githadharsanam

ഗീതാദര്‍ശനം - 257

Posted on: 08 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


മാമുപേത്യ പുനര്‍ജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ

പരമസിദ്ധി നേടിയ മഹാത്മാക്കള്‍ ഞാനായിത്തീര്‍ന്നതില്‍പ്പിന്നെ ദുഃഖങ്ങളുടെ ഇരിപ്പിടവും അശാശ്വതവുമായ ജന്മങ്ങളെ പ്രാപിക്കു ന്നില്ല.
സ്വരൂപജ്ഞാനം ലഭിക്കാന്‍ ഉതകാത്ത ലോകജീവിതം സങ്കടങ്ങള്‍ക്ക് ഇരിപ്പിടവും നശ്വരവും മാത്രമാണ്. ലോകജീവിതമേ ആകെ ഉള്ളൂ എന്നു കരുതിയാല്‍ മരണം സുനിശ്ചിതമായ സര്‍വാന്ത്യമാണ്, പരമമായ ദുഃഖവുമാണ്. ആത്മസ്വരൂപബോധം ഉണ്ടാകുന്നതോടെ മരണമില്ലാത്ത അന്തരാത്മാവുമായി താദാത്മ്യം കൈവരുന്നു. അപ്പോള്‍ അമൃതത്വമായി. സുഖദുഃഖങ്ങള്‍ക്ക് അതീതമായ നിലപാടിലൂടെ വേണം ആ ബോധമുണ്ടാകാനും അതില്‍ നിലനില്ക്കാനും. ആ തലത്തില്‍ സങ്കടങ്ങള്‍ ഇല്ല.
ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രം പരാശക്തിയുടെ സ്ഫുലിംഗത്തില്‍നിന്നുണ്ടായി പരാശക്തിയുടെ പ്രചോദനത്തോടെ പരിണമിക്കുന്നതായി സങ്കല്പിക്കാം. അപരയിലെ നിലനില്പില്‍ അതു ശരീരങ്ങളില്‍ തങ്ങുന്നത് പരയില്‍ തിരികെ എത്തുവോളമാണ്. ഓരോ ശരീരത്തിനും അതു മുന്നവതാരത്തിലെ വാസനകള്‍ പ്രകടിപ്പിക്കുകയും ആ അവതാരത്തില്‍ നടപ്പെട്ട വിത്തുകള്‍ കിളിര്‍ത്തുണ്ടാകുന്ന കരണപ്രതികരണങ്ങളിലൂടെ പുതിയ വാസനകള്‍ ആര്‍ജിക്കുകയും ചെയ്യുന്നു. ഈ വാസനകള്‍ അലയിളക്കത്തിലെ പ്രത്യേകതകളായി (Modulations) അതില്‍ മുദ്രണം ചെയ്യപ്പെടുന്നു എന്നു കരുതാം. അലയിളകാത്ത പരമശാന്തതയാണ് പരമാത്മസ്വരൂപം. വാസനകള്‍ പൂര്‍ണമായും ഒടുങ്ങിയാലേ ഈ അവസ്ഥയുമായി താദാത്മ്യം സാധിക്കൂ. വാസനകളില്ലായ്മയില്‍നിന്ന് വാസനകളിലൂടെ പോയി തിരികെ വാസനയില്ലായ്മയിലേക്കാണ് 'ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടത് വീണ്ടും ഒന്നാകുന്ന' ചാക്രികത.

(തുടരും)



MathrubhumiMatrimonial