githadharsanam

ഗീതാദര്‍ശനം - 252

Posted on: 02 Jun 2009

സി. രാധാകൃഷ്ണന്‍



അക്ഷരബ്രഹ്മയോഗം



കവിം പുരാണമനുശാസിതാരം
അണോരണീയാംസമനുസ്മരേദ്യഃ
സര്‍വസ്യ ധാതാരമചിന്ത്യരൂപം
ആദിത്യവര്‍ണം തമസഃപരസ്താത്

കവിയും (സര്‍വജ്ഞനും) പുരാണനും (കാലാതീതനും) അനുശാസിതാവും (ലോകനിയന്താവും) അണുവേക്കാള്‍ സൂക്ഷ്മവും എല്ലാറ്റിന്റെയും അടിത്തറയും അചിന്ത്യരൂപവും സൂര്യതുല്യം ജ്യോതിര്‍മയവും ഇരുട്ടിന് അതീതവുമായ (പരംപൊരുളിനെ) ആരാണോ നിരന്തരമായി ധ്യാനിക്കുന്നത്...
അധ്യാത്മവിദ്യയുടെ അനന്തസാധ്യതയും അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴുള്ള മുഖ്യ പ്രയാസവും ഒരുമിച്ച് വെളിപ്പെടുകയാണിവിടെ. പരമാത്മാവിനെപ്പറ്റി വാക്കുകൊണ്ടോ ചിത്രംകൊണ്ടോ രസഗന്ധസ്​പര്‍ശങ്ങളിലൂടെയോ ബോധിപ്പിക്കാന്‍ കഴിയില്ല എന്നതാണ് ആ പ്രയാസം. അതുമായുള്ള സംസ്​പര്‍ശം അനുഭവൈകവേദ്യമാണ്. അതേസമയം അതിലേക്ക് വഴികാണിക്കാന്‍ അതേപ്പറ്റി ആകാവുന്നത്രയും പറയുന്നു.

നമ്മുടെ ഉള്ളിലുദിക്കുന്ന ചിന്തകളെ പ്രകാശിപ്പിക്കുന്നത് ആത്മചൈതന്യമാണ്. എല്ലാവരുടെയും ഉള്ളിലെ ആത്മചൈതന്യം ഒന്നുതന്നെ എന്നിരിക്കെ അത് എല്ലാവരുടെയും എല്ലാ ചിന്തകളും അറിയുന്നു. അതിനാല്‍ അത് കവി അഥവാ സര്‍വജ്ഞനാണ്. കാണപ്പെട്ട ജഗത്ത് മുച്ചൂടും നശിച്ചാലും ആത്മാവിന് നാശമില്ല. അതിനാല്‍ കാലാതീതന്‍ അഥവാ പുരാണനാണത്. ഇന്ദ്രിയമനോബുദ്ധികള്‍ക്കും അവയുടെ ചെയ്തികള്‍ക്കും അടിസ്ഥാനം ആത്മാവായതുകൊണ്ട് അത് സര്‍വനിയന്താവാണ്. വിഭജിച്ച് സൂക്ഷ്മഭാവം കണ്ടുപിടിക്കാനാവാത്തതാണ് പരമാത്മാവ്. അണുവിനേക്കാള്‍ അണീയമാണ്. എത്ര വിഭജിച്ചാലും അതിന്റെ ഏറ്റവും ചെറിയ ഘടകത്തെ കണ്ടുകിട്ടുകയില്ല. എന്നുവെച്ചാല്‍ അതിനേക്കാള്‍ ചെറുത് അതില്‍ അപ്പോഴും സാധ്യമായിരിക്കും. അതിനാല്‍ അതിന്റെ അടിസ്ഥാനഘടന അറിയാനാവില്ല.

(തുടരും)



MathrubhumiMatrimonial