
ഗീതാദര്‍ശനം - 256
Posted on: 07 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാര്‍ഥ
നിത്യയുക്തസ്യ യോഗിനഃ
അല്ലയോ അര്‍ജുനാ, ആര്‍ അന്യചിന്ത കൂടാതെ എന്നുമെപ്പോഴും എന്നെ ഓര്‍ക്കുന്നുവോ എന്നോടു സ്ഥിരമായി ചേര്‍ന്നിരിക്കുന്ന ആ സാധകന് എന്നെ അനായാസം കണ്ടുകിട്ടുന്നു.
ഇതുവരെ പറഞ്ഞതൊക്കെ ആറ്റിക്കുറുക്കി ഈ പദ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ('എന്തിന് ഏറെ പറയുന്നു!' എന്നൊരു ചിരി ഇതില്‍ ഒളിഞ്ഞുകിടപ്പുമുണ്ട്.) നിരുപാധികമായ പ്രേമമാണ്, അതു മാത്രമാണ്, മാര്‍ഗം. അത്, എവിടെയും എന്തു ചെയ്യുമ്പോഴും പ്രദോഷവും ആണ്ടറുതിയും മുഹൂര്‍ത്തവും കണക്കാക്കി പ്രേമിച്ചാല്‍ പോരേ ഈശ്വരനെ? പോരാ, നിത്യേന വേണം. അങ്ങനെ ഏകഭാവത്തോടെ പരമാത്മാവിനോടു സദാ ചേര്‍ന്നിരിക്കുന്നവര്‍ക്കു മോചനം സുലഭമാണ്. (ഇതേ കാര്യം വീണ്ടും - 11, 54 - പറയുന്നുമുണ്ട്. 'ഭക്ത്യാ ത്വനന്യയാ...).
'അഭേദം' എന്ന അവസ്ഥയാണ് ഭക്തിയുടെ പാരമ്യം. ഭക്തനും ഭക്തിവിഷയവും ഒന്നായിത്തീരുന്നു. അപ്പോഴേ ഭക്തിവിഷയത്തിന്റെ ഗുണവിശേഷങ്ങളെല്ലാം ഭക്തനില്‍ സന്നിഹിതമാകയുള്ളൂ. നിത്യയുക്തനു പരമാത്മാവ് അന്യമേയല്ല. ധ്യാനത്തില്‍ ഈ അഭേദസങ്കല്പം ഉണ്ടായിരിക്കണം.
അതിരിക്കട്ടെ, ആത്മാനുഭൂതിയുടെ പ്രയോജനമെന്താണ്?
(തുടരും)





