15 രൂപാ നിരക്കില്‍ വാങ്ങിയ 300 തൈകളാണ് അതിഥികള്‍ക്ക് വിതരണം ചെയ്തത്.



MathrubhumiMatrimonial