
ഗീതാദര്‍ശനം - 251
Posted on: 02 Jun 2009
സി. രാധാകൃഷ്ണന്‍
അക്ഷരബ്രഹ്മയോഗം
അഭ്യാസയോഗയുക്തേന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാര്‍ഥാനുചിന്തയന്‍
ഹേ പാര്‍ഥാ, നിരന്തരപരിശീലനഫലമായി ഏകാഗ്രവും അന്യവിഷയങ്ങളിലേക്ക് പോകാത്തതുമായ മനസ്സുകൊണ്ട് തുടരെത്തുടരെ ധ്യാനിച്ച് പ്രകാശരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു.
തളരാത്ത പരിശ്രമംകൊണ്ട് എന്തും ശീലിക്കാന്‍ മനുഷ്യന് കഴിവുണ്ട്. കാലിന് സ്വാധീനമില്ലാത്തവര്‍പോലും എവറസ്റ്റ് കീഴടക്കിയ ചരിത്രമുണ്ടല്ലോ. നിത്യത്തൊഴില്‍ ആനയെ എടുക്കും! പക്ഷേ, നിത്യവും വേണം പരിശീലനം. അത് ഏകാഗ്രമായിരിക്കണം.
ഏത് ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചു, എന്ത് വണ്ടിയാണ് ഓടിക്കുന്നത്, ഏതു നാട്ടിലെ ഏത് നിയമമനുസരിച്ചാണ് വേണ്ടത് എന്നതൊന്നുമല്ല കാര്യം. ഡ്രൈവിങ് എന്ന വിദ്യ വശമാകുകയും എത്തേണ്ടതെവിടെയെന്ന് മറക്കാതിരിക്കയുമാണ്. ഇതിനാലാണ്, നാരായണഗുരുദേവന്‍ പറഞ്ഞത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന്. ഏത് കാലാവസ്ഥയിലും പരിതഃസ്ഥിതിയിലും എവിടെയും വണ്ടി ലക്ഷ്യത്തിലേക്ക് നന്നായി ഓടണം. ആ സവാരി സുഖകരമായിരിക്കയും വേണം.
ലക്ഷ്യത്തിലെത്താനുള്ള ഉപായം ആ ലക്ഷ്യത്തെക്കുറിച്ചുള്ള അനുചിന്തനമാണ്. തുടരെത്തുടരെയുള്ള ചിന്തനമാണ് അനുചിന്തനം. പല കാരണങ്ങളാലും ചിന്ത അതില്‍നിന്ന് തെന്നിയേക്കാം. അപ്പോഴൊക്കെ ചിന്തയെ വീണ്ടും വീണ്ടും അതിലേക്ക് കൊണ്ടുവരണം. അത് പ്രയാസമുള്ളതല്ല. എന്തുകൊണ്ടെന്നാല്‍ കുഞ്ഞിന് അമ്മയെപ്പോലെയാണ് മനുഷ്യന് പരമാത്മാവബോധം. ഏത് കളിയില്‍ മുഴുകുമ്പോഴും കുഞ്ഞ് അമ്മയെ കൂടെക്കൂടെ ഓര്‍ക്കുമല്ലോ. സ്വാഭാവികമായി സാധിക്കുന്നതാണ് ആ ഓര്‍മ.
ആ ലക്ഷ്യം ഏറ്റവും ശ്രേഷ്ഠവും പ്രകാശമാനവുമാണ് എന്നുമാത്രം പറഞ്ഞാല്‍ പോരല്ലോ. ധ്യാനിക്കുന്നവര്‍ക്ക് കുറച്ചുകൂടി വ്യക്തമായ ഒരു ധാരണ കിട്ടണ്ടേ? ഒരുപാട് ഉയരമുണ്ട്, വെളുത്തിട്ടാണ് എന്ന വിവരണം മതിയാകുമോ ആരെയെങ്കിലും തിരിച്ചറിയാന്‍? അതിനാല്‍, കുറച്ചുകൂടി 'ക്ലൂ' തരുന്നു.
(തുടരും)





