
കൊല്ലത്തും ആലപ്പുഴയിലും ആയിരങ്ങളുടെ പ്രണാമം
Posted on: 02 Jun 2009
കൊല്ലം: വികാര നിര്‍ഭരമായിരുന്നു കൊല്ലത്തെ വിടവാങ്ങല്‍. അടുത്ത കാലത്തൊന്നും ഇത്രയേറെ ജനം പങ്കെടുത്ത ഒരു അന്തിമോപചാര ചടങ്ങിന് പഴയ വേണാടിന്റെ ആസ്ഥാനം സാക്ഷ്യം വഹിച്ചിട്ടില്ല. കൈക്കുള്ളിലും ഹൃദയത്തിനുള്ളിലും പൂജാപുഷ്പങ്ങളുമായി കൊല്ലം ജനത വിശ്വ സാഹിത്യകാരിക്ക് വിട നല്‍കി.ടി.എം. വര്‍ഗീസ് സ്മാരക ടൗണ്‍ഹാളില്‍ ആയിരുന്നു കമല സുരയ്യയെ അവസാനമായി കാണാന്‍ വേദി ഒരുക്കിയിരുന്നത്. 5.45 ന് വിലാപയാത്ര എത്തുന്നതിനും മുമ്പുതന്നെ മാധവിക്കുട്ടിയുടെ ആരാധകരെക്കൊണ്ട് അവിടം നിറഞ്ഞു കവിഞ്ഞിരുന്നു.വിവാഹത്തിന് കൈയില്‍ കിടന്ന വള ഊരി സമ്മാനിച്ച 'അമ്മ'യെ കാണാന്‍ പത്ര പ്രവര്‍ത്തകയായ ഷീല സന്തോഷും എത്തിയിരുന്നു.
ആലപ്പുഴ: കഥയും കവിതയൊന്നുമില്ലാത്ത ലോകത്തേക്ക് യാത്രയായ വിശ്വ സാഹിത്യകാരിക്ക് ആലപ്പുഴയുടെ പ്രണാമം. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത ഗ്രാമീണ ഭാഷയില്‍ പറഞ്ഞുതന്ന പ്രിയപ്പെട്ട കഥാകാരിയെ അവസാനമായി കാണാന്‍ ആയിരങ്ങളെത്തി. പ്രകൃതിയേയും ജീവിതത്തേയും പ്രണയിച്ച കമല സുരയ്യക്ക് ആലപ്പുഴ കണ്ണീരോടെയാണ് വിടചൊല്ലിയത്.
കളക്ടറേറ്റ് അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയത്. ഉച്ചകഴിഞ്ഞ് 3.20-ഓടെ എത്തിയ വിശ്വ സാഹിത്യകാരിയുടെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാന്‍ ജനം തിക്കിത്തിരക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് അവസാനമായി അശ്രുപൂജ അര്‍പ്പിക്കാന്‍ ജനാവലിയെത്തിയത്.
പോലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.




