
ഗീതാദര്‍ശനം - 258
Posted on: 09 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
ആബ്രഹ്മഭുവനാല്ലോകാഃ
പുനരാവൃത്തിനോശര്‍ജുന
മാമുപേത്യ തു കൗന്തേയ
പുനര്‍ജന്മ ന വിദ്യതേ
അല്ലയോ കുന്തീപുത്രാ, ബ്രഹ്മലോകം വരെയുള്ള എല്ലാ ലോകങ്ങളും പുനരാവൃത്തിയോടു കൂടിയതാണ്. പക്ഷേ, എന്നെ പ്രാപിച്ചാല്‍ പുനര്‍ജന്മമില്ല.
ഏകവും നിത്യവുമായ പരമാത്മാവിനെ (വിഷ്ണു) പരാപ്രകൃതിയായ അക്ഷരമാധ്യമമെന്ന സ്‌പെയിസില്‍ (ബ്രഹ്മാവ്) ആദ്യസ്പന്ദബീജത്തിന്റെ (ശിവന്‍) അനുരണനഫലമായി ക്ഷരപ്രപഞ്ചമുണ്ടാകുന്നു. അതായത്, ബ്രഹ്മലോകത്തിലാണ് അവിടന്നിങ്ങോട്ടുള്ള ലോകങ്ങള്‍ ഉണ്ടാകുന്നതും നിലനില്ക്കുന്നതും. പ്രപഞ്ചസ്പന്ദത്തിന്റെ ആവൃത്തികളിലൂടെ ബ്രഹ്മലോകം (സ്‌പെയ്‌സ് എന്ന അക്ഷരമാധ്യമം) ജനിച്ചും മരിച്ചുംകൊണ്ടേ ഇരിക്കുന്നു. അതിനാല്‍, ആ ലോകത്തെ ആശ്രയിക്കുന്ന എല്ലാറ്റിനും പുനരാവൃത്തി അനിവാര്യം. അക്ഷരമാധ്യമത്തിലെ രൂപനിര്‍മാണക്ഷേത്രമെന്ന അവസ്ഥയിലിരിക്കെ ജീവന് (അതു പരമാത്മസ്ഫുലിംഗം തന്നെയെന്നാലും) ഈ ആവര്‍ത്തന ക്രിയയില്‍ പങ്കെടുക്കേണ്ടി വരുന്നു.
ശരീരത്തില്‍നിന്നു മാത്രമല്ല, രൂപനിര്‍മാണക്ഷേത്രാവസ്ഥയില്‍നിന്നു കൂടിയുള്ള മോചനമാണ് മോക്ഷം. അതോടെ പരമാത്മാവുമായി തികഞ്ഞ സായുജ്യമായി. പിന്നെ ആവര്‍ത്തനമില്ല.
(ഇപ്പോഴും സയന്‍സ്, ഇരുണ്ടതും അല്ലാത്തതുമായ ദ്രവ്യവും ഊര്‍ജവുമൊക്കെ സങ്കല്പിച്ച് കണക്കിന്റെ തോട്ടി അനന്തതയിലേക്കു നീട്ടി ആത്യന്തികമായതിനെ അറിയാന്‍, അന്ധമായി തപ്പിനോക്കുകയാണ്. സാര്‍വത്രികമായ ഒരു മാധ്യമത്തെ സങ്കല്പിക്കാതെ ബലങ്ങളെ ഏകീകരിക്കാന്‍ സാധിക്കില്ല. ദ്രവ്യമേ ഉള്ളൂ പ്രപഞ്ചത്തില്‍. ആകെ കാര്യം (nothing else matters) എന്നും സ്‌പെയ്‌സ് ശൂന്യമാണ് എന്നുമുള്ള ദെക്കാര്‍ത്തിയന്‍ സമീപനമാണ് തടസ്സം. അതു വൈകാതെ നീങ്ങും എന്നു കരുതാം.)
(തുടരും)





