githadharsanam

ഗീതാദര്‍ശനം - 254

Posted on: 04 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം


യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ
വേദങ്ങളെ (വേണ്ടവിധം) അറിഞ്ഞവര്‍ യാതൊന്നിനെയാണോ നാശരഹിതം എന്നു പറയുന്നത്, വിഷയാഭിലാഷം കൈവെടിഞ്ഞ യോഗികള്‍ ഏതിലാണോ പ്രവേശിക്കുന്നത്, എന്തിനെ ഇച്ഛിച്ചാണോ ബ്രഹ്മചര്യം ആചരിക്കുന്നത് ആ പദത്തെ നിനക്ക് ഞാന്‍ ചുരുക്കി പറഞ്ഞുതരാം.

മൂന്നു കൂട്ടരെപ്പറ്റിയാണ് പരാമര്‍ശം. വേദങ്ങളെ ശരിയായി അറിഞ്ഞവര്‍ ഒരു സംഗതിയെ മാത്രമേ നാശരഹിതം എന്നു പറയാറുള്ളൂ. (അങ്ങനെയുള്ളവര്‍ സ്വര്‍ഗപ്രാപ്തിയുടെ സുഖത്തെയോ ദേവതാപ്രീതിയെയോ നാശരഹിതം എന്നു വിശേഷിപ്പിക്കില്ല.) അറിവിന്റെ തികവിലൂടെ അങ്ങെത്തിച്ചേര്‍ന്ന ഇങ്ങനെയുള്ളവര്‍ ഗുരുസ്ഥാനീയരാണ്. അവരുടെ അഭിപ്രായം തീര്‍ത്തും വിശ്വസനീയമാണ്. അതിനാല്‍ അവരെ മുന്‍പന്തിയില്‍ അവതരിപ്പിക്കുന്നു.
മനസ്സിനെ മമതയുടെയും ആഗ്രഹങ്ങളുടെയും കെട്ടുപാടുകളില്‍നിന്ന് വേര്‍പെടുത്തി ആത്മസ്വരൂപത്തില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ് യതികള്‍. അവര്‍ എത്തിച്ചേരുന്നതും നാശരഹിതമായ അതിലാണ്. യതി മാര്‍ഗമധ്യേ ആയതിനാല്‍ യതിയുടെ ലക്ഷ്യമായിരിക്കുന്നതിനെ രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നു.

ബ്രഹ്മചര്യകാലം പഴയ സമ്പ്രദായമനുസരിച്ച് വിദ്യാഭ്യാസ കാലമാണ്. ആ വിദ്യാഭ്യാസം അധ്യാത്മവിദ്യാഭ്യാസവുമായിരുന്നു. ആ വിദ്യ പഠിക്കാന്‍ ചിട്ടപ്പെടുത്തിയ ജീവിതക്രമവും
ചിന്താസരണിയും ശീലിക്കുന്ന ആളാണ്
ബ്രഹ്മചാരി.
നാശമില്ലാത്തതെന്തോ അതിനെ ഉദ്ദേശിച്ചാണ് ഈ ചര്യയും.
എത്തിയവര്‍, എത്താറായവര്‍, എത്താനിച്ഛിക്കുന്നവര്‍ എന്ന മൂവരെയും ക്രമത്തില്‍ നിര്‍ത്തി മൂവരുടെയും പൊതുലക്ഷ്യം ചൂണ്ടിക്കാണിക്കുന്നു. (ഈ മൂവരിലാരും ലോകത്തെ ഉപേക്ഷിച്ചവരോ നിഷ്‌ക്രിയരോ അല്ല എന്ന കാര്യം ശ്രദ്ധേയമാണ്. ക്രിയാത്മകമായ നിസ്സംഗതയാണ് ഗീത ഉപദേശിക്കുന്നത്. വിവേകം വളരുമ്പോള്‍ വിഷയകാമനകള്‍ താനേ നീങ്ങും-മൊട്ട് പൂവായി വിരിയുമ്പോലെ, കായ് പിടിക്കാറായാല്‍ ആ മനോഹരമായ പൂവ് കൊഴിയുമ്പോലെ. അല്ലാതെ, സര്‍ജറി നടത്തിയോ തല്ലിക്കൊഴിച്ചോ സംഭവിപ്പിക്കേണ്ടതില്ല. ആരോഗ്യകരമായ വിരക്തി നേടിയവരാണ്, ദുഃഖകരമായ ആത്മപീഡ നടത്തുന്നവരല്ല വീതരാഗന്മാര്‍. കര്‍മാനുഷ്ഠാനത്തിലൂടെ അനുഭവപാഠമായാണ് അവര്‍ രാഗങ്ങളുമായുള്ള വേഴ്ചയില്‍ വിവേകം കൈവരിക്കുന്നത്. അതു കൈവരിച്ചുകഴിഞ്ഞാലും അവര്‍, അതു നിലനിര്‍ത്താനായി കര്‍മം ചെയ്തുകൊണ്ടേ ഇരിക്കുന്നു.)
ലക്ഷ്യം ചൂണ്ടിക്കാണിച്ചതില്‍പ്പിന്നെ വഴി പരിചയപ്പെടുത്തുന്നു.

(തുടരും)



MathrubhumiMatrimonial