പരിസ്ഥിതി ദിനം-ഭൂമിക്കുവേണ്ടിയുള്ള ദൃഢപ്രതിജ്ഞ

Posted on: 04 Jun 2009


പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, പൊതുസമൂഹത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഇത്തരം പ്രശ്‌നങ്ങളുടെ പ്രാധാന്യം എത്തിക്കുക. ഈ ലക്ഷ്യത്തോടെയാണ് 1972-ല്‍ യു.എന്‍.പൊതുസഭ ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന യു.എന്‍. പരിസ്ഥിതി സമ്മേളനത്തോടനത്തോട് അനുബന്ധിച്ചായിരുന്നു ആ തീരുമാനം. അതേവര്‍ഷം തന്നെ രൂപംനല്‍കിയ 'യു.എന്‍.പരിസ്ഥിതി പ്രോഗ്രാ'(UNEP)മിന്റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

'ഒരേയൊരു ഭൂമി' എന്ന പ്രമേയവുമായി ആദ്യ പരിസ്ഥിതിദിനം 1974-ല്‍ ആചരിക്കപ്പെട്ടു. ഭൂമിയുടെ ആരോഗ്യവും മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ് ഓരോ വര്‍ഷവും പ്രമേയമായി യു.എന്‍.ഇ.പി. പ്രഖ്യാപിക്കാറുള്ളത്. ജലദൗര്‍ലഭ്യവും നഗരവത്ക്കരണവും ഹരിതവത്ക്കരണവും ഓസോണ്‍ശോഷണവും മരുഭൂവത്ക്കരണവുമെല്ലാം പരിസ്ഥിതിദിന സന്ദേശങ്ങളായിട്ടുണ്ട്.

എന്നാല്‍, ഏറ്റവും കൂടുതല്‍ തവണ പ്രമേയമായിട്ടുള്ളത് ആഗോളതാപനവും കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. 1989, 1991, 2007, 2008 വര്‍ഷങ്ങളില്‍ ആഗോളതാപനമായിരുന്നു വിഷയം. ഈ വര്‍ഷത്തെ പ്രമേയവും ഭൂമി ചൂടുപിടിക്കുന്നതിനെതിരെയാണ്-'നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം-കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ അണിചേരൂ' എന്നതാണ് 2009-ലെ പരിസ്ഥിതിദിന പ്രമേയം.

ആഗോളതാപനത്തിനെതിരെ 1997-ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ രൂപംനല്‍കിയ സുപ്രധാനമായ ക്യോട്ടോഉടമ്പടിയുടെ കാലാവധി 2012-ല്‍ തീരുകയാണ്. ക്യോട്ടോഉടമ്പടിക്ക് തുടര്‍ച്ചയായി പുതിയ ഉടമ്പടിക്ക് രൂപംനല്‍കാന്‍ കോപ്പന്‍ഹേഗനില്‍ ലോകനേതാക്കള്‍ ഈ വര്‍ഷം സമ്മേളിക്കുകയാണ്. ഡിസംബര്‍ 7 മുതല്‍ 18 വരെയാണ് സമ്മേളനം. ഈ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം സ്വീകരിച്ചിട്ടുള്ളത്.

പരിസ്ഥിതി ദിനാചരണം ലോകമെമ്പാടും നടക്കുമെങ്കിലും, ഓരോ വര്‍ഷവും ഏതെങ്കിലുമൊരു നഗരത്തെ ആതിഥേയ നഗരമായി തിരഞ്ഞെടുക്കാറുണ്ട്. 2009-ല്‍ ഇത് മെക്‌സിക്കോ സിറ്റിയാണ്. 2008-ലെ ആതിഥേയ നഗരം ന്യൂസിലന്‍ഡിലെ വെല്ലിങ്ടണ്‍ ആയിരുന്നു.
-ജെ.എ.





MathrubhumiMatrimonial